ന്യൂഡൽഹി: ഇന്ത്യയുടെ 2021 കലണ്ടർ വർഷത്തെ മൊത്ത ആഭ്യന്തര ഉത്‌പാദന (ജി.ഡി.പി) വളർച്ചാപ്രതീക്ഷ ഐക്യരാഷ്‌ട്ര സംഘടന (യു.എൻ) 7.5 ശതമാനമായി ഉയർത്തി. ജനുവരിയിൽ യു.എൻ വിലയിരുത്തിയതിനേക്കാൾ 0.2 ശതമാനം അധികമാണിത്. എങ്കിലും, കൊവിഡ് - ലോക്ക്ഡൗൺ പശ്ചാത്തലത്തിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ കനത്ത ചാഞ്ചാട്ടത്തിന് സാക്ഷ്യം വഹിച്ചേക്കാമെന്നും യു.എൻ ചൂണ്ടിക്കാട്ടുന്നു.
കൊവിഡിന്റെ രണ്ടാംതരംഗവും വാക്‌സിൻ ക്ഷാമവും ഒട്ടേറെ രാജ്യങ്ങളുടെ സമ്പദ്‌വളർച്ചയ്ക്കുമേൽ കരിനിഴലാകുന്നുണ്ട്. ഇന്ത്യയുടെ ആരോഗ്യരംഗത്തെ പരീക്ഷിക്കുംവിധമാണ് രണ്ടാംതരംഗം ആഞ്ഞടിച്ചത്. വാക്‌സിൻ വിതരണത്തിൽ ഇന്ത്യ ഏറെ മുന്നോട്ടുപോയിട്ടുണ്ട്. എന്നാൽ, വിതരണത്തിലെ അസമത്വവും ക്ഷാമവും തിരിച്ചടിയാണ്. 2020ൽ ജി.ഡി.പി വളർച്ചാനിരക്ക് 10.2 ശതമാനമായി മെച്ചപ്പെടുമെന്നും യു.എൻ വ്യക്തമാക്കി.
ലോകം വളരും 5.4%
ഈ വർഷം ആഗോള സാമ്പത്തിക വളർച്ച 2020ലെ നെഗറ്റീവ് 3.6 ശതമാനത്തിൽ നിന്ന് പോസിറ്റീവ് 5.4 ശതമാനമായി മെച്ചപ്പെടുമെന്ന് യു.എൻ കരുതുന്നു. കാര്യക്ഷമമായ വാക്‌സിൻ വിതരണം, കൊവിഡ് കേസുകളുടെ കുറവ് എന്നിവയുടെ പിൻബലത്തിൽ ചൈനയും അമേരിക്കയുമാണ് മികച്ച കരകയറ്റം ജി.ഡി.പിയിൽ കാഴ്‌ചവയ്ക്കുന്നത്. യു.എന്നിന്റെ ജനുവരിയിലെ റിപ്പോർട്ടിൽ പറഞ്ഞ വളർച്ചാപ്രതീക്ഷ ഈ വർഷം 4.7 ശതമാനമെന്നായിരുന്നു.
ദക്ഷിണേഷ്യ, സബ്-സഹാറൻ ആഫ്രിക്ക, ലാറ്റിൻ അമേരിക്ക, കരീബിയൻ രാജ്യങ്ങൾ എന്നിവയുടെ തളർച്ച തുടരും. ഇവ 2022-23ഓടെയേ കൊവിഡിന് മുമ്പത്തെ സമ്പദ്‌സ്ഥിതിയിലേക്ക് തിരിച്ചെത്തൂ.
ഇന്ത്യ, ബ്രസീൽ, ദക്ഷിണാഫ്രിക്ക എന്നിവയുടെ വളർച്ച 'ദുർബലം" ആയിരിക്കുമെന്ന് യു.എൻ കരുതുന്നു
അമേരിക്ക ഈ വർഷം 6.2 ശതമാനം വളരും. 1966ന് ശേഷം അമേരിക്കയുടെ ഏറ്റവും ഉയർന്ന വളർച്ചയാകുമത്.
ചൈനയ്ക്ക് പ്രതീക്ഷിക്കുന്ന വളർച്ച 8.2 ശതമാനം
6.9%
ഇന്ത്യ ഉൾപ്പെടുന്ന ദക്ഷിണേഷ്യയുടെ വളർച്ച ഈ വർഷം 6.9 ശതമാനമായിരിക്കും. 2020ൽ വളർച്ച നെഗറ്റീവ് 5.6 ശതമാനമായിരുന്നു.
ബ്രിട്ടൻ തളർന്നു; 1.5%
കൊവിഡ്, ലോക്ക്ഡൗൺ സാഹചര്യത്തിലും ഈവർഷം ജനുവരി-മാർച്ചിൽ ബ്രിട്ടീഷ് ജി.ഡി.പി തളർച്ച നെഗറ്റീവ് 1.5 ശതമാനത്തിൽ ഒതുങ്ങി. ലോക്ക്ഡൗണിൽ ഇളവുകൾ അനുവദിച്ചതോടെ മാർച്ചിൽ ജി.ഡി.പി വളർച്ച പോസിറ്റീവ് 2.1 ശതമാനത്തിലേക്ക് മെച്ചപ്പെടുകയും ചെയ്‌തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |