പത്തനംതിട്ട: ജില്ലയിൽ ഇന്നലെ 1204 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
27 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരും, 1177 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്.
വാക്‌സിനേഷൻ ആദ്യ ഡോസ്
ഇന്ന് ആരംഭിക്കും
ജില്ലയിൽ 45 വയസിനുമുകളിലുള്ളവർക്കുള്ള ആദ്യ ഡോസ് കോവിഡ് വാക്‌സിനേഷൻ ഇന്ന് ആരംഭിക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം )ഡോ.എ.എൽ ഷീജ അറിയിച്ചു.
11,000 ഡോസ് കോവിഷീൽഡ് വാക്‌സിനാണ് ജില്ലയിൽ ലഭിച്ചിട്ടുള്ളത്. ഇത് പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, കുടുംബാരോഗ്യ കേന്ദ്രങ്ങൾ എന്നിവ ഉൾപ്പെടെ 43 കേന്ദ്രങ്ങൾക്ക് നൽകും. കോവിഷീൽഡ് രണ്ടാം ഡോസ് എടുക്കേണ്ടത് ആദ്യ ഡോസ് എടുത്ത് 84 ദിവസം പൂർത്തിയാക്കിയവരാണ്. ഈ കാലയളവ് ആരും പൂർത്തീകരിക്കാനുള്ള സമയം ആയിട്ടില്ലാത്തതിനാൽ 45 വയസിനു മുകളിലുള്ളവർക്കുള്ള ആദ്യഡോസാണ് ഇപ്പോൾ നൽകുന്നത്.
ഓൺലൈൻ രജിസ്‌ട്രേഷൻ ഉണ്ടായിരിക്കുകയില്ല. ആശാപ്രവർത്തകർ മുൻകൂട്ടി അറിയിക്കുന്നതിന് അനുസരിച്ച് എത്തുന്ന ആളുകൾക്ക് തിരക്കൊഴിവാക്കി ടോക്കൺ കൊടുത്ത് വാക്‌സിൻ നൽകും. ഒരു ദിവസം 100 പേർക്ക് വീതമാണ് വാക്‌സിൻ നൽകുന്നത്.
9000 കോവാക്‌സിൻ ഡോസുകളാണ് ജില്ലയിൽ ലഭിച്ചിട്ടുള്ളത്. ഇത് ഏഴു പ്രധാന ആശുപത്രികളായ കോഴഞ്ചേരി ജില്ലാ ആശുപത്രി, പത്തനംതിട്ട, അടൂർ ജനറൽ ആശുപത്രികൾ, കോന്നി, റാന്നി, മല്ലപ്പള്ളി, തിരുവല്ല താലൂക്ക് ആശുപത്രികൾ, 10 ബ്ലോക്ക്തല സാമൂഹികാരോഗ്യ കേന്ദ്രങ്ങൾക്കുമായി നൽകും. ഇതിൽ 80 ശതമാനം ഓൺലൈൻ രജിസ്ട്രഷനും ബാക്കി സ്‌പോട്ട് രജിസ്‌ട്രേഷനിലൂടെയുമാണു നൽകുന്നത്. ഇന്നലെ വൈകിട്ട് 5 മുതൽ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു. ഒരു ദിവസം 250 പേർക്ക് വീതം വാക്‌സിൻ നൽകും.
18 വയസു മുതൽ 45 വയസുവരെയുള്ളവർക്കുള്ള വാക്‌സിനേഷൻ ആരംഭിച്ചിട്ടില്ല. വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ തിരക്കൊഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെന്ന് ജില്ല മെഡിക്കൽ ഓഫീസർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |