സുൽത്താൻ ബത്തേരി: കാരക്കണ്ടിയിൽ ആളൊഴിഞ്ഞ വീടിനോടു ചേർന്ന ഷെഡ്ഡിലുണ്ടായ സ്‌ഫോടനത്തിൽ പരിക്കേറ്റ മൂന്ന് വിദ്യാർത്ഥികളിൽ രണ്ടു പേർ മരിച്ചു. ഇന്നലെ രാവിലെ 11 മണിയോടെ കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം.
കോട്ടക്കുന്ന് രമേശ് ക്വാർട്ടേഴ്സിലെ സുന്ദര വേൽമുരുകന്റെ മകൻ മുരളി (16), പാലക്കാട് മാങ്കുറിശ്ശി കുണ്ടുപറമ്പിൽ ലത്തീഫിന്റെ മകൻ അജ്മൽ (14) എന്നിവരാണ് മരിച്ചത്. കാരക്കണ്ടി ചപ്പങ്ങൽ സലീലിന്റെ മകൻ ഫെബിൻ ഫിറോസ് (14) ആണ് ചികിത്സയിലുള്ളത്.
കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു അപകടം. കുട്ടികൾ കളിക്കാൻ ആളൊഴിഞ്ഞ വീട്ടിലെ ഷെഡ്ഡിൽ കയറിയതായിരുന്നു. ഷെഡിൽ കൂട്ടിയിട്ടിരുന്ന കല്ലുകൾക്കിടയിൽ കണ്ട ഒരു തിരി കത്തിച്ചപ്പോൾ പൊട്ടിത്തെറിയുണ്ടായെന്നാണ് കുട്ടികളിലൊരാളുടെ മൊഴി. പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
സ്‌ഫോടനത്തിൽ പൊള്ളലേറ്റ കുട്ടികൾ മൂവരും സമീപത്തെ കുളത്തിലേക്ക് ചാടുകയായിരുന്നു. സ്‌ഫോടന ശബ്ദം കേട്ട് ഓടിയെത്തിയ സമീപവാസികൾ കുട്ടികളെ ബത്തേരി താലൂക്ക് ആശുപത്രിയിലെത്തിച്ചു. 70 ശതമാനത്തോളം പൊള്ളലേറ്റ ഇവരെ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
എരുമാട് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിയാണ് മുരളി. അമ്മ: അങ്ക ഈശ്വരി. സഹോദരങ്ങൾ: തേജ് മുത്തുരാജ, രാജലക്ഷ്മി.
പരിക്കേറ്റ ഫെബിൻ ഫിറോസിന്റെ പിതാവ് ജലീലിന്റെ മരുമകളുടെ മകനാണ് അജ്മൽ. ഒരാഴ്ച മുമ്പ് പാലക്കാട്ടുനിന്ന് ബന്ധുവീട്ടിലേക്ക് വിരുന്നു വന്നതായിരുന്നു. പറളി ഗവ. സ്‌കൂളിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ്. മാതാവ് സജ്ന. സഹോദരങ്ങൾ: അസ്‌ന, ആഷിദ്.
മുരളിയുടെ മൃതദേഹം സ്വദേശമായ തൂത്തുക്കുടിയിലേക്കും അജ്മലിന്റെ മൃതദേഹം പാലക്കാട്ടേക്കും കൊണ്ടുപോയി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |