SignIn
Kerala Kaumudi Online
Wednesday, 22 September 2021 7.38 AM IST

അടച്ചിരുന്ന് പൊരുതാം

lockdown

രോഗം കൂടുതൽ കഠിനമാകുന്തോറും അതീവ കയ്‌പേറിയ ഔഷധ പ്രയോഗം വേണ്ടിവരും. കൊവിഡ് മഹാമാരിയിൽ ശ്വാസംമുട്ടുന്ന രാജ്യം ഇപ്പോൾ അത്തരം കഠിന ചികിത്സ പരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. കേരളവും ഇന്നുമുതൽ പതിനാറാം തീയതി വരെ സമ്പൂർണ അടച്ചിടലിലേക്കു നീങ്ങുകയാണ്. അത്യാവശ്യ സർവീസുകളൊഴികെ മറ്റെല്ലാം ഒൻപതു ദിവസം നിശ്ചലമാക്കാനുള്ള തീരുമാനം കഴിഞ്ഞ ഒരാഴ്ച നടപ്പാക്കിയ, ലോക്ക് ഡൗണിനു സമാനമായ നിയന്ത്രണങ്ങൾ കാര്യമായ ഫലം ചെയ്യുന്നില്ലെന്നു ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ്. പരമാവധി ജനങ്ങളെ വീട്ടിൽത്തന്നെ ഇരുത്തുക എന്ന ആശയം ഫലവത്താകുന്നത് ഇതിനോടുള്ള ആളുകളുടെ സമീപനത്തെക്കൂടി ആശ്രയിച്ചാണ്. നിലവിലെ സാഹചര്യത്തിൽ അടച്ചിരിക്കുന്നതിലെ പ്രയാസം സന്തോഷത്തോടെ നേരിടാൻ ആളുകൾ തയ്യാറാകുമെന്നതിൽ സംശയമില്ല. അതിനു മടിക്കുന്ന ചെറിയൊരു വിഭാഗം ഉണ്ടായിക്കൂടെന്നില്ല. അത്തരക്കാരെ നേരിടാൻ നാടെങ്ങും നിയമപാലകർ തയ്യാറായി നിൽപ്പുണ്ടെന്ന കാര്യം നിയന്ത്രണം മറികടക്കാനൊരുങ്ങുന്നവർ ഓർക്കണം. സംസ്ഥാനത്ത് വ്യാഴാഴ്ച 42464 പേർക്കാണ് പുതുതായി കൊവിഡ് രോഗം സ്ഥിരീകരിച്ചത്. ബുധനാഴ്ച അത് 41953 ആയിരുന്നു. പ്രതിദിന രോഗവർദ്ധനയിൽ കേരളം രാജ്യത്ത് മൂന്നാം സ്ഥാനത്തേക്കുയർന്നിരിക്കുന്നത് ഇവിടെ വസിക്കുന്ന മുഴുവൻ ആളുകൾക്കും ഉത്‌കണ്ഠയും ഭീതിയും അധികരിക്കാൻ പര്യാപ്തമാണ്. രോഗവർദ്ധനയ്ക്കൊപ്പം മരണവും കൂടിക്കൂടി വരുന്നത് അതിനെക്കാൾ സങ്കടം ഉളവാക്കുന്നു. മഹാമാരിയെ ഏതു വിധേനയും പിടിച്ചുകെട്ടേണ്ടത് രാജ്യത്തിന്റെ അടിയന്തരാവശ്യമായി മാറിക്കഴിഞ്ഞ സാഹചര്യത്തിൽ ഇപ്പോൾ പ്രഖ്യാപിച്ച സമ്പൂർണ ലോക്ക് ഡൗണുമായി ജനങ്ങൾ ഒന്നടങ്കം സർവാത്മനാ സഹകരിക്കണം. കൊവിഡ് ഗ്രാഫ് ഉയർന്നുയർന്നു പോയാലുണ്ടാകാവുന്ന ഭവിഷ്യത്ത് ബോദ്ധ്യപ്പെടാൻ ചുറ്റിലുമൊന്ന് കണ്ണോടിച്ചാൽ മതി. ആരോഗ്യ സംവിധാനങ്ങൾ ഒന്നടങ്കം കടുത്ത സമ്മർദ്ദം നേരിടുകയാണ്. ആശുപത്രികൾ അതിവേഗം നിറഞ്ഞു കവിയുന്നു. അന്ത്യയാത്രയ്‌ക്ക് പോലും ഊഴം കാക്കേണ്ടി വരുന്ന സ്ഥിതി അപൂർവമായെങ്കിലും ഉണ്ടാകുന്നു. സ്ഥിതി കൂടുതൽ കൈവിട്ടു പോകാതിരിക്കാൻ ആളുകൾ മനസുവച്ചാൽ മാത്രമേ കഴിയൂ. ലോക്ക്‌ഡൗൺ കൊണ്ട് ഉദ്ദേശിക്കുന്നതും അതാണ്. ജനങ്ങളുടെ ദൈനംദിന ജീവിതാവശ്യങ്ങൾ പൂർണമായും ഉറപ്പാക്കിയാണ് ലോക്ക്‌ ഡൗൺ ചട്ടങ്ങൾ നടപ്പാക്കുന്നത്. അതിനാൽത്തന്നെ ജീവിതം വഴിമുട്ടുമെന്ന ആശങ്ക ആർക്കും ഉണ്ടാകേണ്ടതില്ല. അവശ്യവസ്തുക്കളും മരുന്നുമടക്കം വിൽക്കുന്ന സ്ഥാപനങ്ങൾ തുറന്നുതന്നെയിരിക്കും. അടിയന്തര ഘട്ടങ്ങളുണ്ടായാൽ സഹായത്തിന് സംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

ഏതാനും ദിവസത്തെ ലോക്ക‌് ഡൗൺ കൊണ്ട് രോഗവ്യാപനം പൂർണമായി തടഞ്ഞുനിറുത്താമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല. അതിന് ദീർഘകാലം തന്നെ വേണ്ടിവരുമെന്ന് ഇതിനകം ബോദ്ധ്യമായിട്ടുണ്ട്. രോഗപ്പകർച്ചയെക്കുറിച്ച് പൂർണബോദ്ധ്യം ഇനിയും ഉണ്ടാകേണ്ടതായിട്ടാണിരിക്കുന്നത്. കൊവിഡുമായി ബന്ധപ്പെട്ട ആരോഗ്യവകുപ്പിന്റെ മാർഗനിർദ്ദേശങ്ങൾ അതേപടി അനുസരിക്കണം. ഒരു വീട്ടിൽ ഒരാൾക്കു രോഗം പിടിപെട്ടാൽ മറ്റു കുടുംബാംഗങ്ങൾ ക്വാറന്റൈൻ ചട്ടം കർക്കശമായി പാലിച്ചാൽ രോഗവ്യാപനം ചെറുക്കാനാകും. ഇപ്പോൾ പലരും അതിനു തയ്യാറാകാതെ യഥേഷ്ടം പുറത്തിറങ്ങുന്നതാണ് രോഗവ്യാപനത്തിന്റെ മുഖ്യകാരണം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: EDITORIAL
KERALA KAUMUDI EPAPER
TRENDING IN OPINION
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.