കണ്ണഞ്ചിക്കുന്ന തെയ്യപ്രപഞ്ചത്തിൽ ആകൃഷ്ടനായി ചെറുപ്രായത്തിൽ കാമറയുമെടുത്ത് അലഞ്ഞ ഒരു പയ്യനുണ്ടായിരുന്നു കാസർകോട് ജില്ലയിലെ തെയ്യങ്ങളുടെ നാടായ കൊടക്കാട് ഗ്രാമത്തിലെ നെല്ലിയേരി മനയിൽ. പാരമ്പര്യത്തിന്റെ നിഷ്ഠകളൊക്കെ വിട്ട് വടക്ക് പെരുതണ മുച്ചിലോട്ട് തൊട്ട് തെക്ക് തലശ്ശേരി അണ്ടല്ലൂർ കാവു വരെ നീളുന്ന തെയ്യക്കാവുകളിലൊക്കെ അലഞ്ഞ് എഴുപത്തിയഞ്ചുവർഷത്തിലെത്തി നിൽക്കുന്ന റിട്ടയേഡ് അദ്ധ്യാപകനാണിന്ന് അദ്ദേഹം. ശംഭു നമ്പൂതിരി എന്ന ഈ മനുഷ്യന്റെ പക്കൽ ഇന്ന് ആയിരത്തിലധികം തെയ്യങ്ങളുടെ പ്രഭചൊരിയും ചിത്രങ്ങളുണ്ട്. ചെറിയ പ്രായത്തിൽ സ്കൂളിൽ പഠിക്കുന്നതിന് ഇല്ലത്ത് നിന്നിറങ്ങുന്ന ബാലൻ, തെയ്യങ്ങളുടെ അണിയറയും ചെണ്ട മേളവും തേടി പോകുമായിരുന്നു. തെയ്യങ്ങളും ചെണ്ടമേളവും ഹരമായി കൊണ്ടുനടന്ന നമ്പൂതിരി പയ്യൻ പിന്നീട് പഠിച്ചു അദ്ധ്യാപക ജോലിയിൽ പ്രവേശിച്ചെങ്കിലും കഴുത്തിൽ കാമറയും തൂക്കി നാടായ നാടുകളിലൊക്കെ തെയ്യങ്ങളുടെ ദൃശ്യഭംഗി പകർത്താൻ ഊണും ഉറക്കവും ഒഴിഞ്ഞു പോവുകയും കാത്തിരിക്കുകയും ചെയ്യുമായിരുന്നു. നടന്നും വാഹനങ്ങളിൽ പോയും ദിവസങ്ങൾ നീളുന്ന യാത്രയും തെയ്യത്തിന്റെ ചടങ്ങുകൾ കാമറയുടെ ഫ്രെയിമിൽ ഒതുക്കാനുള്ള കാത്തിരിപ്പും എത്രയോ ഉണ്ട് ഇദ്ദേഹത്തിന്റെ ജീവിതത്തിൽ. ഭക്ഷണം പോലും ഇല്ലാതെ ക്ഷേത്രങ്ങളുടെ തിണ്ണയിൽ കിടന്നിട്ടുണ്ട്.
തെയ്യം ചടങ്ങുകൾ പകർത്തുന്ന തിരക്കിൽ ഭക്ഷണം ഉപേക്ഷിക്കേണ്ടിവന്നിട്ടുണ്ട്. ഭക്ഷണം കഴിക്കാൻ പോയി വരുമ്പേഴേക്കും തെയ്യത്തിന്റെ പ്രധാന ചടങ്ങുകൾ തീരും. അതിനാലാണ് ഭക്ഷണം ഉപേക്ഷിച്ചുകൊണ്ടുള്ള ത്യാഗം ശംഭു നമ്പൂതിരി അനുഷ്ഠിച്ചത്. എല്ലാ യാത്രയിലും ഒരേയൊരു ലക്ഷ്യം മാത്രമായിരുന്നു ഇദ്ദേഹത്തിന്. ഉദ്ദേശിച്ച തെയ്യത്തിന്റെ ചിത്രങ്ങൾ പകർത്താൻ കഴിയണം എന്നതാണത്. അക്കാലത്ത് തറവാട്ടിൽ നിന്നുണ്ടാകുന്ന എതിർപ്പുകളൊന്നും ഈ മനുഷ്യൻ കാര്യമാക്കാറില്ലായിരുന്നു. ശംഭു നമ്പൂതിരിയുടെ കാമറയിൽ പകർത്തിയതെല്ലാം അമ്മ തെയ്യങ്ങളുടെസൗന്ദര്യമാണ് എന്നതാണ് ഏറെ സവിശേഷത. തെയ്യാരാധനയുടെ മേഖലയിൽ പുരുഷദൈവങ്ങളെക്കാൾ എത്രയോ കൂടുതലാണ് സ്ത്രീ ദൈവങ്ങളെന്ന് ശംഭു നമ്പൂതിരി പറയും. സ്ത്രീ ദൈവങ്ങളിൽ ഭഗവതിമാരാണ് കൂടുതൽ. ചാമുണ്ഡിയും ഇതിൽപ്പെടും. മാതൃത്വഭാവം ഇല്ലാത്ത കന്യകമാരും ഈ തെയ്യങ്ങളിലുണ്ട്. സ്ത്രീവർഗത്തിൽപ്പെടുന്നു എന്ന വിശാലമായ അർത്ഥത്തിൽ എടുക്കണമെന്നാണ് ഇദ്ദേഹത്തിന്റെ വാദം.
ഉത്തരമലബാറിലെ ക്ഷേത്രങ്ങളിലും തെയ്യാട്ടക്കാവുകളിലും ചുറ്റിക്കറങ്ങി ത്യാഗപൂർണമായ ശ്രമങ്ങളിലൂടെ അടയാളപ്പെടുത്തിയവയാണ് ശംഭു നമ്പൂതിരിയുടെ ഓരോ തെയ്യചിത്രങ്ങളും.
തളിപ്പറമ്പ് മൂത്തേടത്ത് ഹൈസ്കൂൾ, ടാഗോർ മെമ്മോറിയൽ ഹൈസ്ക്കൂൾ വെള്ളോറ, കൊടക്കാട് കേളപ്പജി ഹയർ സെക്കൻഡറി എന്നിവിടങ്ങളിലെ ദീർഘകാലസേവനത്തിന് ശേഷം 2001ൽ പ്രിൻസിപ്പലായി വിരമിച്ച ഇദ്ദേഹം ഒരു രൂപപോലും വരുമാനം പ്രതീക്ഷിക്കാതെ നിക്കോൺ ഡി 90 കാമറയുമായി തെയ്യങ്ങളുടെ അണിയറയിലും അരങ്ങിലും സഞ്ചരിക്കുകയായിരുന്നു ഇത്രയും കാലം. തെയ്യം ഫോട്ടോഗ്രാഫർ എന്നതിലപ്പുറം വടക്കേ മലബാറിലെ തെയ്യത്തെക്കുറിച്ച് ആധികാരികമായി അറിഞ്ഞ ഗവേഷകനുമാണ് ശംഭു മാസ്റ്റർ. കണ്ണൂർ നടുവിൽ കെട്ടിയാടുന്ന മുതലത്തെയ്യത്തിന്റെ അപൂർവ ദൃശ്യങ്ങൾ ഒപ്പിയെടുക്കാൻ മൂന്നുവർഷം മുടങ്ങാതെപോയി. നമ്പൂതിരിയുടെ തെയ്യ ചിത്രങ്ങൾ കാണാൻ ഗവേഷകരും വിദ്യാർത്ഥികളും കൊടക്കാട് മനയിൽ എത്തുന്നു. ജപ്പാനിൽ നിന്നുള്ള ഗവേഷക മയൂരി കോഗ കേരളത്തിൽ എത്തിയാൽ കൊടക്കാട് വരാതെ പോകാറില്ല. മണക്കാടൻ പരമ്പരയിലെ രാമൻ മണക്കാടനും കുട്ടി അമ്പു മണക്കാടനും ഒടുവിൽ അശോകൻ മണക്കാടനുമടക്കം നാല് തലമുറയുടെ തെയ്യങ്ങൾ ശംഭു മാഷിന്റെ ചിത്രങ്ങളിലുണ്ട്. നർത്തകരത്നം കണ്ണൻ പെരുവണ്ണാന്റെ കതിവന്നൂർ വീരനും പുലിക്കണ്ടനും പുള്ളി ഭഗവതിയും വൈരജാതനും പടക്കത്തി ഭഗവതിയും മുച്ചിലോട്ട് ഭഗവതിയും കരിഞ്ചാമുണ്ഡിയും മാക്കപ്പൊതിയും മകളും ചരിത്രരേഖകൾ പോലെ കഥ പറയും.
ഭഗവതി, ചാമുണ്ഡി തെയ്യങ്ങളെ സമഗ്രമായി പരിചയപ്പെടുത്തുന്ന അമ്മത്തെയ്യങ്ങൾ എന്ന പുസ്തകമെഴുതി. സ്കൂൾ പഠന കാലത്ത് തെയ്യമെവിടെയുണ്ടെങ്കിലും അവിടെയെത്തും. തിരിച്ച് വീട്ടിലെത്തിയാൽ അത് വർണങ്ങളിലൂടെ കാൻവാസിൽ പകർത്തും. കണ്ണൂർ എസ്.എൻ കോളജിലും, തലശേരി ബി.എഡ് ട്രെയിനിംഗ് സെന്ററിലും പഠിച്ചിറങ്ങി അദ്ധ്യാപനം ആരംഭിച്ചെങ്കിലും ഒഴിവുവേള തെയ്യങ്ങൾക്കുള്ളതായിരുന്നു. തെയ്യാട്ടക്കാവുകളിൽ തന്ത്രിമാർ അധികാരത്തോടെ ഇരിക്കുന്നിടത്ത് തെയ്യങ്ങളുടെ അണിയറയിലേക്ക് പോകുന്ന ഇദ്ദേഹം തെയ്യക്കാർക്കിടയിൽ സുപരിചിതനാണ്.ഭാര്യ ശാന്തകുമാരിയും മകൻ മധുസൂദനനും മരുമകൾ ജ്യോതി ലക്ഷ്മിയും മാഷിന്റെ ഫേട്ടോഗ്രാഫിക്ക് പ്രോത്സാഹനവുമായുണ്ട്.മകൾ സുജാതയും മരുമകൻ മുരളീകൃഷ്ണനും മുംബയ്യിലാണ്. തെയ്യങ്ങൾക്ക് വേണ്ടി സമർപ്പിച്ച ജീവിതത്തിലെ അപൂർവമായ അനുഭവങ്ങൾ പങ്കുവെക്കുകയാണ് ശംഭു നമ്പൂതിരി..
നമ്പൂതിരി ഇല്ലത്ത് നിന്ന് ദ്രാവിഡന്റെ തെയ്യങ്ങളിലേക്ക് ?
കൊടക്കാട് ഗ്രാമം തെയ്യങ്ങളുടെ ആവാസ കേന്ദ്രമാണ്. പ്രഗത്ഭരായ കലാകാരൻമാർ കെട്ടിയാടിയ തെയ്യങ്ങൾ അരങ്ങുതകർത്ത പ്രദേശമാണിത്. എന്റെ ഇല്ലത്തും ചുറ്റുപാടിലും തെയ്യങ്ങളുണ്ട്. ചെറുപ്പത്തിലേ എന്റെ കാതുകളിൽ മുഴങ്ങിയത് ചുറ്റിലുമുള്ള തെയ്യങ്ങളുടെ ചിലമ്പൊലിയാണ്. ഗുണം വരുത്തണേ.. എന്ന വിളികളാണ്. തെയ്യമുള്ള ക്ഷേത്രങ്ങളിൽ പോയാൽ ഞങ്ങൾ നമ്പൂതിരിമാർക്ക് ഇരിക്കാൻ പ്രത്യേകസ്ഥാനമുണ്ട്. തന്ത്രി സ്ഥാനം സ്വീകരിച്ചാൽ പിന്നെ എനിക്ക് അവിടെ നിന്ന് അനങ്ങാൻ കഴിയില്ല. എനിക്ക് പ്രിയം തെയ്യങ്ങളുടെ അണിയറ ആയിരുന്നു. ഞാൻ നേരെ അങ്ങോട്ടുപോകും. തെയ്യം കെട്ടുന്നിടത്ത് എത്തിയാൽ പലരും ചോദിക്കും, മാഷെന്താ ഇവിടെ, അവിടെ സ്ഥലം വച്ചിട്ടുണ്ടല്ലോ എന്ന്. താന്ത്രികസ്ഥാനത്തിരുന്നാൽ എനിക്ക് ഇഷ്ടമുള്ള തെയ്യം കാണാൻ പറ്റുമോ..? മുഖത്തെഴുത്തും ഉടയാടകളും അണിയലങ്ങളും ഉണ്ടാക്കുന്നതും കാണാൻ ഇവിടെ തന്നെ വരണം. ആദ്യമാദ്യം ചോദിച്ചവർക്ക് പിന്നീട് കാര്യം മനസിലായപ്പോൾ അത് നിർത്തി.
തെയ്യം ഭാവങ്ങൾ പകർത്തുമ്പോൾ ശ്രദ്ധിക്കേണ്ടവ?
തെയ്യങ്ങളുടെ ചിത്രം പകർത്തുമ്പോൾ ഏറെ ത്യാഗം സഹിക്കേണ്ടിവരും. തെയ്യങ്ങളെ കുറിച്ചും ചടങ്ങുകളെ കുറിച്ചും വ്യക്തമായ ധാരണയുണ്ടായാൽ നല്ല ചിത്രങ്ങൾ കിട്ടും. ഞാൻ നേരെ ചെന്ന് ചടങ്ങുകൾ എവിടെയാണ്, നർത്തനം ഏത് ഭാഗത്താണ് തുടങ്ങിയ കാര്യങ്ങൾ തെയ്യം കെട്ടുന്നയാളോട് ചോദിച്ചു മനസിലാക്കും. തെയ്യത്തിന്റെ രീതികൾ പഠിക്കണം. സാമാന്യമായ അറിവില്ലെങ്കിൽ പാളിപ്പോകും. കാരണം തെയ്യത്തെ നമുക്ക് പോസ് ചെയ്ത് നിർത്താൻ കഴിയില്ലല്ലോ..നൂറു ശതമാനം സഹകരണം തെയ്യം കലാകാരന്മാരിൽ നിന്ന് ലഭിച്ചിട്ടുണ്ട്. തൃക്കരിപ്പൂർ തങ്കയം മാടത്തിൻ കീഴിൽ കർണ്ണമൂർത്തി കെട്ടിയ വൈരജാതൻ തെയ്യത്തിന്റെ ചിത്രം എടുക്കാൻ പോയപ്പോഴുള്ള അനുഭവം ഇന്നും മനസിൽ നിന്ന് മായുന്നില്ല. നൂറുകണക്കിന് കാമറാമാൻമാരുണ്ടാകും. മൊബൈൽ കാമറകൾ അതിന്റെ ഇരട്ടി. തിങ്ങിനിറഞ്ഞ ജനങ്ങളും. അവിടെ നിന്ന് ചിത്രം എടുക്കുന്നത് ദുഷ്കരമാണെന്ന് മനസിലാക്കി തെയ്യം പുറപ്പാടായ ഉടനെ ആയുധം വാങ്ങാൻ പോകുന്ന അപ്പുറത്തെ ക്ഷേത്രത്തിൽ കാത്തിരുന്ന് നല്ല ചിത്രം പകർത്തി. തെയ്യത്തിന്റെ ഈ ചടങ്ങ് അധികമാർക്കും അറിയില്ലായിരുന്നു. ഇന്ന് തെയ്യങ്ങളുടെ ചിത്രങ്ങൾ വാട്സ്ആപിലും ഗൂഗിളിലും വരും. അക്കാലത്ത് പോയി തന്നെ എടുക്കണമായിരുന്നു. ഉദ്ദേശിച്ച തെയ്യത്തിന്റെ ഫോട്ടോ കിട്ടാൻ ഓട്ടമാണ്. കിട്ടി എന്നുള്ള സംതൃപ്തിക്ക് വേണ്ടി മറ്റെല്ലാം ഉപേക്ഷിക്കുകയാണ്.
ഈ തെയ്യ പ്രപഞ്ചം അക്കാഡമികളുടെ കണ്ണിൽപ്പെട്ടില്ലേ?
അവാർഡുകൾ തേടി ഞാൻ ഇതുവരെ അങ്ങോട്ട് പോയിട്ടില്ല. അഞ്ചു പതിറ്റാണ്ടിലേറെയായി തെയ്യം കാമറാമാനായും അദ്ധ്യാപന രംഗത്തുമുണ്ട്. റിട്ടയർ ചെയ്തതിന് ശേഷവും തെയ്യങ്ങളുടെ ദൃശ്യഭംഗി കാമറയിൽ പകർത്തിയിട്ടുണ്ട്. നിലവിലുള്ള എല്ലാ തെയ്യങ്ങളുടെയും ഭാവങ്ങൾ പകർത്തിയ എന്നെ ജനങ്ങൾ അംഗീകരിച്ചിട്ടുണ്ട്. അവർ എന്നെ ആദരിച്ചിട്ടുമുണ്ട്. പ്രാദേശികമായി നിരവധി പുരസ്്കാരങ്ങൾ തന്നു. പിന്നെ സർക്കാർ അവാർഡും അക്കാഡമി അവാർഡും ലഭിക്കാൻ ശുപാർശയുമായി പോകണ്ടേ.അതിന് എനിക്ക് താത്പര്യമില്ല. സാക്ഷ്യപത്രത്തിന്റെയും ശുപാർശയുടെയും അടിസ്ഥാനത്തിൽ അക്കാഡമി പുരസ്കാരം നേടുന്നവർക്കിടയിൽ തെയ്യത്തെ സ്നേഹിച്ച് നടന്ന ഇദ്ദേഹം അംഗീകരിക്കപ്പെട്ടിട്ടില്ലെന്നു മാത്രം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |