മുംബയ്: കൊവിഡ് കേസുകൾ വീണ്ടും കടുത്തതോടെ നടപ്പു സാമ്പത്തിക വർഷത്തെ (2021-22) ഇന്ത്യയുടെ ജി.ഡി.പി വളർച്ചാപ്രതീക്ഷ എസ്.ബി.ഐ റിസർച്ചും വെട്ടിക്കുറച്ചു. നേരത്തേ വിലയിരുത്തിയ 11 ശതമാനത്തിൽ നിന്ന് 10.4 ശതമാനത്തിലേക്കാണ് കുറച്ചത്. കൊവിഡ് ലോക്ക്ഡൗണുകൾ ഇതിനകം തന്നെ ജി.ഡി.പിയുടെ 0.7 ശതമാനം തുടച്ചുനീക്കിയെന്ന് എസ്.ബി.ഐയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്‌ടാവ് സൗമ്യകാന്തി ഘോഷ് തയ്യാറാക്കിയ റിപ്പോർട്ട് ചൂണ്ടിക്കാട്ടി.
വാക്‌സിനേഷന്റെ ചെലവ് ജി.ഡി.പിയുടെ 0.1 ശതമാനത്തിന് താഴെയാണെന്നും റിപ്പോർട്ടിലുണ്ട്. ഇന്ത്യാ റേറ്റിംഗ്‌സ് ആൻഡ് റിസർച്ചും ആദ്യം വിലയിരുത്തിയ 10.4 ശതമാനത്തിൽ നിന്ന് 10.1 ശതമാനത്തിലേക്ക് വളർച്ചാപ്രതീക്ഷ താഴ്‌ത്തിയിട്ടുണ്ട്. ആഭ്യന്തര റേറ്റിംഗ് ഏജൻസിയായ ഇക്ര 10-11 ശതമാനത്തിൽ നിന്ന് 10-10.5 ശതമാനത്തിലേക്കും യു.ബി.എസ് 13.7 ശതമാനത്തിൽ നിന്ന് 12 ശതമാനത്തിലേക്കും ജെ.പി. മോർഗൻ 13 ശതമാനത്തിൽ നിന്ന് 11 ശതമാനത്തിലേക്കും ഇതിനകം വളർച്ചാപ്രതീക്ഷ പുതുക്കിക്കഴിഞ്ഞു.
ജി.ഡി.പിയിൽ മുഖ്യ പങ്ക് വഹിക്കുന്ന മഹാരാഷ്‌ട്ര, മദ്ധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ കൊവിഡ് വ്യാപനം അതിരൂക്ഷമായതാണ് തിരിച്ചടിയാകുന്നത്. മഹാരാഷ്‌ട്ര നിലവിൽ പ്രഖ്യാപിച്ചിട്ടുള്ള നിയന്ത്രണങ്ങൾ മൂലം സംസ്ഥാന ജി.ഡി.പിയിൽ നിന്ന് 81,672 കോടി രൂപ കൊഴിഞ്ഞുപോകുമെന്ന് എസ്.ബി.ഐ റിസർച്ച് ചൂണ്ടിക്കാട്ടുന്നു. മദ്ധ്യപ്രദേശിന് 21,712 കോടി രൂപയുടെയും രാജസ്ഥാന് 17,237 കോടി രൂപയുടെയും നഷ്‌ടമാണ് വിലയിരുത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |