SignIn
Kerala Kaumudi Online
Friday, 26 April 2024 11.50 AM IST

വാതിലടച്ച് രണ്ടാംദിനം

road
റെഡ് സി​ഗ്നൽ ...... ലോക്ക് ഡൗണിന്റെ രണ്ടാം ദിനമായ ഇന്നലെ ജനങ്ങൾ സഹകരിച്ചതോടെ നഗരം വിജനമായി , പൊലീസിന് അധികം വെയിൽ കൊള്ളേണ്ടി വന്നില്ല , പത്തനംതിട്ട സെൻട്രൽ ജംഗ്ഷനിലെ കാഴ്ച

പത്തനംതിട്ട : ലോക്ക് ഡൗണിന്റെ രണ്ടാം ദിനമായ ഇന്നലെ പൊലീസ് പരിശോധന കർശനമാക്കിയതോടെ അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ ആളുകൾ പുറത്തിറങ്ങാൻ മടിച്ചു. ഞായറാഴ്ച കൂടിയായതിനാൽ പൊലീസിനും വാളണ്ടിയർമാർക്കും കൂടുതൽ പണിപ്പെടേണ്ടി വന്നില്ല. ജില്ലയ്ക്കകത്ത് എല്ലാ വഴികളും ബാരിക്കേഡ് നിരത്തി അടച്ചും അതിർത്തികളിൽ പരിശോധന കർശനമാക്കിയും പൊലീസ് നിയന്ത്രണം ഏറ്റെടുത്തു. ഇടവഴികളിൽ പോലും പൊലീസ് സാന്നിദ്ധ്യമുണ്ട്. ബൈക്ക് പട്രോളിംഗും നടത്തുന്നു. കൃത്യമായ പാസ് ഉള്ളവരെ മാത്രമാണ് കടത്തിവിടുന്നത്. ജില്ലയിലെ ഭൂരിഭാഗം പൊലീസ് ഉദ്യോഗസ്ഥർക്കും വാഹന പരിശോധനയുടെ ചുമതല നൽകിയിരിക്കുകയാണ്.

പൊതു അവധി ദിവസം ആയതിനാൽ ജില്ലയിലെ വ്യാപാര സ്ഥാപനങ്ങൾ മിക്കവയും അടഞ്ഞു കിടന്നു. ആശുപത്രി പരിസരങ്ങളിലെ മെഡിക്കൽ സ്റ്റോറുകൾ പ്രവർത്തിച്ചു.

പ്രെട്ടോക്കാേൾ ലംഘനം

2 ദിവസം : കേസുകൾ - 174

അറസ്റ്റിലായവർ - 165 പേർ

പിടികൂടിയ വാഹനങ്ങൾ - 9

വീണ്ടും ചിരിപ്പിച്ച് കുട്ടിപ്പൊലീസ്

പത്തനംതിട്ട: വിദ്യാർത്ഥികളിൽ ലോക്ക് ഡൗൺ സമ്മർദം കുറയ്ക്കാൻ ' ചിരി' പദ്ധതിയുമായി വീണ്ടും കുട്ടിപ്പൊലീസ്. കൊവിഡ് പരത്തുന്ന ഭീതിയും വീട്ടിലകപ്പെട്ടതിന്റെ ആശങ്കയിലും ആയിരിക്കുന്ന വിദ്യാർത്ഥികൾക്ക് ആശ്വാസം പകുരുന്നതിനായി എസ്.പി.സി പ്രോജക്ട് സംസ്ഥാനതലത്തിൽ നടപ്പിലാക്കിയ ഫോൺ കോൾ പദ്ധതിയിൽ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്കാണ് മാനസിക ഉല്ലാസം ലഭിച്ചത്. കുട്ടികളോ രക്ഷിതാക്കളോ 9497900200 എന്ന ടോൾ ഫ്രീ നമ്പറിലേക്ക് വിളിച്ചാൽ മതി. ഓമനിച്ചു വളർത്തിയ ആടിനെ നഷ്ടപ്പെട്ടതുമുതൽ ഓൺലൈൻ പഠന സൗകര്യമില്ലായ്മയും മാനസിക സമ്മർദവും പരിഹരിക്കപ്പെട്ട നിരവധി അനുഭവങ്ങൾ ചിരിയിലൂടെ നടപ്പിലായി. ജില്ലാ പൊലീസ് മേധാവി ആർ.നിശാന്തിനിയുടെ നേതൃത്വത്തിൽ അഡീഷണൽ എസ്.പി എൻ.രാജൻ, എസ്.പി.സി നോഡൽ ഓഫീസർ ആർ.പ്രദീപ് കുമാർ, എസ്.പി.സി, ജനമൈത്രി എ.ഡി.എൻ.ഒ മാരായ ജി.സുരേഷ് കുമാർ, എ.ബിനു എന്നിവർ ജില്ലയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും.

ചിരിക്കാൻ വിളിക്കുക ... 9497900200

വിവാഹത്തിന് കൂടുതൽ ആളുകൾ:

പൊലീസ് കേസെടുത്തു

വള്ളിക്കോട്: കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് വിവാഹ ചടങ്ങിൽ കൂടുതൽ ആളുകളെ പങ്കെടുപ്പിച്ചതിന് വധുവിന്റെ പിതാവിനെതിരെയുൾപ്പെടെ കേസെടുത്തു. വളളിക്കോട് ഭാഗത്തുളള കൺവെൻഷൻ സെന്ററിലാണ് ഇന്നലെ രാവിലെ വിവാഹചടങ്ങുകൾ നടന്നത്. ഇരുപത് പേർക്ക് പങ്കെടുക്കാനാണ് അനുമതി നൽകിയിരുന്നത്. എഴുപത്തിയഞ്ചോളം പേർ ചടങ്ങിനുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പതിനഞ്ചോളം സ്വകാര്യ വാഹനങ്ങളിൽ എത്തിയവർക്കെതിരെയും കൺവെൻഷൻ സെന്റർ മാനേജർക്കെതിരെയും കേസെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.