SignIn
Kerala Kaumudi Online
Friday, 26 April 2024 7.59 AM IST

ട്രിപ്പിൾ ലോക്കിട്ട് കലികാലം

lockdown

കൊവിഡ് മഹാമാരി ഒന്നടങ്ങിയശേഷം ഇരട്ടിശക്തിയിൽ ആഞ്ഞടിച്ചതോടെ ദുരിതക്കയത്തിലായവരുടെ മേൽ ഇടിത്തീയാവുകയായിരുന്നു കാറ്റും പെരുമഴയും. മഹാമാരിക്കാലത്തെ ട്രിപ്പിൾ ലോക്ക് ഡൗണും പേമാരിയും സാമ്പത്തികദുരിതവും ചേർന്നപ്പോൾ അക്ഷരാർത്ഥത്തിൽ ട്രിപ്പിൾ ലോക്കിലായി ജനം. അറബിക്കടലിന്റെ തീരത്ത് ഭീതി വിതയ്ക്കുന്ന ടൗക് തേ ചുഴലിക്കാറ്റ് തൃശൂരിന്റെ തീരമേഖലയിൽ ആഞ്ഞടിച്ച് സൃഷ്ടിച്ചത് പ്രവചനാതീതമായ പെരുമഴ തന്നെയായിരുന്നു. കേരള തീരത്തേക്ക് അടുക്കാതെ വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. 13 ന് കൊടുങ്ങല്ലൂരിലും ഏനാമാക്കലിലും അതിതീവ്രമഴയാണ് രേഖപ്പെടുത്തിയത്. 20 സെ.മി. ആയിരുന്നു കൊടുങ്ങല്ലൂരിലെ മഴ. 18.5 സെ.മി ഏനാമാക്കലിലും. സംസ്ഥാനത്തെ തന്നെ ഉയർന്ന മഴയായിരുന്നു ഇത്. അടുത്ത കാലത്തൊന്നും മേയ് മാസത്തിന്റെ തുടക്കത്തിൽ ഇതുപോലെ ശക്തമായ മഴ ഉണ്ടായിട്ടില്ല. കാലവർഷം തുടങ്ങാനിരിക്കെ, പെട്ടെന്നുളള ചുഴലിക്കാറ്റ് തീരമേഖലയിൽ വൻ കടലേറ്റങ്ങൾക്ക് വഴിയൊരുക്കുമെന്ന സൂചനയും ടൗക് തേ നൽകുന്നുണ്ട്. മലയോര മേഖലകളിലും ആശങ്ക ഒഴിഞ്ഞിട്ടില്ല. അപകട ഭീഷണിയിലുള്ള അൻപതിലേറെ മരങ്ങളാണ് തൃശൂർ - പാലക്കാട് ദേശീയപാതയിലെ കുതിരാനിലുളളത്. മണ്ണിടിച്ചിൽ ഭീഷണിയുമുണ്ട്. കഴിഞ്ഞ ദിവസം മരവും വൈദ്യുതി പോസ്റ്റും ലോറിയുടെ മുകളിൽ വീണിരുന്നു. അടിയന്തര സാഹചര്യത്തിൽ ഓക്‌സിജൻ വാഹനങ്ങളും ആംബുലൻസുകളും കടത്തി വിടുന്നതിനായി കുതിരാൻ തുരങ്കത്തിന്റെ ഗുഹാമുഖത്ത് നിന്നും മണ്ണും കല്ലും നീക്കി തുടങ്ങിയിട്ടുണ്ട്. കിഴക്ക്, പടിഞ്ഞാറ് ഭാഗത്തെ രണ്ട് തുരങ്ക മുഖങ്ങളിൽ നിന്നും ഒരേസമയമാണ് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചു മണ്ണും കല്ലുകളും നീക്കുന്നത്. കുതിരാൻ ഭാഗത്തു ദേശീയപാതയിൽ ഏതെങ്കിലും തരത്തിൽ തടസം ഉണ്ടായാൽ കുതിരാനിലെ പൂർത്തിയായ തുരങ്കം വഴി ഓക്‌സിജൻ വാഹനം കടത്തി വിടുന്നതിനാണ് തീരുമാനിച്ചിട്ടുള്ളത്. കുതിരാനിലെ തൃശൂർ ഭാഗത്തേക്കുള്ള തുരങ്കത്തിന്റെ രണ്ട് മുഖങ്ങൾക്ക് സമീപവും പാറപൊട്ടിക്കൽ നടക്കുന്നുണ്ട്. ശക്തമായ മഴയിൽ കഴിഞ്ഞദിവസം മരം വീണ് ഗതാഗതം മുടങ്ങിയതോടെ ഉടൻ തുരങ്ക കവാടത്തിന് മുൻവശത്തെ കല്ലുംമണ്ണും നീക്കാൻ നിർദ്ദേശിച്ചിരുന്നു. പുഴകളിൽ മത്സ്യബന്ധനം, അനുബന്ധ പ്രവൃത്തികൾ എന്നിവയ്ക്ക് നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. എന്തായാലും വലിയ ദുരന്തങ്ങളില്ലാത ചുഴലിക്കാറ്റ് കടന്നുപോയതിൽ ആശ്വസിക്കാം.

ട്രിപ്പിൾ നടപ്പാക്കാൻ

ഭഗീരഥപ്രയത്നം

ട്രിപ്പിൾ ലോക്ക് ഡൗൺ തുടങ്ങിയതോടെ ജില്ല അക്ഷരാർത്ഥത്തിൽ നിശ്ചലമായി. ട്രിപ്പിൾ ലോക്ക് ഡൗൺ നടപ്പാക്കാനും മഴക്കെടുതിയെ തുടർന്നുള്ള രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാനും പൊലീസ്, റവന്യൂ ഉദ്യോഗസ്ഥ സംഘം ഏറെ പണിപ്പെടുന്നുണ്ട്. വൻ പൊലീസ് ഉദ്യോഗസ്ഥ സന്നാഹം തന്നെ നിരത്തിലുണ്ട്. ചില പഞ്ചായത്തുകൾ മുഴുവനായും കണ്ടെയ്ൻമെന്റ് സോണാണ്. കടലേറ്റമോ മഴയോ തുടർന്നാൽ ജനങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിക്കേണ്ടി വരും. ഇതിൽ കൊവിഡ് രോഗബാധിതർക്കും സമ്പർക്കത്തിൽ വന്നവർക്കും പ്രത്യേകം സൗകര്യം ഒരുക്കണം. തീരമേഖലയിലാണ് ഇത് കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുക. മലയോര മേഖലകളിലും സ്ഥിതി വ്യത്യസ്തമാകില്ല. വീടുകൾ പൂർണമായി നഷ്ടമായവർക്ക്, പകരം സൗകര്യം തയാറാകുന്നതു വരെ ക്യാമ്പുകളിൽ തുടരേണ്ടിവരും. ക്യാമ്പുകൾക്കായി കൂടുതൽ കെട്ടിടങ്ങൾ ജില്ലാ ഭരണകൂടം ഏർപ്പാടാക്കിയിട്ടുണ്ടെങ്കിലും ട്രിപ്പിൾ ലോക്ഡൗൺ ഉളളതിനാൽ കൂടുതൽ കരുതൽ വേണ്ടി വരും. നിലവിൽ ജില്ലയിലുള്ള പൊലീസ്, റവന്യൂ സംവിധാനം ഉപയോഗിച്ച് മാത്രമേ സർക്കാർ നിർദ്ദേശം നടപ്പാക്കാനും കഴിയുകയുളളൂ.

തീവ്രവ്യാപന മേഖലകളിലെ സമ്പർക്കം ഒഴിവാക്കുന്നതാണ് ട്രിപ്പിൾ ലോക്ഡൗണിന്റെ മുഖ്യലക്ഷ്യം. ജില്ലയിലെ സ്ഥിതി നിയന്ത്രണാതീതമായതിനാൽ ട്രിപ്പിൾ ലോക് ഡൗൺ വരുന്നതോടെ രോഗനിയന്ത്രണം സാദ്ധ്യമാകുമെന്നാണ് ആരോഗ്യവകുപ്പിന്റേയും ഭരണകൂടത്തിന്റേയും പ്രത്യാശ.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിന് മുകളിലുള്ള ജില്ലകൾ അടച്ചിടണമെന്ന് ഐ.സി.എം.ആർ നിർദ്ദേശിച്ചിരുന്നു. ആറുമുതൽ എട്ട് ആഴ്ചവരെ അടച്ചിടണമെന്നാണ് ശുപാർശ. ലോക്ഡൗൺ കർശനമായി നടപ്പാക്കിയാൽ മാത്രമേ അതിവേഗം പടരുന്ന കൊവിഡ് തരംഗത്തെ പിടിച്ചുനിറുത്താനാകൂ എന്നാണ് ഐ.സി.എം.ആറിന്റെ നിഗമനം.

താങ്ങാനാകാതെ

ജീവിതപ്രാരാബ്ധങ്ങൾ

ബസ് ജീവനക്കാരും ഓട്ടോ തൊഴിലാളികളും കൂലിപ്പണിക്കാരും ഹോട്ടൽ തൊഴിലാളികളും തുടങ്ങി ഐ.ടി. പ്രൊഫഷണൽസും ബാങ്ക് ജീവനക്കാരും വരെ രണ്ടാം തരംഗത്തിൽ സാമ്പത്തിക ഞെരുക്കത്തിലായിട്ടുണ്ട്. ലോക് ഡൗണിലും തൊഴിലെടുക്കാൻ അനുമതിയുളളവർക്ക് പൊലീസിന്റെ കർശനനിർദ്ദേശങ്ങൾ തിരിച്ചടിയാകുന്നതായും ആരോപണമുണ്ട്. ഹോം ഡെലിവറി, പാഴ്സൽ വിതരണം നടത്തുന്നതിന് പ്രവർത്തിക്കുന്ന ഇരുപത് ശതമാനം മാത്രം ഹോട്ടലുകളിലെയും ആശുപത്രി കാന്റീനുകളിലെയും ഭക്ഷണ നിർമ്മാണ ജോലിക്കാർക്കും ഉടമകൾക്കും ഡെലിവറി ബോയ്‌സിനും ജോലിക്ക് വരുമ്പോൾ തിരിച്ചറിയൽ കാർഡ് കാണിച്ചിട്ട് പോലും അഞ്ഞൂറ് രൂപ പൊലീസ് പിഴ ചുമത്തിയതായി പരാതിയുണ്ട്. ജനങ്ങൾ ഭൂരിഭാഗവും ഹോട്ടലുകളിലെ പാഴ്സൽ, ഹോം ഡെലിവറി ഭക്ഷണത്തെ ആശ്രയിക്കുന്ന സമയമാണിത്. ലോക് ഡൗൺ സമയത്ത് സർക്കാർ നിർദ്ദേശം മാനിച്ച് ഇത്രയേറെ വിഷമങ്ങൾ സഹിച്ച് കുറച്ച് ഹോട്ടലുടമകൾ മാത്രമേ പാഴ്സൽ, ഹോം ഡെലിവറി നടത്തുന്നുമുള്ളൂ. തിരിച്ചറിയൽ രേഖകൾ കാണിക്കുന്ന ജീവനക്കാരെയും ഉടമകളേയും തടയാൻ ശ്രമിക്കരുതെന്ന് കേരള ഹോട്ടൽ ആൻഡ് റസ്‌റ്റോറന്റ് അസോസിയേഷൻ ജില്ലാ സെക്രട്ടറി സി. ബിജുലാൽ ആവശ്യപ്പെട്ടു. എന്തായാലും ഈ ദുരിതക്കയത്തിൽ നിന്ന് കരകയറാൻ പെട്ടെന്ന് കഴിയുമെന്ന പ്രതീക്ഷ ആർക്കുമില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KOMBUM THUMBEEM, TRIPLE LOCKDOWN
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.