SignIn
Kerala Kaumudi Online
Monday, 07 July 2025 4.59 AM IST

ബാങ്കുകളുടെ തലപ്പത്ത് വൻ അഴിച്ചുപണിക്ക് റിസർവ് ബാങ്ക്

Increase Font Size Decrease Font Size Print Page
rbi

മുംബയ്: രാജ്യത്തെ ബാങ്കുകളുടെ തലപ്പത്ത് വൻ അഴിച്ചുപണിക്കുള്ള നിർദേശങ്ങളുമായി റിസർവ് ബാങ്കിന്റെ സർക്കുലർ. ഇതുപ്രകാരം മാനേജിംഗ് ഡയറക്‌ടർ, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ (സി.ഇ.ഒ), മുഴുവൻ സമയ ഡയറക്‌ടർ പദവികൾ തുടർച്ചയായി 15 വർഷമേ വഹിക്കാനാകൂ. ഈ പദവികൾ വഹിക്കുന്നത് ബാങ്കിന്റെ പ്രമോട്ടർ ഗ്രൂപ്പിന്റെ പ്രതിനിധിയാണെങ്കിൽ പരിധി 12 വർഷമാണ്. സ്വകാര്യ ബാങ്കുകൾ, സ്മാൾ ഫിനാൻസ് ബാങ്കുകൾ, വിദേശ ബാങ്കുകളുടെ സമ്പൂർണ ഉടമസ്ഥതയിലുള്ള ഇന്ത്യൻ ബാങ്കുകൾ എന്നിവയ്ക്കാണ് നിർദേശം ബാധകം.

പൊതുമേഖലാ ബാങ്കുകൾക്കും വിദേശ ബാങ്കുകളുടെ ഇന്ത്യൻ ശാഖകൾക്കും നിർദേശം ബാധകമല്ല. മറ്റ് വാണിജ്യ ബാങ്കുകൾ, പ്രാദേശിക ബാങ്കുകൾ, ഗ്രാമീണ ബാങ്കുകൾ, പേമെന്റ് ബാങ്കുകൾ എന്നിവയ്ക്കുള്ള സർക്കുലർ പിന്നീട് പുറത്തിറക്കുമെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി. 2020 ജൂൺ 11ന് ഈ നിർദേശങ്ങൾ അടങ്ങിയ കരട് റിസർവ് ബാങ്ക് പുറത്തിറക്കിയിരുന്നു. തുടർന്ന് ലഭിച്ച അഭിപ്രായങ്ങളും നിർദേശങ്ങളും പരിഗണിച്ചാണ് ഇന്നലെ പുതിയ സർക്കുലർ പുറത്തിറക്കിയത്.

15 വർഷ നിബന്ധനപാലിച്ച് പദവി ഒഴിയുന്നവർക്ക് മൂന്നുവർഷത്തെ ഇടവേളയ്ക്ക് ശേഷം തിരിച്ചെത്താം. ഈ മൂന്നുവർഷ ഇടവേളയിൽ അവർ ബാങ്കിലോ ഉപസ്ഥാപനങ്ങളിലോ പ്രത്യക്ഷമായോ പരോക്ഷമായോ ഒരു ചുമതലയും വഹിക്കരുത്. മാനേജിംഗ് ഡയറക്‌ടർ, സി.ഇ.ഒ., മുഴുവൻ സമയ ഡയറക്‌ടർ പദവികൾ വഹിക്കാനുള്ള പ്രായപരിധി 70 വയസാണ്. എന്നാൽ, പ്രായപരിധി ഇതിലും കുറയ്ക്കണോ എന്ന് ഡയറക്‌ടർ ബോർഡുകൾക്ക് തീരുമാനിക്കാം.

സർക്കുലർ പ്രകാരം നിലവിൽ 15 വർഷം പൂർത്തിയായവർക്ക്, റിസർവ് ബാങ്ക് അനുവദിച്ച നിലവിലെ ടേം പൂർത്തിയാക്കാം. സർക്കുലർ പുറത്തിറങ്ങിയ ഇന്നലെ നിർദേശങ്ങൾ പ്രാബല്യത്തിൽ വന്നെങ്കിലും യോഗ്യതയുള്ളയാൾക്ക് പദവികൈമാറുന്നത് സുഗമമാക്കാനായി ഈവർഷം ഒക്‌ടോബർ ഒന്നുവരെ സമയം അനുവദിക്കുന്നതായും റിസർവ് ബാങ്ക് വ്യക്തമാക്കി.

ചെയർമാൻ 'സ്വതന്ത്രൻ"

ബാങ്കിന്റെ ഡയറക്‌ടർ ബോർഡ് ചെയർമാൻ പദവി സ്വതന്ത്ര ഡയറക്‌ടർക്ക് നൽകണമെന്ന് സർക്കുലർ നിർദേശിക്കുന്നു. അംഗങ്ങളുടെ മൂന്നിലൊന്ന് ഹാജരുണ്ടെങ്കിലോ യോഗം ചേരാവൂ. പങ്കെടുക്കുന്നവരിൽ പകുതിയംഗങ്ങൾ സ്വതന്ത്രരുമാകണം.

വേതനം ₹20 ലക്ഷം

ചെയർമാൻ ഉൾപ്പെടെയുള്ള നോൺ-എക്‌സിക്യൂട്ടീവ് ഡയറക്‌ടർമാരുടെ പ്രായപരിധി 75 ആണ്. പദവി തുടർച്ചയായി എട്ടുവർഷം വഹിക്കാം. തുടർന്ന് മൂന്നുവർഷത്തെ ഇടവേളയ്ക്ക് ശേഷം തിരിച്ചെത്താം. ഇവരുടെ വേതനം പ്രതിവർഷം 20 ലക്ഷം രൂപ കവിയരുത്.

പദവി ഒഴിയാൻ പ്രമുഖർ

റിസർവ് ബാങ്കിന്റെ സർക്കുലർ ഒട്ടേറെ ബാങ്കുകളുടെ തലപ്പത്ത് മാറ്റത്തിന് വഴിതെളിക്കും. കോട്ടക് മഹീന്ദ്ര ബാങ്ക് സ്ഥാപക എം.ഡി.യും സി.ഇ.ഒയുമായ ഉദയ് കോട്ടക് ആണ് ഇതിൽ പ്രമുഖൻ. 17 വർഷമായി അദ്ദേഹം പദവി വഹിക്കുന്നു.

TAGS: BUSINESS, RBI, BANKING DIRECTORS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.