ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനാറ് കോടി മുപ്പത്തിയൊന്ന് ലക്ഷം കടന്നു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം ആറ് ലക്ഷത്തിലധികം പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ വൈറസ് ബാധ സ്ഥിരീകരിച്ചത്. മരണസംഖ്യ 33.83 ലക്ഷം പിന്നിട്ടു. ഇന്നലെ മാത്രം 11,000ത്തിലധികം മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.നിലവിൽ ഒരുകോടി എഴുപത്തിരണ്ട് ലക്ഷം പേർ ചികിത്സയിലുണ്ട്.
കഴിഞ്ഞ കുറച്ച് ആഴ്ചകളായി പ്രതിദിന രോഗികളുടെ എണ്ണത്തിൽ ഇന്ത്യയാണ് ലോകത്ത് ഒന്നാം സ്ഥാനത്ത്. വെള്ളിയാഴ്ച 3.53 ലക്ഷം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം രണ്ട് കോടി നാൽപത്തിമൂന്ന് ലക്ഷം പിന്നിട്ടു. മരണസംഖ്യ 2.66 ലക്ഷമായി ഉയർന്നു.
അതേസമയം രാജ്യത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.8 ശതമാനമായി കുറഞ്ഞതായി കേന്ദ്ര സർക്കാർ അറിയിച്ചു. കഴിഞ്ഞാഴ്ച 21.9 ശതമാനമായിരുന്നു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 11 സംസ്ഥാനങ്ങളിൽ ഒരു ലക്ഷത്തിലധികം പേർ ചികിത്സയിലുണ്ട്.
രോഗബാധിതരുടെ എണ്ണത്തിൽ അമേരിക്ക തന്നെയാണ് ഇപ്പോഴും ഒന്നാം സ്ഥാനത്ത്. യുഎസിൽ മൂന്ന് കോടി മുപ്പത്തിയാറ് ലക്ഷം പേർക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. മരണസംഖ്യ ആറ് ലക്ഷത്തോട് അടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |