ന്യൂഡൽഹി: സുപ്രീംകോടതി സിറ്റിംഗ് ജഡ്‌ജിയും കേരള ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസുമായ ജസ്റ്റിസ് എം.ശാന്തനഗൗഡർ (62) അന്തരിച്ചു. ശ്വാസകോശത്തിലെ അണുബാധയെ തുടർന്ന് ഡൽഹി ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ നില വഷളാകുകയും ശനിയാഴ്‌ച രാത്രി അന്ത്യം സംഭവിക്കുകയുമായിരുന്നു. വിരമിക്കാൻ രണ്ടു കൊല്ലം ശേഷിക്കെയാണ് അന്ത്യം. അദ്ദേഹത്തിന് കൊവിഡ് ബാധിച്ചിരുന്നോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.
ശബരിമല സ്ത്രീപ്രവേശന കേസിൽ വിശ്വാസം, മതസ്വാതന്ത്ര്യം, മതാചാരങ്ങൾ തുടങ്ങിയ വിഷയങ്ങൾ പരിഗണിക്കാൻ മുൻ ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ രൂപീകരിച്ച ഒൻപതംഗ വിശാല ബെഞ്ചിൽ അംഗമായിരുന്നു അദ്ദേഹം.
കർണാടക സ്വദേശിയായ ജസ്റ്റിസ് ശാന്തനഗൗഡർക്ക് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരിക്കെ 2017 ഫെബ്രുവരി 17നാണ് സുപ്രീംകോടതിയിലേക്ക് സ്ഥാനക്കയറ്റം ലഭിക്കുന്നത്. 1980ൽ അഭിഭാഷകനായി തുടക്കമിട്ട അദ്ദേഹം 2003ൽ കർണാടക ഹൈക്കോടതി അഡിഷണൽ ജഡ്ജിയും 2004ൽ സ്ഥിരം ജഡ്ജിയുമായി. പിന്നീട് കേരള ഹൈക്കോടതിയിലേക്ക് സ്ഥലംമാറി 2016 സെപ്തംബർ 22ന് ചീഫ് ജസ്റ്റിസ് ആയി ചുമതലയേറ്റു.
സിവിൽ, ക്രിമിനൽ നിയമങ്ങളിലും ഭരണഘടനാ കാര്യങ്ങളിലും വിദഗ്ദ്ധനായിരുന്നു. വിധികളിലും പരസ്യ വേദികളിലും ശക്തമായ നിലപാടുകൾ സ്വീകരിച്ചിരുന്നു.
സുപ്രീംകോടതിയിൽ വന്ന ഇൻഡോർ ഭൂമി ഏറ്റെടുക്കൽ കേസിൽ ബെഞ്ചിലെ മറ്റ് ജസ്റ്റിസുമാരായ അരുൺ മിശ്രയുടെയും എ.കെ. ഗോയലിന്റെയും വിധിയോട് വിയോജിച്ച് വിശാല ബെഞ്ചിന് കൈമാറാൻ ജസ്റ്റിസ് ശാന്തനഗൗഡർ വിധിയെഴുതിയിരുന്നു. കേസ് പിന്നീട് വിശാല ബെഞ്ചിന് വിടുകയും ചെയ്‌തു.
വ്യക്തിസ്വാതന്ത്ര്യത്തിന് മുൻഗണന നൽകിയ ന്യായാധിപനായിരുന്നു. അന്വേഷണ ഏജൻസി നിശ്ചിത സമയത്തിനകം അന്വേഷണം പൂർത്തിയാക്കിയില്ലെങ്കിൽ പ്രതിക്ക് ജാമ്യത്തിന് അവകാശമുണ്ടെന്ന അദ്ദേഹത്തിന്റെ വിധിയിലാണ് ഒരു രാജ്യദ്രോഹ കേസിൽ പത്മശ്രീ ജേതാവായ സീനിയർ ജേർണലിസ്റ്റ് വിനോദ് ദുവയുടെ അറസ്റ്റ് ഒഴിവായത്.
കൽപ്പിത സർവകലാശാലകളെ അഴിമതി നിരോധന നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തിയ വിധിയിലും അദ്ദേഹം പങ്കാളിയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |