കോട്ടയം: വിദേശമദ്യം കിട്ടാതായി. നാട്ടിൽ വാറ്റുചാരായം സുലഭം. വീടുകൾ കേന്ദ്രമാക്കി പ്രഷർകുക്കർ വാറ്റ് വ്യാപകമായതോടെ നാടിന്റെ മുക്കിലും മൂലയിലും വരെ വാറ്റുചാരായ വില്പന പൊടിപൊടിക്കയാണ്. എക്സൈസ് പരക്കംപാഞ്ഞ് വേട്ട ആരംഭിച്ചിട്ടുണ്ടെങ്കിലും കോട്ടയത്ത് കാര്യമായി ആരും തന്നെ പിടിയിലായില്ല. എന്നാൽ ഇടുക്കിയിൽ ഉടുമ്പൻചോലയിലും അടിമാലിയിലും ചാരായം വാറ്റിയിരുന്ന മൂന്നുപേരെ പിടികൂടി. ലിറ്ററിന് 1500 രൂപയ്ക്കാണ് ചാരായം വില്ക്കുന്നത്.
ഉടുമ്പൻചോല എക്സൈസ് സർക്കിൾ ഓഫീസും ഇടുക്കി ഇന്റലിജൻസ് ബ്യൂറോയും സംയുക്തമായി നടത്തിയ പരിശോധനയിൽ അണക്കര മൈലാടുംപാറയിൽനിന്നാണ് ചാരായം പിടികൂടിയത്. ഇവിടെ നിന്ന് വാറ്റുപകരണങ്ങളും എക്സൈസ് പിടിച്ചെടുത്തു.
തുണ്ടിപ്പറമ്പിൽ ബെന്നിച്ചന്റെ (46) പുരയിടത്തിൽ കന്നുകാലി തൊഴുത്തിനോടുചേർന്ന് ഒളിപ്പിച്ച നിലയിലായിരുന്ന മൂന്നു ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും കണ്ടെടുത്തത്.
സംഭവത്തിൽ സ്ഥലം ഉടമക്കെതിരെ കേസെടുത്തു. പ്രിവന്റീവ് ഓഫീസർ കെ.എൻ. രാജന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഇന്റലിജൻസ് ബ്യൂറോ പ്രിവന്റീവ് ഓഫീസർ എം.പി. പ്രമോദ്, ഉടുമ്പൻചോല സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർമാരായ പി.ബി. രാജേന്ദ്രൻ, കെ. ഷനേജ്, സിവിൽ എക്സൈസ് ഓഫീസർമാരായ എം.എസ്. അരുൺ, അരുൺ രാജ്, ഇ.സി. ജോജി, എം. നൗഷാദ്, ഷിബു ജോസഫ് പങ്കെടുത്തു.
അടിമാലിയിൽ വീടിന്റെ അടുക്കളയിൽ സൂക്ഷിച്ചിരുന്ന 300 ലിറ്റർ കോടയും പിടിച്ചെടുത്ത് നശിപ്പിച്ചു. ഇന്നലെ ചിന്നാർ നിരപ്പിലുള്ള ബിബിയുടെ വീടിന്റെ അടുക്കളയിൽ നിന്നുമാണ് ചാരായം വാറ്റാനായി കെട്ടിവച്ചിരുന്ന കോട പിടിച്ചെടുത്തത്.
കൊന്നത്തടി ചിന്നാർ നിരപ്പ് തറക്കുന്നേൽ ബിബി (44), തടത്തിൽ രാജൻ (46) എന്നിവരെയാണ് അടിമാലി എൻ. ഇ. എസ് ഓഫീസിലെ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം.കെ പ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഈ കേസിൽ മറ്റൊരു പ്രതി മേമടത്തിൽ റോബിൻ ബേബി ഓടി രക്ഷപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |