SignIn
Kerala Kaumudi Online
Tuesday, 08 July 2025 7.32 AM IST

ചോദ്യം ചെയ്യാൻ ഭയക്കേണ്ട

Increase Font Size Decrease Font Size Print Page
questions

ഏപ്രിൽ 29 ലെ കേരളകൗമുദിയിൽ കെ. ജയകുമാറിന്റെ 'ജനാധിപത്യത്തിലെ സെൽഫ് ഗോൾ " എന്ന ലേഖനം വളരെയധികം ശ്രദ്ധേയമാണ്. ജനാധിപത്യ സംവിധാനത്തിൽ ഭരണം നിലനിൽക്കുന്നതും രാജ്യം പുരോഗമിക്കുന്നതും ജനങ്ങൾ ഐശ്വര്യപൂർണമായി കഴിയുന്നതും ഭരണകർത്താക്കളുടെയും ഉദ്യോഗസ്ഥ മേധാവികളുടെയും ഒത്തൊരുമയോടെയുള്ള പ്രവർത്തനത്തിന്റെ ഫലമായാണ്. അതിനായാണല്ലോ ജനങ്ങളുടെ അധികാരം അവരിൽ ആരോപിച്ച് ജനങ്ങളുടെ സമ്പത്തു മുടക്കി അവരെ നിലനിറുത്തിയിരിക്കുന്നത്. ജനങ്ങളുടെ സമ്പത്തിൽ ഭരണകർത്താക്കൾ വേണ്ടുവോളം അഭിരമിച്ചും ഉദ്യോഗസ്ഥർ ഇഷ്ടം പോലെ ആനുകൂല്യങ്ങൾ തട്ടിയെടുത്തും മതിമറന്ന് കഴിയുമ്പോൾ ജനജീവിതം അരാജകത്വത്തിലാവുകയാണ്. ഭരണത്തിലെ ദുഷ്‌പ്രവണത ആരെങ്കിലും ചൂണ്ടിക്കാട്ടിയാൽ അവൻ രാജ്യദ്രോഹിയാകും. കെ. ജയകുമാർ സൂചിപ്പിച്ചതുപോലെ നമ്മുടെ ജനാധിപത്യത്തെ ചോദ്യം ചെയ്യാൻ ഭയക്കുന്ന ഒരു സമൂഹമായി മാറിയോ നമ്മുടെ ജനത? അത് സംഭവിക്കാൻ പാടില്ല.

സി.കെ. കുട്ടപ്പൻ

മുട്ടട

നിയമത്തിന് മുന്നിൽ തുല്യരാണ്

ജനങ്ങൾ കൊവിഡ് രോഗത്താലും പ്രാണവായു ലഭിക്കാതെയും പിടഞ്ഞുവീണു മരിക്കുന്നു. ശവശരീരങ്ങൾ കൂട്ടിയിട്ട് കത്തിക്കുന്നു. രണ്ട് ജുഡിഷ്യൽ ഉദ്യോഗസ്ഥർക്കും ജീവൻ നഷ്ടപ്പെടുകയുണ്ടായി. ഭീകരമായ സാഹചര്യത്തിൽ സർക്കാരുകൾ നിഷ്‌ക്രിയരാകുന്നതിനെതിരെ കോടതിയുടെ വിമർശനവും ഇടപെടലും വേണ്ടിവരുന്നു. ഏതെങ്കിലുമൊരു വിഭാഗത്തിന് പ്രത്യേക സൗകര്യമൊരുക്കുന്നത് വിവേചനപരമാണെന്നും, ജുഡിഷ്യൽ ഉദ്യോഗസ്ഥർക്കും ജഡ്ജിമാർക്കും കുടുംബാംഗങ്ങൾക്കും ചികിത്സാ സൗകര്യമൊരുക്കണമെന്നുമാണ് കോടതി നിർദ്ദേശിച്ചത്. പഞ്ചനക്ഷത്ര ഹോട്ടലിൽ അവർക്കു ചികിത്സാ സൗകര്യമൊരുക്കിയ ഡൽഹി സർക്കാരിനെതിരെ കോടതി ശക്തമായ താക്കീതു നൽകി നിയമവ്യവസ്ഥയെ ഉയർത്തികാട്ടി.

നിയമത്തിന്റെ മുന്നിൽ എല്ലാവരും സമന്മാരാണെന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്ന ഗവൺമെന്റുകളെ സമത്വത്തെക്കുറിച്ച് ഓർമ്മിപ്പിക്കാൻ കോടതി ഇടപെടേണ്ടി വരുന്നത് ധർമ്മസങ്കടമാണ്. പാവം ജനങ്ങൾ, അശക്തരും അസംഘടിതരുമാണല്ലോ? അഞ്ചു വർഷത്തിലൊരിക്കൽ മാത്രമേ അവരെ ആവശ്യമുള്ളല്ലോ!

കെ.എ. മണിയൻ

കാവാലം

മരക്കൊമ്പുകൾ മുറിച്ചുമാറ്റണം

ഈയിടെ വർക്കല ശിവഗിരി റെയിൽവേ സ്റ്റേഷൻ കോമ്പൗണ്ടിൽ നിൽക്കുന്ന വലിയ ആൽമരങ്ങളുടെ ശിഖരങ്ങൾ റെയിൽവേ കോൺട്രാക്ട് നൽകി മുറിച്ചു മാറ്റുകയുണ്ടായി. പ്രത്യേകിച്ച് അപകടാവസ്ഥയിൽ റോഡിലേക്ക് ചാഞ്ഞ് നിൽക്കുന്നവ. റെയിൽവേ ഇക്കാര്യത്തിൽ തങ്ങളുടെ ഉത്തരവാദിത്വം ഏറ്റവും ഭംഗിയായി നിറവേറ്റി, അഭിനന്ദനങ്ങൾ. ഇതുപോലെ നഗരസഭ, കോർപ്പറേഷനുകൾ, പഞ്ചായത്ത് തലത്തിൽ റോഡിലേക്ക് ചാഞ്ഞു നിൽക്കുന്ന മരക്കൊമ്പുകളും വീഴാറായി നിൽക്കുന്ന മരങ്ങളും മുറിച്ച് മാറ്റാൻ ശ്രമിക്കണം.

ഭാസി

ചിലക്കൂർ

ഒരു നിശ്ചയമില്ല രണ്ടാം ഡോസിന്

ലോകമാനവരാശിയെ ഉന്മൂലനം ചെയ്തുവരുന്ന കൊവിഡ് എങ്ങനെയുണ്ടായെന്നോ ആരാണ് ഇതിന് ഉത്തരവാദിയെന്നോ അറിയാതെ ലോകമാകെ ഭീതിയിലാണ്. ഈ വൈറസ് വായുമണ്ഡലത്തിൽ പടർന്ന് പല രൂപത്തിലുള്ള ഭാവമാറ്റങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഇനിയും മാറ്റം വരാനുള്ള സാദ്ധ്യത ഏറെയാണ്. പന്നിപനി, പക്ഷിപ്പനി, നിപ്പ, ചിക്കുൻഗുനിയ, ഡെങ്കിപ്പനി, തക്കാളിപ്പനി, എയ്ഡ്സ് പോലുളള വൈറസ് തുടങ്ങി അനേകം വൈറസുകളുടെ ഉറവിടം കണ്ടെത്താനായ ശാസ്ത്രലോകത്തിന് എന്തുകൊണ്ട് കൊവിഡിന്റെ ഉത്ഭവം കണ്ടെത്താൻ കഴിയുന്നില്ലായെന്ന ചോദ്യം പ്രസക്തമാണ്.

കേരളത്തിൽ പ്രതിരോധ വാക്സിൻ ആദ്യം ആരോഗ്യ പ്രവർത്തകർക്കും അതുമായി ബന്ധപ്പെട്ടവർക്കും നൽകി. രണ്ടാമതായി 60 വയസിന് മുകളിലുളള മുതിർന്ന പൗരന്മാർക്ക് ആദ്യ ഡോസ് നൽകി. രണ്ടാം ഡോസ് 28 ദിവസം കഴിഞ്ഞ് എടുത്താൽ മതിയെന്നും അത് ആദ്യം വാക്സിൻ എടുത്ത ആശുപത്രിയിൽ തന്നെ ആയിരിക്കില്ലെന്നും മൊബൈലിൽ മെസേജ് വരുമെന്നും മെസേജിൽ പറയുന്ന തീയതിക്ക് ചെന്നാൽ മതിയെന്നും അധികൃതർ പറഞ്ഞിരുന്നു. എന്നാൽ ഇന്നുവരെ മുതിർന്ന പൗരന്മാരിൽ പലർക്കും ഈ മെസേജ് ലഭിച്ചിട്ടില്ല. സൈറ്റും കിട്ടുന്നില്ല.

ഡോ. തേമ്പാംമൂട് സഹദേവൻ

വെഞ്ഞാറമൂട്

TAGS: LETTERS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.