SignIn
Kerala Kaumudi Online
Friday, 26 April 2024 3.29 PM IST

കൈത്താങ്ങ് ഉറപ്പാക്കണം

editorial-

കൊവിഡിനെതിരെ വിശ്രമമില്ലാതെ പോരാടുന്ന വിഭാഗങ്ങളുടെ സുരക്ഷയ്ക്കായി കേന്ദ്രം പ്രഖ്യാപിച്ച അൻപതുലക്ഷം രൂപയുടെ ഇൻഷ്വറൻസ് പദ്ധതി ഈ മാസത്തോടെ നിറുത്തലാക്കാൻ ഒരുങ്ങിയപ്പോൾ അതിനെതിരെ വൻ പ്രതിഷേധമാണ് ഉയർന്നത്. അതു കണക്കിലെടുത്ത് പദ്ധതി തുടരുമെന്ന് കേന്ദ്രം പ്രഖ്യാപിക്കുകയും ചെയ്തു. കൊവിഡ് പോരാട്ടത്തിനിടെ ജീവൻ നഷ്ടപ്പെടുന്ന ആരോഗ്യപ്രവർത്തകരെ ഉദ്ദേശിച്ചാണ് പ്രധാനമായും പദ്ധതി ആരംഭിച്ചത്. പൊലീസ് സേനാംഗങ്ങൾ ഉൾപ്പെടെ നിരവധി വിഭാഗങ്ങൾ അഹോരാത്രം കൊവിഡ് പ്രതിരോധ യജ്ഞത്തിൽ പങ്കാളികളാണ്. ഡിപ്പാർട്ട്‌മെന്റ് വക പരിരക്ഷ ഈ വിഭാഗങ്ങൾക്കും ലഭിക്കുമെന്നത് ആശ്വാസകരം തന്നെ. എന്നാൽ കൊവിഡ് ബാധിച്ച് ജീവൻ നഷ്ടപ്പെട്ട ലക്ഷക്കണക്കിനുപേർ രാജ്യത്തുണ്ട്. ഇവരിൽ ഭൂരിപക്ഷവും സാധാരണക്കാരും കുടുംബത്തിന്റെ അത്താണി ആയിരുന്നവരുമാണ്. കുടുംബനാഥന്റെ അല്ലെങ്കിൽ കുടുംബനാഥയുടെ വേർപാട് അത്തരം കുടുംബങ്ങളെ അക്ഷരാർത്ഥത്തിൽ അനാഥമാക്കുകയാണു ചെയ്യുന്നത്. ഇൻഷ്വറൻസ് തുടങ്ങിയ പരിരക്ഷ ഇവരിൽ വളരെ കുറച്ചു കുടുംബങ്ങൾക്കേ കാണുകയുള്ളൂ. കൊവിഡ് മഹാമാരിയിൽ ഉറ്റവരെ നഷ്ടപ്പെട്ട് അനാഥമായ കുടുംബങ്ങൾക്കുവേണ്ടി എന്തുചെയ്യാനാകുമെന്ന് കേന്ദ്ര - സംസ്ഥാന സർക്കാരുകളും പ്രജാക്ഷേമത്തിൽ താത്‌പര്യം പുലർത്തുന്ന പാർട്ടികളും സംഘടനകളുമൊക്കെ ഗൗരവമായി ആലോചിക്കേണ്ട സമയമാണിപ്പോൾ. രോഗവ്യാപനം പരമാവധി നിയന്ത്രിക്കാൻ യുദ്ധകാലാടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങളാണ് രാജ്യത്തുടനീളം നടക്കുന്നത്. ഇതിനിടയിലും മരണനിരക്ക് ഉയർന്നുകൊണ്ടിരിക്കുന്നത് അത്യധികം ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ചികിത്സാ സൗകര്യങ്ങളിലെ അപര്യാപ്തതയാണ് ഒട്ടേറെപ്പേരുടെ ജീവൻ അപഹരിച്ചിരിക്കുന്നത്.

കൊവിഡ് ബാധിച്ച് മരണമടയുന്നവരുടെ ആശ്രിതരെ സഹായിക്കാൻ പ്രത്യേക പദ്ധതിയൊന്നും കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ മുമ്പിൽ ഇപ്പോൾ ഇല്ലെന്നാണു മനസിലാക്കുന്നത്. ദേശീയ ദുരന്തമായി കണ്ട് ഇതിനായി പ്രത്യേക നിധി രൂപീകരിച്ച് കൊവിഡിൽ ജീവൻ പൊലിഞ്ഞവരുടെ കുടുംബങ്ങളെ സഹായിക്കുന്ന കാര്യം ആലോചിക്കാവുന്നതാണ്. ജീവിതം വഴിമുട്ടിപ്പോയ കുടുംബങ്ങൾ അനവധിയുണ്ടാകും. അവർക്ക് സഹായമെത്തിക്കാനുള്ള കടമ സർക്കാരുകൾക്കു മാത്രമല്ല സമൂഹത്തിനു മൊത്തത്തിലുണ്ട്.

കൊവിഡിന്റെ ഒന്നാം വരവിൽ സമർത്ഥമായി പിടിച്ചുനിൽക്കാൻ കേരളത്തിനു സാധിച്ചത് സർക്കാർ സ്വീകരിച്ച ഫലപ്രദമായ നടപടികളുടെ ഫലമായാണ്. എന്നാൽ ഇപ്പോൾ അതൊക്കെ തകിടം മറിഞ്ഞ സ്ഥിതിയാണ്. മുൻ ആഴ്ചകളെ അപേക്ഷിച്ച് മരണം ഉയരുന്നത് ആകാംക്ഷ സൃഷ്ടിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം 48 പേർ കൊവിഡ് മൂലം മരണമടഞ്ഞതായാണ് ഔദ്യോഗിക കണക്ക്. കൊവിഡിൽ ഇതുവരെ സംസ്ഥാനത്ത് ആകെ മരിച്ചവർ 5259 ആണ്. രാജ്യത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. മരണമടഞ്ഞവരിലധികം സാധാരണ കുടുംബങ്ങളിൽ നിന്നുള്ളവരാകയാൽ പലരെ സംബന്ധിച്ചും ഭാവിജീവിതം വലിയ ചോദ്യമായി മാറുമെന്നതിൽ സംശയമില്ല. ഇങ്ങനെയുള്ളവരുടെ രക്ഷയ്ക്ക് ഭരണകൂടവും സമൂഹവും എത്തുക തന്നെ വേണം. അധികാരമേൽക്കാനൊരുങ്ങുന്ന പുതിയ സർക്കാരിന്റെ പ്രഥമ പരിഗണനകളിലൊന്ന് ഈ കുടുംബങ്ങളുടെ പുനരധിവാസ പദ്ധതിയാകണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDITORIAL
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.