ആലപ്പുഴ: കടങ്ങളും വാടക കുടിശികയും അടക്കം വീട്ടി നടുനിവർത്തി വരുന്നതിനിടെ, ഏറെ പ്രതീക്ഷയോടെയാണ് ഇത്തവണത്തെ സ്കൂൾ വർഷത്തെ തയ്യൽ തൊഴിലാളികൾ കണ്ടിരുന്നത്. പക്ഷേ, കഴിഞ്ഞ വർഷമെന്ന പോലെ ഇക്കുറിയും കാര്യങ്ങൾ കൈവിട്ടുപോവുകയാണ്.
സ്കൂൾ യൂണിഫോമുകളുടെ തയ്യൽ നിലച്ചതോടെ ഭൂരിഭാഗം തൊഴിലാളികളുടെയും വരുമാനത്തിൽ വലിയ ഇടിവാണ് സംഭവിച്ചത്. തയ്യൽ മെഷീനിൽ നിന്ന് കാലെടുക്കാൻ കഴിയാത്തത്ര തിരക്കായിരുന്നു മേയ്- ജൂൺ മാസങ്ങളിൽ ഓരോ തയ്യൽ തൊഴിലാളിക്കുമുണ്ടായിരുന്നത്. പക്ഷേ കൊവിഡ് വീണ്ടും വില്ലനായതോടെ തുരുമ്പ് പിടിക്കാതിരിക്കാൻ മെഷീനിൽ എണ്ണയിടുകയാണ് ഓരോരുത്തരും.
വ്യക്തികൾക്കു പുറമേ സ്കൂളുകളും വസ്ത്രശാലകളും നൽകുന്ന ഓർഡറുകൾ രാപ്പകൽ വ്യത്യാസമില്ലാതെ തുന്നിയാണ് പൂർത്തിയാക്കിയിരുന്നത്. ഇക്കുറി വൈകി സ്കൂൾ സീസൺ ആരംഭിച്ചാലും സാമ്പത്തിക ഞെരുക്കത്തിനിടെ കാര്യമായ ഓർഡറുകൾ ലഭിക്കുമെന്ന പ്രതീക്ഷയില്ല. എല്ലാ വർഷവും ഏറ്റവും കൂടുതൽ ജോലി ലഭിക്കുന്ന സമയമാണ് മേയ്, ജൂൺ, ജൂലായ് കാലയളവ്. സ്കൂൾ തുറപ്പ്, തൊട്ടുപിന്നാലെ പ്ലസ് വൺ പ്രവേശനം, കോളേജ് പ്രവേശനം എന്നിവയെത്തുന്നതിനാൽ പഞ്ഞമറിഞ്ഞിരുന്നില്ല.
വേനലവധി പൊതുവേ കല്യാണ സീസണായതിനാൽ അത്തരം ഓർഡറുകളും ലഭിച്ചിരുന്നു. കല്യാണങ്ങളും ഉത്സവവും ആർഭാടമില്ലാതെ കഴിഞ്ഞുപോകുന്നതിനാൽ വലിയ നഷ്ടമാണ് തയ്യൽ മേഖലയിലുണ്ടായത്. റെഡിമെയ്ഡ് വസ്ത്രങ്ങളോടാണ് കൂടുതൽ ആളുകൾക്കും പ്രിയം.
പണി പോയവരും ഏറെ
ഗ്രാമപ്രദേശങ്ങളിലും നഗരത്തിലെ ഉൾപ്രദേശങ്ങളിലും താരതമ്യേന കുറഞ്ഞ നിരക്കിലാണ് തുണി തയ്ച്ചു നൽകുന്നത്. എന്നാൽ വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്നവർക്ക് പരിധിയിൽ കവിഞ്ഞ് നിരക്ക് കുറച്ചാൽ പിടിച്ചുനിൽക്കാനാവില്ല. ഓർഡറുകൾ കുറഞ്ഞതോടെ ജീവനക്കാരെ പറഞ്ഞുവിട്ട സ്ഥാപനങ്ങളുണ്ട്. മുൻ കാലങ്ങളിൽ സ്കൂൾ തുറപ്പ് സീസണിൽ അധിക ജീവനക്കാരെ നിയോഗിച്ചാണ് പലരും യൂണിഫോമുകൾ സമയത്ത് തയ്ച്ചു നൽകിയിരുന്നത്. ഉൾപ്രദേശങ്ങളിൽ ഒരു ബ്ലൗസ് 60- 70 രൂപ നിരക്കിൽ തയ്ച്ചു നൽകുമ്പോൾ നഗരത്തിലേക്ക് എത്തുമ്പോൾ നിരക്ക് 200 കവിയും.
......................
5.85 ലക്ഷം: തയ്യൽ തൊഴിലാളി ക്ഷേമനിധി അംഗങ്ങൾ
10,000: ജില്ലയിലെ തയ്യൽ തൊഴിലാളികൾ
......................
യൂണിഫോം, കല്യാണ വസ്ത്രങ്ങൾ, ഉത്സവത്തിനുള്ള പുത്തൻ വസ്ത്രങ്ങൾ തുടങ്ങിയ സ്ഥിരം ഓർഡറുകളെല്ലാം ഒരുമിച്ച് നഷ്ടമായി. റെഡിമെയ്ഡ് വസ്ത്രങ്ങൾ തേടിയാണ് ആളുകൾ പോകുന്നത്. ഇതോടെ വാടക നൽകി കട പ്രവർത്തിപ്പിക്കാനുള്ള ശേഷിയില്ലാതായി
രമേശൻ, തയ്യൽ തൊഴിലാളി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |