SignIn
Kerala Kaumudi Online
Tuesday, 22 June 2021 11.00 PM IST

അപരനോടുള്ള സ്നേഹം, കരുതൽ മറ്റെന്തിനേക്കാളും മഹത്തരമാണ്,​ കേരളം യു.പി പോലെ വീഴുമെന്ന് മനപ്പായസം ഉണ്ടിരിക്കുന്നവരോട്,​ തോമസ് ഐസകിന്റെ മറുപടി

kk

തിരുവനന്തപുരം: കൊവിഡ് രോഗിയെ ബൈക്കിന് പിന്നിൽ ഇരുത്തി ആശുപത്രിയിലേക്ക് കൊണ്ടുപോയെന്ന വാർത്തകളിൽ പ്രതികരണവുമായി ഡോ. ടി.എം.തോമസ് ഐസക്. അപരനോടുള്ള സ്നേഹം, കരുതൽ മറ്റെന്തിനേക്കാളും മഹത്തരമാണെന്ന് തോമസ് ഐസക് ഫേസ്ബുക്കിൽ കുറിച്ചു.. അനേകം ഡി.വൈ.എഫ്ഐ പ്രവർത്തകരാണ് സംസ്ഥാനത്ത് കൊവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ വ്യാപൃതരായിരിക്കുന്നത്. അവർക്കെല്ലാവർക്കും അരവിന്ദും രേഖയും കൂടുതൽ ആവേശം പകരുന്നുവെന്ന് അദ്ദേഹം പറയുന്നു. അവിടെ നടന്ന കാര്യങ്ങളെക്കുറിച്ചും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ വിശദീകരിച്ചു. ആംബുലൻസ് വരുന്നതിന്റെ പകുതി സമയം വേണ്ട തൊട്ടടുത്തുള്ള സഹകരണ ആശുപത്രിയിൽ എത്തിക്കാൻ. രോഗിയുടെ അവശതകണ്ട് അശ്വിൻ, രേഖ എന്നീ രണ്ട് ഡി.വൈ.എഫ്ഐ പ്രവർത്തകർ പി.പി.ഇ കിറ്റ് ധരിച്ച് അവർക്കിടയിൽ രോഗിയെ ഇരുത്തി ബൈക്കിൽ ആശുപത്രിയിലേയ്ക്കു കൊണ്ടുപോകുകയായിരുന്നുവെന്ന് ഐസക് പറയുന്നു.

തോമസ് ഐസകിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ചാനലുകളിൽ ബ്രേക്കിംഗ് ന്യൂസ് കേട്ടപ്പോൾ വിശ്വസിക്കാൻ കഴിഞ്ഞില്ല. ആംബുലൻസ് ഇല്ലാത്തതുകൊണ്ട് അത്യാസന്നനിലയിലുള്ള രോഗിയെ സ്കൂട്ടറിൽ ഇരുത്തി ആശുപത്രിയിലേയ്ക്ക് കൊവിഡ് സെന്ററിൽ നിന്നും കൊണ്ടുപോകേണ്ടി വന്നുപോലും. ഇങ്ങനെയൊരു സുവർണ്ണാവസരം വീണുകിട്ടാൻ കാത്തിരിക്കുന്നപോലെയായിരുന്നു ഒരു അന്വേഷണവും നടത്താതെയുള്ള സംഘി അപവാദ പ്രചാരണം. ‘ഇലക്ഷൻ കഴിഞ്ഞപ്പോൾ കരുതലും കഴിഞ്ഞു. ആംബുലൻസ് ഇല്ല. യുപിയിലേയ്ക്ക് ഇനി എത്ര ദൂരം’ എന്നതാണ് ഹൈലൈറ്റ്.

അത്ഭുതം തോന്നാൻ കാരണം വേറെയൊന്നുമല്ല. കഴിഞ്ഞ ദിവസമാണ് ജില്ലാ പഞ്ചായത്ത് ഐസിയു സൗകര്യങ്ങളോടുകൂടിയ 16 ആംബുലൻസുകൾ ഏർപ്പാടാക്കിയത്. അതിനു മുമ്പും ജില്ലാ അധികൃതരുടെ ആവശ്യ പ്രകാരം ജനപ്രതിനിധികൾ ആംബുലൻസ് ആവശ്യത്തിനു വാങ്ങി നൽകിയിട്ടുള്ളതാണ്. പിന്നെ എങ്ങനെയാണ് ഇത്തരമൊരു സ്ഥിതി വിശേഷം? അതുകൊണ്ട് നിയുക്ത എംഎൽഎ ചിത്തരഞ്ജനോട് അന്വേഷിച്ചു. അദ്ദേഹം തിരിച്ചു വിളിച്ചപ്പോഴാണ് തെളിച്ചം വീണത്.

പുന്നപ്രയിലെ ഡൊമിസിലേറി കെയർ സെൻ്റർ പോളിടെക്നിക്കിലാണ്. ഡിവൈഎഫ്ഐ പ്രവർത്തകരാണ് അവിടെ ഭക്ഷണം എത്തിക്കുന്നതും മറ്റു സേവനങ്ങൾ ചെയ്തുകൊടുക്കുന്നതും. ഇന്നു ഭക്ഷണവുമായി ചെല്ലുമ്പോഴാണ് മുകളിലത്തെ നിലയിൽ ഒരാൾക്കു കഠിനമായ ശ്വാസംമുട്ടൽമൂലം അവശനാണെന്ന് അറിയുന്നത്. അദ്ദേഹത്തെ താഴെക്കൊണ്ടുവന്നു. ആംബുലൻസിനെ വിളിച്ചു. പക്ഷെ, അവിടെ നിന്ന് ഓടിവരേണ്ട താമസമുണ്ടല്ലോ. അതിന്റെ പകുതി സമയം വേണ്ട തൊട്ടടുത്തുള്ള സഹകരണ ആശുപത്രിയിൽ എത്തിക്കാൻ. രോഗിയുടെ അവശതകണ്ട് മറ്റൊന്നും ചിന്തിച്ചില്ല. അശ്വിൻ, രേഖ എന്നീ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർ പിപിഇ കിറ്റ് ധരിച്ച് അവർക്കിടയിൽ രോഗിയെ ഇരുത്തി ബൈക്കിൽ ആശുപത്രിയിലേയ്ക്കു കൊണ്ടുപോയി.

കൊണ്ടുപോകുന്ന വീഡിയോ കണ്ടാലറിയാം അവർ അത്ര ധൃതിയിലാണ് രോഗിയെ കൊണ്ടുപോകുന്നതെന്ന്. ബൈക്ക് നീങ്ങിക്കഴിഞ്ഞിട്ടാണ് രേഖയുടെ പിപിഇ കിറ്റിന്റെ പിന്നിലെ ബൽറ്റ് മുറുക്കുന്നതിനെക്കുറിച്ച് ഓർത്തത്. സാധാരണഗതിയിൽ രോഗികളെ ആംബുലൻസിൽ തന്നെയാണ് കൊണ്ടുപോകേണ്ടത്. എന്നാൽ രോഗിയുടെ അവശത കണ്ടപ്പോൾ ഒരുമിനിറ്റെങ്കിൽ ഒരുമിനിറ്റിനു മുന്നേ ആശുപത്രിയിൽ എത്തിക്കുന്നതാണ് നല്ലതെന്നു കരുതി സഖാക്കൾ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോവുകയാണ് ചെയ്തത്. അതും അഞ്ചു മിനിറ്റ് യാത്ര മതി.

ഞാൻ ആദ്യം ഓർത്തത് പിപിഇ കിറ്റൊക്കെ ധരിച്ചിട്ടുണ്ടെങ്കിലും കൊവിഡിനെ ഇവർക്കു ഭയമില്ലേ എന്നാണ്. അത്രയ്ക്ക് സ്വാഭാവികമായിരുന്നു നടപടികൾ. അതുപോലെ തന്നെ ബൈക്കിൽ കയറുന്നതിനും സുരക്ഷാക്കിറ്റ് ഉറപ്പാക്കുന്നതിനുമെല്ലാം മുന്നിട്ടിറങ്ങിയ ചെറുപ്പക്കാരും. സ്വന്തം സുരക്ഷയെക്കുറിച്ചുള്ള വേവലാതി അവരെ ആരെയും ഭരിക്കുന്നതായി തോന്നിയില്ല.

റഹീം എഴുതിയതുപോലെ “നന്മകൾക്ക് നിറം മങ്ങിയിട്ടില്ലെന്നു കാട്ടിത്തരികയാണ് ഇവർ രണ്ടുപേർ. അപരനോടുള്ള സ്നേഹം, കരുതൽ മറ്റെന്തിനേക്കാളും മഹത്തരമാണ്. അനേകം ഡിവൈഎഫ്ഐ പ്രവർത്തകരാണ് സംസ്ഥാനത്ത് കോവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ വ്യാപൃതരായിരിക്കുന്നത്. അവർക്കെല്ലാവർക്കും അരവിന്ദും രേഖയും കൂടുതൽ ആവേശം പകരുന്നു.”

ഇതുപോലെ ആവേശകരമായ വാർത്തകളാണ് ഓരോ പ്രദേശത്തുനിന്നും വന്നുകൊണ്ടിരിക്കുന്നത്. കേരളം യുപി പോലെ വീഴുമെന്നു മനപ്പായസം ഉണ്ടിരിക്കുന്ന കുറച്ചുപേർ കേരളത്തിലുണ്ട്. അത് ഉണ്ടാവില്ലായെന്നതിന്റെ ഗ്യാരണ്ടി കേരളത്തിന്റെ ആരോഗ്യ വകുപ്പിനോടൊപ്പം ഇതുപോലെ നിസ്വാർത്ഥമായി സന്നദ്ധസേവനത്തിന് ഇറങ്ങുന്ന യുവതി-യുവാക്കളുമാണ്. പുതിയതായി തെരഞ്ഞെടുക്കപ്പെട്ട തദ്ദേശഭരണ സ്ഥാപനങ്ങളുടെ ആദ്യത്തെ വെല്ലുവിളിയാണ് കൊവിഡിന്റെ രണ്ടാം വ്യാപനം. ഓരോ പ്രദേശത്തും അവരുമുണ്ട് മുന്നിൽ നിന്നു നയിക്കാൻ. കേരളം തോൽക്കില്ല.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: THOMAS ISAC, TM THOMAS ISAAC
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.