സുൽത്താൻ ബത്തേരി: കർണാടകയിൽ നിന്ന് കേരളത്തിലേക്ക് പ്രവേശിക്കുന്ന യാത്രക്കാർ കൊവിഡ് ജാഗ്രത പോർട്ടലിൽ പേര് രജിസ്റ്റർ ചെയ്യണമെന്ന നിയമം പാലിക്കാത്തതിനെ ചൊല്ലി അതിർത്തിയിൽ വാക്കേറ്റവും ബഹളവും. കെ.എസ്.ആർ.ടി.സി ബസ്സുകളടക്കമുള്ള വാഹനങ്ങൾ മൂന്ന് മണിക്കൂറോളം കർണാടക അതിർത്തിയിൽ തടഞ്ഞിട്ടു. കേരള, കർണാടക പൊലീസ് ഉദ്യോഗസ്ഥരും ഇരു സംസ്ഥാനത്തെയും തഹസിൽദാർമാരും നടത്തിയ ചർച്ചയിൽ പ്രശ്നം പരിഹരിച്ചതോടെയാണ് വാഹനങ്ങൾ കടത്തിവിട്ടത്.
ഇന്നലെ കാലത്ത് ഏഴരയോടെയായിരുന്നു തർക്കത്തിന്റെ തുടക്കം. കർണാടകയിൽ നിന്ന് സുൽത്താൻ ബത്തേരിക്ക് വരുകയായിരുന്ന കർണാടക ആർ.ടി.സി ബസിലെ യാത്രക്കാരോട് കല്ലൂർ 67- ലെ ഫെസിലിറ്റേഷൻ സെന്ററിലെ ജാഗ്രത പോർട്ടലിൽ പേര് രജിസ്റ്റർ ചെയ്യാൻ പറഞ്ഞതിന് പിറകെ വാക്കേറ്റവും ബഹളവുമായിരുന്നു.
കർണാടകയിൽ നിന്ന് വരുന്ന എല്ലാ വാഹനങ്ങളിലെയും യാത്രക്കാർ കേരളത്തിലേക്ക് കടക്കുന്നതിന് മുമ്പ് പോർട്ടലിൽ പേര് രജിസ്റ്റർ ചെയ്യണമെന്ന് നേരത്തെ അറിയിച്ചിരുന്നതാണ്. പേര് രജിസ്റ്റർ ചെയ്യാതെ വന്ന കർണാടക ബസിലെ യാത്രക്കാരോട് ഫെസിലിറ്റേഷൻ സെന്ററിലെ ജീവനക്കാർ പേര് രജിസ്റ്റർചെയ്യാൻ നിർദ്ദേശിച്ചു. യാത്രക്കാരിൽ പലരും രജിസ്റ്റർ ചെയ്യാൻ തയ്യാറായി. നാല് പേർ പേര് രജിസ്റ്റർ ചെയ്തു.
അതിനിടയ്ക്ക്, ബസിലെ യാത്രക്കാർ അങ്ങിനെ രജിസ്റ്റർ ചെയ്യേണ്ടതില്ലെന്നും, ഇപ്പോൾ അതിനുള്ള സമയമില്ലെന്നും പറഞ്ഞ് കണ്ടക്ടർ ജീവനക്കാരുമായി തർക്കത്തിലായി. രജിസ്റ്റർ ചെയ്യാതെ പോകാൻ കഴിയില്ലെന്ന് അറിയിച്ചതോടെ എഴുപതോളം യാത്രക്കാരുമായി വന്ന ബസ്സ് കർണാടകയിലേക്ക് തിരിച്ചു വിടുകയായിരുന്നു.
കർണാടക അതിർത്തി കടന്ന ഉടൻ ബസ് ജീവനക്കാരെ കേരളത്തിൽ വെച്ച് കയ്യേറ്റം ചെയ്തുവെന്ന് ചിലർ പറഞ്ഞു. അതോടെ, കേരളത്തിൽ നിന്നുള്ള ബസുകൾ അതിർത്തിയിൽ തടഞ്ഞിടാൻ തുടങ്ങി.
പെരിന്തൽമണ്ണയിൽ നിന്നും കോഴിക്കോട് നിന്നും തിരിച്ച രണ്ട് ബംഗളുരു സർവീസും കോഴിക്കോട് നിന്നുള്ള ഒരു മൈസൂർ സർവീസുമാണ് തടഞ്ഞിട്ടത്. കേരളത്തിൽ നിന്നുള്ള സ്വകാര്യ വാഹനങ്ങളും കർണാടക അതിർത്തിയിൽ തടഞ്ഞു.
ഗുണ്ടൽപേട്ട് സർക്കിൾ ഇൻസ്‌പെക്ടർ മഹാദേവൻ, തഹസിൽദാർ വിജയശങ്കർ, സുൽത്താൻ ബത്തേരി തഹസിൽദാർ പി.എസ്.ഉണ്ണികൃഷ്ണൻ, പൊലീസ് സർക്കിൾ ഇൻസ്‌പെക്ടർ സുനിൽ പുളിക്കൽ എന്നിവർ സ്ഥലത്തെത്തി ബസിലെ യാത്രക്കാരോടും ജീവനക്കാരോടും സംസാരിച്ച് പ്രശ്നം രമ്യമായി പരിഹരിക്കുകയാണുണ്ടായത്.
തിങ്കളാഴ്ച മുതൽ നിയമം കർശനം
മുത്തങ്ങ: കൊവിഡ് ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്തശേഷം മാത്രമെ യാത്രക്കാരെ ഇനി കേരളത്തിലേക്ക് പ്രവേശിപ്പിക്കുകയുള്ളു. ഇത് തിങ്കളാഴ്ച മുതൽ കർശമായി നടപ്പിലാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |