പത്തനംതിട്ട : കൊവിഡ് രണ്ടാം തരംഗം ജില്ലയിൽ പിടിമുറുക്കുന്നു. ദിവസവും കൊവിഡ് രോഗികൾ വർദ്ധിക്കുകയാണ്. കൂടുതൽ പേരും വീട്ടിൽ ചികിത്സയിൽ ഇരിക്കാനാണ് ആരോഗ്യ വകുപ്പ് നിർദ്ദേശിക്കുന്നത്. മറ്റ് രോഗ ബാധിതരായവർ, പ്രായമുള്ളവർ, വീട്ടിൽ സൗകര്യം ഇല്ലാത്തവർ എന്നിവരെ മാത്രമാണ് ആശുപത്രികളിലേക്കും ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്ററിലേക്കും മാറ്റുന്നത്. രോഗ ലക്ഷണം തോന്നുമ്പോൾ തന്നെ പരിശോധനയ്ക്ക് വിധേയമാകണമെന്ന് ആരോഗ്യ വകുപ്പിന്റെ നിർദേശം ഉണ്ട്.
1500 കിടക്കകൾ സജ്ജം
വർദ്ധിച്ച് വരുന്ന കൊവിഡ് രോഗികൾക്കായി 1500 ബെഡുകൾ ജില്ലയിൽ ഇതുവരെ ക്രമീകരിച്ചിട്ടുണ്ട്. സി.എഫ്.എൽ.ടി.സികളിൽ അഞ്ഞൂറ് ബെഡുകളുണ്ട്. കോഴഞ്ചേരിയിൽ 27 ഐ.സി.യു യൂണിറ്രുകളും പത്തനംതിട്ട ജനറൽ ആശുപത്രിയിൽ മുപ്പതെണ്ണം ആക്കാനുള്ള ശ്രമവും നടക്കുകയാണ്. നിലവിൽ എട്ട് യൂണിറ്റ് ആണ് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഉള്ളത്.
ഒാക്സിജൻ ക്ഷാമമില്ല
ജില്ലയിൽ ഓക്സിജൻ ക്ഷാമം നിലവിൽ ഇല്ല. കോഴഞ്ചേരിയിൽ 120 ഓക്സിജൻ സിലിണ്ടറുകളും പത്തനംതിട്ട ജനറൽ ആശുപത്രിയിൽ 140 ഓക്സിജൻ സിലിണ്ടറുകളും ഉണ്ട്. ഇവ കൃത്യസമയത്ത് നിറച്ച് കിട്ടുന്നുമുണ്ടെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നു. ഫസ്റ്റ്ലൈൻ കൊവിഡ് സെന്ററുകളിൽ പന്തളം അർച്ചന, മുസലിയാർ കോളേജ് , റാന്നി മേനാംതോട്ടം എന്നിവിടങ്ങളിലും ഓക്സിജൻ സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. ശബരിമലയിലടക്കം ഉപയോഗിച്ചിരുന്ന ഓക്സിജൻ സിലണ്ടറുകൾ ശേഖരിച്ച് നിറച്ച് സൂക്ഷിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ജില്ലയിൽ ദിവസവും ഇരുന്നൂറ് ഓക്സിജൻ സിലിണ്ടറുകൾ ആവശ്യമായി വരും. രോഗികൾ വർദ്ധിക്കുമ്പോൾ ഓക്സിജന് ക്ഷാമമുണ്ടാകാതിരിക്കാനുള്ള ശ്രമം ആരംഭിച്ചിരിക്കുകയാണ് ആരോഗ്യ വകുപ്പ്.
ഡി.സി.സി ആരംഭിക്കും
ജില്ലയിൽ പഞ്ചായത്തുകളുടെ നേതൃത്വത്തിൽ ഡൊമിനിഷൻ കെയർ സെന്റർ (ഡി.സി.സി) ആരംഭിക്കും. വീട്ടിൽ സൗകര്യമില്ലാത്ത രോഗ ലക്ഷണമുള്ളവരെ അവിടെ താമസിപ്പിക്കും. രോഗബാധിതരായവരെ ഫസ്റ്റ് , സെക്കന്റ് ലൈൻ കൊവിഡ് കെയർ സെന്ററിലേക്ക് മാറ്റും. പന്തളം തെക്കേക്കര പഞ്ചായത്തിൽ ഡി.സി.സി ആരംഭിച്ചിട്ടുണ്ട്. പള്ളിക്കൽ, സീതത്തോട് പഞ്ചായത്തിൽ ഉടൻ ആരംഭിക്കും.
"ജീവനക്കാർ നിലവിൽ ആവശ്യത്തിനുണ്ട്. മറ്റ സൗകര്യങ്ങളും ഉണ്ട്. പ്രധാന നഗരങ്ങളിലും പ്രദേശങ്ങളിലും കൊവിഡ് വർദ്ധിക്കുന്നു. തിരഞ്ഞെടുപ്പും മറ്റ് ആഘോഷങ്ങളുമെല്ലാം കൊവിഡ് വർദ്ധിച്ചതിന് കാരണമായിട്ടുണ്ട്. "
ഡോ. എ.എൽ ഷീജ
ജില്ലാ മെഡിക്കൽ ഓഫീസർ
ലഭ്യമായത് 48,000 വാക്സിൻ
പത്തനംതിട്ട : ജില്ലയിൽ കൊവിഡ് പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി വെള്ളിയാഴ്ച രാവിലെ ജില്ലയ്ക്ക് ലഭിച്ചത് 48,000 വാക്സിൻ. 40,000 കോവിഷീൽഡ് വാക്സിനും 8000 കോവാക്സിനും ആണ് ലഭിച്ചത്. വാക്സിൻ എത്തിയതോടെ 26, 27, 28 തീയതികളിൽ കൊവിഡ് വാക്സിൻ ഓൺലൈൻ രജിസ്‌ട്രേഷൻ നടത്താമെന്ന് ജില്ലാ കളക്ടർ ഡോ.നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി അറിയിച്ചു.
ആദ്യ ഡോസ് വാക്സിൻ എടുക്കാനുള്ളവർക്കും രണ്ടാം ഡോസ് വാക്സിൻ എടുക്കാനുള്ളവർക്കും ഓൺലൈനായി cowin.gov.in എന്ന വെബ് സൈറ്റിലൂടെ രജിസ്റ്റർ ചെയ്യാം. ചെറിയ കേന്ദ്രങ്ങളിലേക്ക് രാവിലെ ഒൻപത് മുതൽ ഉച്ചയ്ക്ക് രണ്ട് വരെയും താലൂക്ക് ആശുപത്രി പോലെയുള്ള വലിയ കേന്ദ്രങ്ങളിലേക്ക് രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ച് വരെയും ഓൺലൈൻ രജിസ്‌ട്രേഷൻ നടത്താം. ജില്ലയിൽ 63 സർക്കാർ സ്ഥാപനങ്ങളാണ് വാക്സിൻ വിതരണത്തിനായി സജ്ജമാക്കിയിരിക്കുന്നത്. വാക്സിൻ കേന്ദ്രങ്ങളിലെ തിരക്ക് നിയന്ത്രിക്കാൻ പൊലീസിന്റെയും വോളന്റിയർമാരുടെയും സേവനം ഉണ്ടാകും. തിരക്ക് നിയന്ത്രണാതീതമായാൽ വാക്സിൻ കേന്ദ്രം അടച്ചിടുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.
1171 പേർക്ക് കൊവിഡ്
പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 1171 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
രോഗം സ്ഥിരീകരിച്ചവരിൽ മൂന്നുപേർ വിദേശത്ത് നിന്ന് വന്നവരും 71 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരും 1097 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതിൽ സമ്പർക്ക പശ്ചാത്തലം വ്യക്തമല്ലാത്ത 21 പേരുണ്ട്.
ജില്ലയിൽ ഇതുവരെ ആകെ 68,754 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 62,287 പേർ സമ്പർക്കം മൂലംരോഗം ബാധിച്ചവരാണ്. ജില്ലയിൽ ഇന്നലെ 279 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 61,848 ആണ്.
മൂന്ന് മരണംകൂടി
ഇന്നലെ ജില്ലയിൽ കൊവിഡ് ബാധിതരായ
മൂന്നു പേരുടെ മരണം റിപ്പോർട്ട് ചെയ്തു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |