SignIn
Kerala Kaumudi Online
Saturday, 27 April 2024 4.49 AM IST

ജയിലറയിലും മുഴക്കമായിരുന്ന ധീരകമ്മ്യൂണിസ്‌റ്റ്

k-anirudhan

കെ. അനിരുദ്ധൻ എന്ന ധീരനായ കമ്മ്യൂണിസ്‌റ്റ് വിടപറഞ്ഞിട്ട് അഞ്ചുകൊല്ലം പിന്നിടുന്നു. തിരുവനന്തപുരത്തെ ഈ ആറടി ഉയരക്കാരനായ രാഷ്ട്രീയക്കാരന്റെ തലയെടുപ്പും ഘനഗാംഭീര്യമുള്ള സംഭാഷണങ്ങളും വേറിട്ടതായിരുന്നു .

1960 കന്നിയങ്കത്തിൽ തിരുവനന്തപുരം മണ്ഡലത്തിൽനിന്ന് മുഖ്യമന്ത്രി പട്ടം താണുപിള്ളയോട് പരാജയപ്പെട്ടത് നേരിയ വോട്ടിലായിരുന്നു. 1963ൽ പട്ടം പഞ്ചാബ് ഗവർണറായി മാറിയപ്പോൾ നടന്ന ഉപതെരഞ്ഞെടുപ്പിൽ അനിരുദ്ധൻ വിജയക്കൊടി പാറിച്ചു. 1965 ചൈനീസ് ചാരന്മാർ എന്ന് മുദ്രകുത്തി കമ്മ്യൂണിസ്റ്റുകാരായ അനവധി സഖാക്കളെ ജയിലിലാക്കിയപ്പോൾ തിരുവനന്തപുരം സെൻട്രൽ ജയിലിലെ തടവുകാരനായിരുന്ന അനിരുദ്ധൻ നിയമസഭയിലേക്ക് മത്സരിക്കുന്നു. മുഖ്യമന്ത്രിയായ ആർ. ശങ്കർ എതിരാളി. ജയിലിലായിരുന്ന അനിരുദ്ധന്റെ വിജയത്തിനായി വോട്ട് തേടിയത് മൂന്ന് വയസുകാരനായ മകൻ സമ്പത്ത്. അനിരുദ്ധൻ എന്ന കൊടുങ്കാറ്റിൽ ആർ.ശങ്കർ എന്ന വൻമരം കടപുഴകി വീണു.
1967 ൽ ലോക്‌സഭയിലേക്ക് ചിറയിൻകീഴിൽ നിന്നും ഇരുവരും ഒരിക്കൽകൂടി നേർക്കുനേർ. വീണ്ടും ആർ. ശങ്കറെ പരാജയപ്പെടുത്തിയപ്പോൾ മാദ്ധ്യമങ്ങൾ അനിരുദ്ധനെ ജയന്റ് കില്ലറെന്ന് വിശേഷിപ്പിച്ചു. 1979 ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ തിരുവനന്തപുരം ഈസ്റ്റിൽ നിന്നും 80 ൽ തിരുവനന്തപുരം നോർത്തിൽ നിന്നും വീണ്ടും നിയമസഭയിലെത്തി. 1990 ൽ ജില്ലാ കൗൺസിൽ രൂപീകരിച്ചപ്പോൾ ശ്രീകാര്യത്ത് നിന്നും വിജയിച്ച് ആദ്യ ജില്ലാ കൗൺസിൽ പ്രസിഡന്റായി. പലപ്പോഴായി ആറു വർഷത്തോളം നീണ്ട ജയിൽവാസം.
ആദ്യകാലങ്ങളിൽ തിരു - കൊച്ചി മേഖലയിൽ പാർട്ടിയുടെ അപ്രഖ്യാപിത മുഖപത്രമായിരുന്ന വിശ്വകേരളത്തിന്റെ പത്രാധിപർ കൂടിയായിരുന്നു അനിരുദ്ധൻ. അക്കാലത്ത് സി.പി.എം മുൻ കേന്ദ്ര കമ്മിറ്റിയംഗമായിരുന്ന എം.എം. ലോറൻസ് വിശ്വകേരളത്തിന്റെ കൊച്ചി ലേഖകനായി ദീർഘകാലം പ്രവർത്തിച്ചിരുന്നു. ചിറയിൻകീഴുകാർ അനിരുദ്ധനെയും പുത്രൻ സമ്പത്തിനെയും പാർലമെന്റിൽ എത്തിച്ചു.
പൊലീസ് സ്‌റ്റേഷനുകളിലും ജയിലുകളിലും രാഷ്ട്രീയത്തടവുകാരെ പൊലീസുകാരും ക്രിമിനലുകളും മർദ്ദിക്കുക പതിവായിരുന്നു അക്കാലത്ത്. അപ്പോഴെല്ലാം അനിരുദ്ധന്റെ ശക്തമായ ഇടപെടൽ ഉണ്ടാകുമായിരുന്നു. 'എന്റെ കുറച്ച് ആൾക്കാർ അവിടെ വരും അവരെ തൊടരുതെന്ന' കാർക്കശ്യത്തോടെയുള്ള ഫോൺ വിളിയിൽ പലരും കൊടിയ മർദ്ദനമേൽക്കാതെ രക്ഷപ്പെട്ടിട്ടുണ്ട്. അനിരുദ്ധന്റെ സാന്നിദ്ധ്യം സഖാക്കൾക്ക് ആവേശവും പൊലീസിന്റെ വീര്യം കുറയ്ക്കാൻ പര്യാപ്തവുമായിരുന്നു. യൗവന കാലത്തും നിരവധി തൊഴിലാളി യൂണിയനുകളുടെ നേതാവായിരുന്നു അദ്ദേഹം. ആദ്യകാല തോട്ടി തൊഴിലാളികളെ സംഘടിപ്പിച്ച് യൂണിയൻ ഉണ്ടാക്കിയ ജുബ്ബാ രാമകൃഷ്ണപിള്ളക്കൊപ്പം അനിരുദ്ധനും ഉണ്ടായിരുന്നു. സി.ഐ.ടി.യു. രൂപീകരണം മുതൽ സംഘടനയുടെ സംസ്ഥാന ജില്ലാ ഭാരവാഹിയും, അഖിലേന്ത്യാ വർക്കിംഗ് കമ്മിറ്റി അംഗവും ആയിരുന്നു. 1954 ട്രാൻസ്‌പോർട്ട് സമരത്തിൽ പങ്കെടുത്ത് കൊടിയ മർദ്ദനങ്ങളും നേരിട്ടിട്ടുണ്ട്. 1965 ലും അടിയന്തിരാവസ്ഥക്കാലത്തും ജയിൽ വാസത്തിൽ അനിരുദ്ധനോടൊപ്പം ഈ ലേഖകന്റെ പിതാവ് മിനർവ ശിവാനന്ദനും ഉണ്ടായിരുന്നു.
സഖാവിന്റെ ഓർമ്മകൾ അഞ്ചുവർഷം പിന്നിടുമ്പോൾ കെ.അനിരുദ്ധനു പകരക്കാരനില്ലേ എന്ന ചോദ്യത്തിന് ഉത്തരം ലളിതമാണ്. കെ.അനിരുദ്ധനു പകരക്കാരനില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: K ANIRUDHAN
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.