ബീജിംഗ്: ലോകം അതിരൂക്ഷ കൊവിഡ് വ്യാപനത്തിൽ വലയുമ്പോൾ വൊറസിന്റെ പ്രഭവകേന്ദ്രമായ ചൈനയിലെ വുഹാൻ പ്രവിശ്യയിലെങ്ങും ആഘോഷങ്ങളാണ്. കൊവിഡ് മുക്തമായ വുഹാനിൽ കഴിഞ്ഞയാഴ്ച നടന്ന വുഹാൻ സ്ട്രോബെറി മ്യൂസിക് ഫെസ്റ്റിവലിൽ പതിനായിരങ്ങളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പങ്കെടുത്തത്.
മാസ്കക് പോലും ധരിക്കാതെയാണ് ആളുകൾ എത്തിയത്.
തൊഴിലാളി ദിനമായ മേയ് ഒന്നുമായി ബന്ധപ്പെട്ടാണ് മ്യൂസിക് ഫെസ്റ്റിവൽ സംഘടിപ്പിച്ചത്.
ഇതുമായി ബന്ധപ്പെട്ട് ചൈനയിൽ അഞ്ചു ദിവസം അവധിയുമുണ്ട്. മിക്ക ടൂറിസ്റ്റ് കേന്ദ്രങ്ങളിലും സഞ്ചാരികളുടെ വൻ തിരക്കായിരുന്നു അനുഭവപ്പെട്ടത്. റസ്റ്റോറന്റുകളിലും മറ്റും കുടുംബസമേതം നിരവധി ആളുകൾ എത്തി.
ചൈനീസ് വൻമതിലിനരികിലുള്ള നടപ്പാത നിറയെ സഞ്ചാരികളെക്കൊണ്ട് നിറഞ്ഞു. അവധിക്കാലത്തിന് മുന്നോടിയായി രാജ്യമെമ്പാടുമുള്ള ട്രെയിൻ സ്റ്റേഷനുകളിൽ ജനസഞ്ചയമായിരുന്നു. അതേസമയം, അവധിക്കാലത്ത് വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശകരുടെ എണ്ണത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്നും ആളുകളുടെ ഒഴുക്ക് നിയന്ത്രിക്കുന്നതിന് ടിക്കറ്റിംഗ് സംവിധാനങ്ങൾ നടപ്പിലാക്കണമെന്നും ചൈനീസ് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു.
കൊവിഡ് കാരണം കഴിഞ്ഞ വർഷം ഓൺലൈനായാണ് മ്യൂസിക് ഫെസ്റ്റിവൽ നടത്തിയത്.2020ൽ രണ്ടു മാസത്തോളം വുഹാനിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരുന്നു. ഈ വർഷം പരിപാടിയിൽ പങ്കെടുക്കാൻ കഴിയുന്നവരുടെ എണ്ണം 11,000 ആയി പരിമിതപ്പെടുത്തിയിരുന്നു. ഓരോ സ്റ്റേജിനും മുന്നിൽ സുരക്ഷാ ഉദ്യോഗസ്ഥർ കാവൽ നിന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |