SignIn
Kerala Kaumudi Online
Saturday, 27 April 2024 7.46 AM IST

ശ്രീനാരായണ ദർശന സപര്യ

guru-

മനുഷ്യരാശി ആകമാനം വല്ലാത്ത ഭീതിയിലൂടെ കടന്നുപോകാൻ തുടങ്ങിയിട്ട് ഒരു വർഷം പിന്നിട്ടിരിക്കുന്നു.കൊവിഡ് വൈറസ് മനുഷ്യകുലത്തെ സ്തംഭിപ്പിച്ചിരിക്കുകയാണ്. ആരോഗ്യമെന്നത് ശാരീരികവും മാനസികവും ബൗദ്ധികവും സാമൂഹികവും സാംസ്‌കാരികവും ചേർന്നതാണ്. ഓരോന്നിനും അതിന്റേതായ സ്വാധീനമുണ്ട്. ഈ വൈറസ് മനുഷ്യന്റെ മനസിനെയും തളർത്തിക്കളയുന്നു. ഇത് മനസിലാക്കിയാണ് ശിവഗിരിയുടെ ഔദ്യോഗിക യൂട്യൂബ് ചാനലായ ശിവഗിരി ടിവിയിലൂടെ ജനഹൃദയങ്ങളിലേക്ക് അറിവ് എത്തിച്ചുകൊണ്ടിരിക്കുന്നത്.
പഠിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടത്തെയാണ് ബ്രഹ്മചര്യ കാലഘട്ടമെന്ന് പറയുന്നത്. ഒരു കുഞ്ഞിന്റെ സംസ്‌കാരം പാകപ്പെടുത്തേണ്ട സമയമാണിത്. മാതാപിതാക്കൾക്കും അദ്ധ്യാപകർക്കും വ്യക്തമായ ദിശാബോധം ഉണ്ടായിരിക്കുകയും അത് കുട്ടികളിലേക്ക് പകർന്ന് കൊടുക്കുകയും വേണം. ധാർമ്മികമായ മൂല്യങ്ങൾ ഈ പ്രായത്തിൽ കുട്ടികളിലേക്ക് പകർന്ന് കൊടുക്കേണ്ടതുണ്ട്. പ്രകൃതിസംരക്ഷണവും ധാർമ്മിക മൂല്യങ്ങളും അടിത്തറയാക്കി ഭൗതികവിദ്യാഭ്യാസം കൊടുക്കുമ്പോൾ കുട്ടികളുടെ മനോനില വികലമാകില്ല. പക്ഷേ സത്യസന്ധമായ മുൻവിധികളില്ലാത്ത ജാതി-മത-വർഗ-വർണ - കക്ഷി രാഷ്ട്രീയ ചുവയില്ലാത്ത ഒരു സംസ്‌കാരത്തിലൂന്നിയ വിദ്യാഭ്യാസം എന്തുകൊണ്ട് നമുക്ക് കൊടുക്കാൻ സാധിക്കുന്നില്ലെന്ന് ആലോചിക്കേണ്ടതാണ്.

ഈ ലോകം നിലനില്‌ക്കുന്നത് ഗൃഹസ്ഥാശ്രമത്തിലാണ്. ഒരു കുഞ്ഞ് എപ്പോൾ എന്തിനുവേണ്ടി ജനിക്കണമെന്ന് തീരുമാനിക്കേണ്ടത് ഗൃഹസ്ഥാശ്രമത്തിലാണ്. പക്ഷെ ക്ഷണിക്കപ്പെടാത്ത അതിഥികളെപ്പോലെയാണ് ഇന്ന് കുഞ്ഞുങ്ങളുടെ ജനനം. ഈ ദോഷം പരിഹരിക്കണമെന്ന് ഗുരു പറയുന്നു. യഥാർത്ഥത്തിൽ ഒരു കുഞ്ഞിന്റെ സംസ്‌കാരം രൂപപ്പെടുന്നത് ഗർഭാവസ്ഥയിലാണ്. ആ സമയത്ത് ഗർഭിണിയുടെ മാനസികാവസ്ഥ എപ്രകാരം ആയിരിക്കണമെന്ന് ഗുരുക്കന്മാർ എഴുതിവച്ചിട്ടുണ്ട്.
മൂന്നാമത്തെ ഘട്ടമാണ് വാനപ്രസ്ഥാശ്രമം. ഇന്ന് നമുക്ക് അതിനുളള സംവിധാനം കുറവാണ്. മക്കളുടെ വിവാഹം കഴിഞ്ഞ് ഉത്തരവാദിത്തമെല്ലാം മക്കളെ ഏല്പിച്ച് ഭാര്യയും ഭർത്താവും പിന്നീടുളള കാലം ഈശ്വരപരമായ കാര്യങ്ങളിൽ ചെലവഴിക്കേണ്ടുന്ന ഒരവസ്ഥ അഥവാ ആശ്രമം. ഇതിനുളള മനസ് ഇന്നുളളവർക്കില്ല എന്നുളളത് സത്യം. ഇവർ മക്കളുടെ എല്ലാ കാര്യങ്ങളിലും ആവശ്യത്തിനും അനാവശ്യത്തിനും ഇടപെടുമ്പോൾ അവർക്ക് ഇഷ്ടപ്പെടാതെ വരികയും സാവധാനത്തിൽ മാതാപിതാക്കളെ ഏതെങ്കിലും വൃദ്ധസദനത്തിൽ കൊണ്ടുവിടുകയും ചെയ്യും. ഇത് മറ്റൊരു ദുരന്തമാണ്.
നാലാമത്തേതാണ് സംന്യാസം. ഭൗതികമായ കാര്യങ്ങളുടെ നിരർത്ഥകത മനസിലാക്കി ശിഷ്ടകാലം ജീവിക്കുക. മടിയൻമാരായി ജീവിക്കുക എന്ന് അതിന് അർത്ഥമില്ല. ജീവിതത്തിൽ നിന്നുളള ഒളിച്ചോട്ടവുമല്ല മറിച്ച് യഥാർത്ഥ ജീവിതത്തെ നേരിടുക എന്നതാണ്. 2020 ൽ കൊറോണ മൂലം ജനങ്ങൾ വല്ലാത്ത മാനസിക സമ്മർദ്ദത്തിൽപ്പെട്ടപ്പോൾ ശ്രീനാരായണ ഗുരുദേവൻ സനാതന ഋഷിപാരമ്പര്യം ഉൾക്കൊണ്ടുകൊണ്ട് മാനവരാശിയുടെ ഉന്നമനത്തിന്‌ വേണ്ടി നൽകിയ അടിസ്ഥാന തത്വങ്ങൾ ശിവഗിരിമഠത്തിന്റെ യൂട്യൂബ് ചാനലിലൂടെ മുടങ്ങാതെ ജനങ്ങളിലേക്ക് എത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ ദർശന സപര്യ തുടങ്ങിയത്. മേയ് 28 ന് അത് 365 ദിനങ്ങൾ പിന്നിടുകയാണ്. വിശക്കുന്നവന്റെ മുൻപിൽ വേദാന്തം പറഞ്ഞാൽ വിശപ്പ് മാറില്ല. അവന് ഭക്ഷണമാണ്‌ വേണ്ടത്. വേണ്ടത്‌ വേണ്ട സമയത്ത് മനുഷ്യന് എത്തിച്ച് കൊടുക്കുകയാണ് നാമോരോരുത്തരും ചെയ്യേണ്ടത്. ഇവിടെ ശിവഗിരിമഠം പ്രധാനമായും ചെയ്യുന്നത് ഗുരുവിന്റെ ദർശനത്തിലൂന്നി നിന്നുകൊണ്ട് മാനവരാശിയ്ക്ക് ഭൗതികമായും മാനസികമായും ഒരു കൈത്താങ്ങ്. അത് ഒരു പരിധി വരെ ചെയ്യാൻ സാധിച്ചു, ചെയ്തുകൊണ്ടിരിക്കുന്നു. ശ്രുതിയും സ്മൃതിയും കൂടിചേരുമ്പോഴാണ് ദർശന സപര്യ പൂർണമാകുന്നത്. ശ്രീനാരായണ ഗുരുദേവന്റെ പൂർണതയും ഇവിടെ നമുക്ക് കാണാൻ സാധിക്കും

ഗുരുവിന്റെ ഏത് ദാർശനിക കൃതി നോക്കിയാലും ഉപനിഷദ് പ്രതിപാദിതമായ ബ്രഹ്മസത്യത്തെക്കുറിച്ചും ജഗത് മിഥ്യയെക്കുറിച്ചും പല തലത്തിൽ പലകോണുകളിലൂടെയും ജിജ്ഞാസുവിനെ മനസിലാക്കാൻ ശ്രമിക്കുന്നത് കാണാം. ശ്രീനാരായണ ഗുരുദേവനും വിവേകാനന്ദസ്വാമിയും ഒക്കെ ബ്രഹ്മ സത്യം ജഗത് മിഥ്യ എന്ന അഭിപ്രായക്കാരായിരുന്നു. ഗുരു ഈ മിഥ്യയെക്കുറിച്ച് പച്ചമലയാളത്തിൽ പറഞ്ഞിരിക്കുന്നത് 'കണ്ണുകൊണ്ടു കാണുന്നതൊന്നും നിത്യമല്ല' എന്നാണ് . ആധുനിക സയൻസും പറയുന്നത് ഈ കണ്ണുകൊണ്ട് കാണുന്ന ജഡമായ വസ്തുക്കൾ യഥാർത്ഥത്തിൽ ജഡമല്ല, മറിച്ച് എനർജിയാണെന്നാണ്. കൊവിഡ് പടർന്നുപിടിച്ചു കൊണ്ടിരിക്കുന്ന ഈ സന്ദർഭത്തിൽ എപ്പോൾ വേണമെങ്കിലും ശരീരം വിട്ടുപോകാം. അതിന് മുമ്പ് അവനവന്റെ സ്വരൂപത്തെ തിരിച്ചറിയണം. ഗുരുവും പറയുന്നത് അതാണ്. ഇതിന്റെ വിശദീകരണം ഗുരുവിന്റെ കൃതിയിലൂടെ വെളിപ്പെടുത്തുന്നുണ്ട്. എത്രയുംവേഗം അതെല്ലാം പഠിച്ച് ജീവിതം കൃതകൃത്യമാക്കണം. മനുഷ്യന്റെയും ലോകത്തിന്റെയും സമഗ്രമായ വികാസത്തിന് ശാസ്ത്രീയമാനം നൽകിയ ശ്രീനാരായണ ഗുരുദേവ ദർശന സപര്യ ഈ കൊവിഡ് കാലത്ത് ശിവഗിരി മഠം അവതരിപ്പിച്ചത് അതിനാണ്.

മഠത്തിലെ സംന്യാസിമാരായ സ്വാമി വിശുദ്ധാനന്ദ, സ്വാമി ശിവസ്വരൂപാനന്ദ സ്വാമി,സ്വാമി അവ്യയാനന്ദ , സ്വാമി ബ്രഹ്മസ്വരൂപാനന്ദ, സ്വാമി സാന്ദ്രാനന്ദ എന്നിവരും പ്രൊഫ. അജയൻ പനയറ മങ്ങാട് ബാലചന്ദ്രൻ എന്നിവരുമാണ് ക്ളാസുകൾ നയിക്കുന്നത്. കൂടുതൽ സജ്ജനങ്ങൾ ശിവഗിരി മഠത്തിന്റെ യൂട്യൂബ് ചാനലായ ശിവഗിരി ടിവി.യിൽ ഈ ദർശന സപര്യയിൽ പങ്കാളികളായി മനസും ശരീരവും കൂടുതൽ ബലമുള്ളതാക്കി ഈ അവസ്ഥയെ മറികടക്കാൻ ശ്രമിക്കുക. ഗുരുകാരുണ്യം ഏവർക്കും ഉണ്ടാകട്ടെ.

(ലേഖകൻ ശിവഗിരി മഠം ജനറൽ സെക്രട്ടറിയാണ്)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GURU SAPRYA
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.