തിരുവനന്തപുരം: സെൻട്രൽ സ്റ്റേഡിയത്തിൽ ആളിനെക്കൂട്ടിയുള്ള സത്യപ്രതിജ്ഞയ്ക്കെതിരെ സോഷ്യൽ മീഡിയയിലടക്കം വ്യാപക പ്രതിഷേധം. പ്രോട്ടോക്കോൾ ലംഘിച്ചും നൂറുകണക്കിന് ആൾക്കാരെ പങ്കെടുപ്പിച്ചുമുള്ള സത്യപ്രതിജ്ഞാചടങ്ങ് ജനദ്രോഹമാണെന്ന് ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ പറഞ്ഞു.
സത്യപ്രതിജ്ഞ ഓൺലൈനായി നടത്തണമെന്ന് നടി പാർവതി തിരുവോത്ത് ആവശ്യപ്പെട്ടു. വിരലിലെണ്ണാവുന്ന ആളുകളെവച്ച് മകളുടെ വിവാഹം നടത്തിയത് സഹോദരങ്ങളും സുഹൃത്തുക്കളും ഇല്ലാഞ്ഞിട്ടല്ലെന്ന് എഴുത്തുകാരി ശാരദക്കുട്ടി സോഷ്യൽ മീഡിയയിൽ കുറിച്ചു.
സത്യപ്രതിജ്ഞ ട്രിപ്പിൾ ലോക്ക്ഡൗൺ മാനദണ്ഡത്തിന്റെ ലംഘനമാണെന്നുകാണിച്ച് ഡെമോക്രാറ്റിക് പാർട്ടി സംസ്ഥാന പ്രസിഡന്റ് ജോർജ് സെബാസ്റ്റ്യനും അഡ്വ. അനിൽ തോമസും ഹൈക്കോടതി ചീഫ് ജസ്റ്റിസിനും സീനിയർ ജഡ്ജിമാർക്കും പരാതി നൽകി.
മുഖ്യമന്ത്രി പറഞ്ഞ 500 പേരിൽ ഞങ്ങളില്ലെന്ന് പാലക്കാട് എം.എൽ.എ ഷാഫി പറമ്പിലും മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ.പി.എ. മജീദും ഫേസ്ബുക്കിൽ കുറിച്ചു. സത്യപ്രതിജ്ഞ യു.ഡി.എഫ് ബഹിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് എൻ.കെ. പ്രേമചന്ദ്രൻ എം.പിയും എം.എസ്.എഫും അടക്കമുള്ളവർ രംഗത്തെത്തി. ഇന്ത്യൻ മെഡിക്കൽ അസോസിയേഷനുൾപ്പെടെയുള്ളവർ വിമർശനമുയർത്തിയിട്ടുണ്ട്.
കേക്ക് മുറിക്കലിനെതിരെ വീണ്ടും പരാതി
എ.കെ.ജി സെന്ററിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കേക്ക് മുറിച്ചു നടത്തിയ വിജയാഘോഷം കൊവിഡ് പ്രോട്ടോക്കോൾ ലംഘനമാണെന്നും കേസെടുത്ത് അന്വേഷണം നടത്തണമെന്നുമാവശ്യപ്പെട്ട് കേരള കോൺഗ്രസ് ജോസഫ് വിഭാഗം വർക്കിംഗ് ചെയർമാൻ പി.സി. തോമസ് കന്റോൺമെന്റ് പൊലീസിൽ പരാതി നൽകി.
യു.ഡി.എഫ് വെർച്വലായി പങ്കെടുക്കും
സത്യപ്രതിജ്ഞയിൽ വെർച്വലായി പങ്കെടുക്കുമെന്ന് യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ പറഞ്ഞു. യു.ഡി.എഫ് ചടങ്ങ് ബഹിഷ്കരിക്കുന്നില്ല. എല്ലാവരും വീട്ടിലിരുന്ന് ടി.വിയിൽ ചടങ്ങ് കാണും.
ചീഫ് ജസ്റ്റിസിന് പരാതി നൽകി
മന്ത്രിസഭ സത്യപ്രതിജ്ഞ നടത്തുന്നതിനെതിരെ ഹൈക്കോടതി ഇടപെടണമെന്നാവശ്യപ്പെട്ട് ബി.ജെ.പി എറണാകുളം ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ ചീഫ് ജസ്റ്റിസ് എസ്. മണികുമാറിന് പരാതി സമർപ്പിച്ചു.
സുപ്രീം കോടതിയിൽ ഹർജി
ട്രിപ്പിൾ ലോക്ക് ഡൗണിലും അഞ്ഞൂറു പേരെ പങ്കെടുപ്പിച്ച് രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ നടത്തുന്നതിനെതിരെ സുപ്രീംകോടതിയിൽ സാമൂഹിക പ്രവർത്തകൻ കെ.എം. ഷാജഹാൻ ഹർജി നൽകി.
ചീഫ് ജസ്റ്റിസിന് അഭിഭാഷകന്റെ കത്ത്
കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് സത്യപ്രതിജ്ഞ ചെയ്യുന്നത് ഹൈക്കോടതി തടയണമെന്നാവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ എന്നിവർക്ക് കൊച്ചി സ്വദേശി അഡ്വ. അനിൽ തോമസ് കത്തു നൽകി.
'ചികിത്സാനീതി" ഹർജി നൽകി
മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ലോക്ക് ഡൗൺ, ട്രിപ്പിൾ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പാലിച്ചു നടത്താൻ നിർദ്ദേശിക്കണമെന്നാവശ്യപ്പെട്ട് തൃശൂരിലെ 'ചികിത്സാനീതി' എന്ന സംഘടനയുടെ ജനറൽ സെക്രട്ടറി ഡോ.കെ.ജെ. പ്രിൻസ് ഹൈക്കോടതിയിൽ ഹർജി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |