ദുബായ്: കൊവിഡിന്റെ ഇന്ത്യൻ വകഭേദം കണ്ടെത്തിയതിനെ തുടർന്ന് ഇന്ത്യയുടെ നാല് അയൽ രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾക്ക് വിലക്കേർപ്പെടുത്തി യു.എ.ഇ . പാകിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാൾ എന്നീ രാജ്യങ്ങളിൽ നിന്നുള്ള എല്ലാ യാത്രാ-ചരക്ക് വിമാനങ്ങൾക്കും യു.എ.ഇ വഴി മറ്റു രാജ്യങ്ങളിലേക്ക് പോകുന്ന ട്രാൻസിറ്റ് വിമാനങ്ങൾക്കുമാണ് നിരോധനം.
നാളെ രാത്രി 11.59 മുതൽ നിരോധനം പ്രാബല്യത്തിൽ വരും. യാത്രയ്ക്ക് തൊട്ടു മുമ്പുള്ള 14 ദിവസം ഈ നാലു രാജ്യങ്ങളിലൂടെ യാത്ര ചെയ്തവർക്കും നിരോധനം ബാധകമാണ്. യു.എ.ഇയിൽ നിന്ന് ഈ നാല് രാജ്യങ്ങളിലേക്കുള്ള യാത്രക്കാരെ കൊണ്ടുപോവുന്ന വിമാനങ്ങൾക്കും പ്രത്യേക അനുമതി ലഭിച്ചവരുമായി യു.എ.ഇയിലേക്ക് വരുന്ന വിമാനങ്ങൾക്കും നിരോധനം ബാധകമാവില്ലെന്നും അധികൃതർ അറിയിച്ചു.
യു.എ.ഇ പൗരന്മാർ, നയതന്ത്ര പ്രതിനിധികൾ, ബിസിനസ് വിമാനത്തിൽ യാത്ര ചെയ്യുന്നവർ, ഗോൾഡൻ വിസയുള്ളവർ തുടങ്ങിയവർക്കാണ് പ്രത്യേക അനുമതിയുള്ളത്. എന്നാൽ, ഇവർക്ക് 10 ദിവസത്തെ ക്വാറന്റൈൻ, പി.സി.ആർ പരിശോധനകൾ തുടങ്ങിയവ ബാധകമായിരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |