SignIn
Kerala Kaumudi Online
Wednesday, 07 January 2026 5.09 PM IST

സുപ്രീംകോടതി വിധി മുന്നാക്ക സാമ്പത്തിക സംവരണത്തെ ബാധിക്കില്ല; വിധിയുമായി ബന്ധപ്പെട്ട അഭിപ്രായങ്ങൾക്കു പിന്നിൽ ​ഗൂഢലക്ഷ്യമെന്ന് എൻഎസ്എസ്

Increase Font Size Decrease Font Size Print Page
sukumaran-nair-nss

തിരുവനന്തപുരം: മറാഠ സംവരണകേസിലെ സുപ്രീംകോടതിവിധി, മുന്നാക്കവിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള സംവരണത്തെ യാതൊരു വിധത്തിലും ബാധിക്കുകയില്ലെന്ന് എൻ.എസ്.എസ്. ഈ കേസിൽ മഹാരാഷ്ട്രാസർക്കാർ മറാഠി സമുദായത്തിന് പിന്നാക്കക്കാർക്കുള്ള സംവരണം നല്കിയ നടപടിയാണ് ചോദ്യം ചെയ്യപ്പെട്ടത്.പ്രസ്തുത വിധിയെ സംബന്ധിച്ച് ഉയർന്നുവരുന്ന അഭിപ്രായപ്രകടനങ്ങൾ മുന്നാക്കത്തിലെ പിന്നാക്കവിഭാഗങ്ങളുടെ സംവരണം അട്ടിമറിക്കാനുള്ള ഗൂഢലക്ഷ്യത്തോടെ ഉള്ളതാണെന്നും എൻ.എസ്.എസ് ആരോപിച്ചു.

സംവരണം അമ്പത് ശതമാനത്തിന് മുകളിൽ ഉയരുന്നത് അസാധാരണ സാഹചര്യങ്ങളിൽ മാത്രമേ പാടുള്ളു എന്ന് ഇന്ദിരാ സാഹ്നി കേസിൽ വിധിച്ചിരുന്നു. 2017 നവംബറിൽ മറാഠകൾക്ക് സംവരണം നൽകാൻ നിയമം പാസാക്കിക്കൊണ്ട് മഹാരാഷ്ട്ര സർക്കാർ ഈ പരിധി ലംഘിച്ചു. മറാത്ത സംവരണം ശരിവച്ച ബോംബെ ഹൈക്കോടതി വിധിക്കെതിരായ ഹർജി പരിഗണിച്ച സുപ്രീംകോടതി ഇന്ദിര സാഹ്നി കേസിലെ 50 ശതമാനം പരിധി പുനപരിശോധിക്കേണ്ടതില്ലെന്ന് വ്യക്തമാക്കുകയായിരുന്നു.

ഇന്ദിര സാഹ്നി കേസിലെ 50 ശതമാനം പരിധി പുനപരിശോധിക്കണം എന്ന മഹാരാഷ്ട്ര സർക്കാരിന്റെ നിലപാടിൽ എല്ലാ സംസ്ഥാനങ്ങളുടെയും വാദം കോടതി കേട്ടു. കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളും കേന്ദ്രവും ഈ നിലപാടിനെ അനുകൂലിച്ചു. എന്നാൽ 50 ശതമാനം എന്ന പരിധി ലംഘിച്ച് മറാത്ത സംവരണം നൽകാനുള്ള അസാധാരണ സാഹചര്യം ബോദ്ധ്യപ്പെടുത്താൻ സർക്കാരിനായില്ല. ഈ സാഹചര്യത്തിൽ സംവരണ തീരുമാനം കോടതി റദ്ദാക്കുകയായിരുന്നു.

ഈ വിധിയുടെ പശ്ചാത്തലത്തില്‍ പത്തു ശതമാനം സവര്‍ണ സംവരണം പിന്‍വലിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാവണമെന്ന ആവശ്യം വിവിധ കോണുകളിൽ നിന്നും ഉയർന്നിരുന്നു. നിലവിലുള്ള 50 ശതമാനം സംവരണത്തെ മറികടന്ന് മുന്നാക്ക വിഭാഗങ്ങള്‍ക്ക് പത്ത് ശതമാനം സംവരണം നടപ്പാക്കിയതോടെ കേരളത്തില്‍ സംവരണ പരിധി നിലവിൽ 60 ശതമാനമാണ്.

TAGS: SUPREMECOURT, MARATHA RESERVATION, FORWARD ECONOMIC RESERVATION, NSS, SUKUMARAN NAIR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY