കൊച്ചി: ഒരുവശത്ത് കൊവിഡ് ഭീതി. മറുവശത്ത് സാമ്പത്തിക പ്രതിസന്ധി. വി ബിൽഡ് യുവർ കരിയർ എന്ന ആപ്തവാക്യം നെഞ്ചേറ്രിയ കേരള ഫുട്ബാൾ അസോസിയേഷന് (കെ.എഫ്.എ) ഇക്കുറിയും ലീഗ് ഉപേക്ഷിക്കുക എന്നതു ചിന്തിക്കാൻ പോലുമായിരുന്നില്ല. നീണ്ട നാളത്തെ പരിശ്രമത്തിനൊടുവിൽ സ്പോൺസറെ സംഘടിപ്പിച്ച് ലീഗിന് ഒരുങ്ങുമ്പോൾ കാറ്റഴിച്ചുവിട്ട പന്തുപോലെ കൊവിഡ് ഗ്രാഫ് പതിയെ താഴേക്ക്. രണ്ടുവിധത്തിലും ആശ്വാസം. ഏഴാം കേരള പ്രീമിയർ ലീഗ് മാർച്ച് 12ന് ആരംഭിച്ച് ഏപ്രിൽ 21 കൊടിയിറങ്ങിയപ്പോൾ കെ.എഫ്.എ സ്വന്തമാക്കിയത് രണ്ടു കാര്യങ്ങളാണ്. ഒന്ന് അടിമുടി പ്രൊഫഷണലിസം. മറ്രൊന്ന് കേരള ഫുട്ബാളിന് സമ്മാനിച്ച പുതുമുഖവും. ഒന്നര മാസം നീണ്ടു നിന്ന കെ.പി.എല്ലിനെ അടുത്തറിയാം.
മാറിയ മലപ്പുറവും
മാറിയ ആശങ്കയും
ഫുട്ബാളിനെ നെഞ്ചേറ്രുന്നവരുടെ ഈറ്റില്ലം.മലപ്പുറം. മലപ്പുറത്തെ മഞ്ചേരിയിലായിരുന്നു കൊച്ചിക്ക് പുറമേ കെ.എഫ്.എ രണ്ടാം വേദി ഒരുക്കാൻ തീരുമാനിച്ചിരുന്നത്. എന്നാൽ മഞ്ചേരിയിലെ ക്ലബുകൾ എതിർപ്പ് അറിയിച്ചതോടെ വേദിക്കാര്യം തൃശങ്കുവിലായി. ഒടുവിൽ തൃശൂർ കോർപ്പറേഷൻ സ്റ്റേഡിയം രണ്ടാം വേദിയാക്കുകയായിരുന്നു. എന്നാൽ കെ.എഫ്.എയുടെ ഉള്ളിന്റെ ഉള്ളിൽ ആദിയായിരുന്നു. കാണികൾ കുറയുമോ എന്നതായിരുന്നു കാരണം. കിക്കോഫ് വരെ ഉണ്ടായിരുന്നുള്ളൂ ഈ ആദി. എറണാകുളം മഹരാജാസ് കോളേജ് ഗ്രൗണ്ടും തൃശൂർ കോർപ്പറേഷൻ സ്റ്റേഡിയവും ഫുട്ബാൾ പ്രേമികളാൽ നിറഞ്ഞു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കാണികൾ സഹകരിച്ചപ്പോൾ മത്സരങ്ങൾക്കെല്ലാം വാനോളം ആവേശം. കൊവിഡ് വ്യാപനം പരിഗണിച്ച് ലൈവ് ടെലിക്കാസ്റ്റിംഗും ഒരുക്കിയതും പുത്തൻ അനുഭവമായി. കെ.എസ്.ഇ.ബിയും ഗോകുലവും പോരടിച്ച ഫൈനൽ ഫേസ്ബുക്കിലൂടെയും സ്പോർട്സ്‌കാസ്റ്രിലൂടെയും കണ്ടത് പതിനൊന്ന് ലക്ഷത്തിലധികം പേരാണ്. ശരാശരി 30000ലധികം ആളുകൾ ഓൺലൈനിലൂടെ മത്സരങ്ങൾ ആസ്വദിച്ചു.
വീഴാതെ ഗോകുലം
നാല് ഫൈനൽ. രണ്ട് വട്ടം കിരീടം.കെ.പി.എല്ലിന്റെ വെള്ളിക്കിരീടം നെഞ്ചോടു ചേർത്ത ഗോകുലം കേരള എഫ്.സി മറ്രൊന്നുകൂടി സ്വന്തമാക്കിയിട്ടുണ്ട്. ഫുട്ബാൾ പ്രേമികളുടെ നെഞ്ചിലൊരു ഇടം. അത്ര മനോഹരമായിരുന്നു ലീഗിൽ ഗോകുലത്തിന്റെ കുട്ടിപ്പാട്ടളത്തിന്റെ പടയോട്ടം.സാറ്റ് തിരൂരിനെ വീഴ്ത്തിയായിരുന്നു തുടക്കം.തൃശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന ആദ്യ മത്സരത്തിൽ എതിരില്ലാതെ മൂന്ന് ഗോളിനു സാറ്രിനെ തറപറ്റിച്ചു. ആധികാരിക വിജയം. രണ്ടാം കിരീടം ഉറപ്പിക്കും വിധം ഒരുങ്ങിയെത്തിയെന്ന് ഫുട്ബാൾ പ്രേമികൾ വിധി എഴുതി. രണ്ടാം മത്സര ഫലം ഇതു ഉറപ്പിക്കുന്നതായിരുന്നു. രണ്ടിനെതിരെ അഞ്ച് എണ്ണം പറഞ്ഞ ഗോളുടെ മിന്നും ജയം. മുട്ടുമടക്കിയത് എഫ്.സി കേരള. ഗോകുലത്തിന്റെ തേരോട്ടത്തിൽ കേരള പൊലീസും ചൂടറിഞ്ഞു. മൂന്നാം അങ്കത്തിൽ ഒന്നിനെതിരെ നാല് ഗോളിന്റെ ജയം. ഗ്രൂപ്പ് പോരിൽ ലൂക സോക്കറിന് മുന്നിൽ മാത്രം ഒന്നു പതറി. വമ്പന്മാരെ നാലും അഞ്ചും ഗോളുകൾക്ക് വീഴ്ത്തിയ മുന്നേറിയ മുൻ ചാമ്പ്യന്മാരെ കളിയുടെ അവസാനം വരെ ലൂക്ക പൂട്ടിക്കെട്ടി. 86ാം മിനിറ്റിൽ നിംഷാദ് റോഷൻ ഗോകുലത്തിന്റെ ഹീറോയായി.ജയത്തോടെ സെമയിൽ. ഷൂട്ടൗട്ടിൽ കേരള യുണൈറ്റഡിനെ വീഴ്ത്തി നാലാം കെ.പി.എൽ ഫൈനൽ ഉറപ്പിച്ചു. പെനാൽറ്റി ഷൂട്ടൗട്ടിൽ കേരള യുണൈറ്റഡിന്റെ രണ്ടു താരങ്ങളുടെ കിക്ക് പുറത്തായി. നാലു താരങ്ങൾ ലക്ഷ്യം കണ്ടതോടെ 4-2ന് വിജയഗോകുലമായി. കിരീടമുയർത്താൻ ഗോകുലവും തിരിച്ചുവരവിലൂടെ ചാമ്പ്യന്മാരായി മടങ്ങാൻ കെ.എസ്.ഇ.ബിയും കച്ചകെട്ടി ഇറിയതോടെ മഹാരാജാസ് ഗ്രൗണ്ട് സാക്ഷിയായത് തീപാറും ഫൈനൽ. രണ്ടാം പകുതിയിൽ ഗോൾ വഴങ്ങിയെങ്കിലും ഗോകുലം തിരിച്ചടിച്ച് കപ്പെടുക്കുകയായിരുന്നു.
മിന്നും താരം സാലിയോ
ഗോകുലത്തിന്റെ കുന്തമുന. മാലി സ്വദേശി സാലിയോ. ലീഗിലെ ഗോൾവേട്ടക്കാരൻ. എട്ട് എണ്ണം പറഞ്ഞ ഗോളുകളാണ് സാലിയോയുടെ കാലുകളിൽ നിന്ന് ഏഴാം കേരള പ്രീമിയർ ലീഗിൽ പിറന്നത്. ആദ്യ മത്സരത്തിൽ തന്നെ വേട്ട തുടങ്ങിയ അവസാനം വരെ അതു തുടർന്നു സാലിയോ. എഫ്.സി കേരളയ്ക്ക് എതിരായ മത്സരത്തിൽ നാല് ഗോകളാണ് ഈ മാലിക്കാരൻ ഗോകുലത്തിന് സമ്മാനിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |