തോപ്പുംപടി: പശ്ചിമകൊച്ചിയിൽ ലോട്ടറിനമ്പർ തിരുത്തി പണംതട്ടൽ പതിവാകുന്നു. കഴിഞ്ഞദിവസം തോപ്പുംപടി, മട്ടാഞ്ചേരി ഭാഗങ്ങളിൽ നിന്നായി 12 ലോട്ടറി വില്പനക്കാരെയാണ് ഒരുവിരുതൻ തട്ടിപ്പ് നടത്തി മുങ്ങിയത്. KR 474732 എന്ന ലോട്ടറി ടിക്കറ്റ് എടുത്ത ഇയാൾ പരിശോധിച്ചപ്പോൾ അവസാന നാലക്ക നമ്പറായ 1732 ന് 2000 രൂപ സമ്മാനമുള്ളത്. ഇയാളെടുത്തിരുന്ന 12 ടിക്കറ്റിലും 4 എന്നത് ചുരണ്ടി ഒന്നാക്കി മാറ്റി പശ്ചിമകൊച്ചിയുടെ വിവിധ പ്രദേശങ്ങളിൽ വില്പന നടത്തുന്നവരിൽ നിന്നായി 2000 രൂപവീതം വാങ്ങി മുങ്ങുകയായിരുന്നു. തട്ടിപ്പിനിരയായ ടിക്കറ്റുകൾ എറണാകുളം ലോട്ടറി ഓഫീസിൽ കൊണ്ടുപോയി സ്കാൻ ചെയ്തപ്പോഴാണ് തട്ടിപ്പുവിവരം അറിയുന്നത്.
തട്ടിപ്പിനിരയായവർക്ക് ഇയാളെ കണ്ടാൽ തിരിച്ചറിയാം. സുരേഷ് ബാബു എന്ന ലോട്ടറി വില്പനക്കാരൻ തോപ്പുംപടി പൊലീസിൽ പരാതി നൽകി. ഇതിന് മുൻപും സമാനമായ രീതിയിൽ തട്ടിപ്പ് നടന്നിട്ടും പൊലീസിന്റെ ഭാഗത്തുനിന്നും യാതൊരു നടപടികളും സ്വീകരിച്ചില്ല.
സാധാരണക്കാരായ ചെറുകിട ലോട്ടറിക്കച്ചവടക്കാരാണ് പലപ്പോഴും തട്ടിപ്പിനിരയാകുന്നവരിൽ ഏറെയും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |