SignIn
Kerala Kaumudi Online
Saturday, 27 April 2024 3.27 AM IST

പാതിയിൽ നിലച്ച പ്രണയഗാനംപോലെ

ee

പ്രണയത്തിന്റെ സുഗന്ധം പേറുന്ന ഓർമ്മകൾകൊണ്ട് നിർമ്മിച്ചതാണ് ഡി. ജയകുമാരിയുടെ 'മലയാളനാടും എന്റെ പ്രണയവും" എന്ന പുസ്തകം. കവിയും ഗാന രചയിതാവും പത്രപ്രവർത്തകനുമായിരുന്ന അകാലത്തിൽ മറഞ്ഞ ചാത്തന്നൂർ മോഹന്റെ സഹധർമ്മിണിയും കഥാകാരിയും കവയത്രിയുമായ ജയകുമാരി ഓർമകൾ പങ്കു വയ്‌ക്കുകയാണ്. നിഷ്‌കളങ്കവും നിർഭയവുമായ തുറന്നു പറച്ചിലാണിത്. ശിഥിലമായ ഓർമകൾ. മുപ്പത്തിമൂന്നു വർഷത്തെ ജീവിതത്തെ വാക്കുകളിലേക്ക് വർഷിക്കുകയാണ് ഈ എഴുത്തുകാരി. ആത്മാവിൽ നിന്നൂറിവരുന്ന വാക്കുകൾക്ക് പ്രണയത്തിന്റെ ലഹരിയും കണ്ണീരിന്റെ നനവുമുണ്ട്. ലളിതവും കാവ്യാത്മകവുമായ ഭാഷയാണ് ഈ കൃതിയെ ഹൃദ്യമാക്കുന്നത്. എഴുത്തുകാരിയുടെ സാമൂഹിക വീക്ഷണവും ജീവിത വീക്ഷണവും ഈ പ്രണയക്കുറിപ്പുകളിൽ പ്രകടമാണ്. ശ്രീനാരായണഗുരുവിന്റെയും കുമാരനാശാന്റെയും ദർശനങ്ങൾ തന്റെ സ്വാതന്ത്ര്യചിന്തക്കും വിപ്ലവബോധത്തിനും നൽകിയ ഉത്തേജനവും ജയ വ്യക്തമാക്കുന്നു.

മലയാളനാട് വാരികയോടും, അതിന്റെ സാരഥിയായിരുന്ന എസ്.കെ. നായരോടുമുള്ള ആഴമേറിയ സ്‌നേഹവും കടപ്പാടും വെളിപ്പെടുത്തുന്ന ഈ കുറിപ്പുകൾ ആ വലിയ മനുഷ്യനുള്ള സമർപ്പണം കൂടിയാണ്. മലയാളനാടിന്റെ മുറ്റത്തും ഇടനാഴികളിലും കിളിർത്ത പ്രണയം, ജാതിയുടെ പേരിലുള്ള എതിർപ്പുകളെ അതിജീവിച്ച് ദാമ്പത്യത്തിലേക്ക് വികസിക്കുന്നതും, ദാമ്പത്യ ജീവിതത്തിൽ അനുഭവിക്കേണ്ടി വരുന്ന സംഘർഷങ്ങളും സങ്കടങ്ങളും സന്തോഷങ്ങളും ഇമ്പമാർന്ന വാക്കുകളിൽ ഉള്ളു തുറന്നാണ് എഴുത്തുകാരി അവതരിപ്പിക്കുന്നത്. മലയാളനാട്, കേരളകൗമുദി, പ്രഭാതരശ്മി എന്നീ പ്രസിദ്ധീകരണങ്ങളിൽ സേവനമനുഷ്ഠിച്ച പത്രപ്രവർത്തകനേയും കവിയേയും, സ്‌നേഹധനനായ മകനേയും പ്രണയാതുരനായ കാമുകനേയും സ്‌നേഹസമ്പന്നനായ പിതാവിനേയും മുത്തച്ഛനേയും നിഷ്‌കളങ്കനായ സുഹൃത്തിനേയും ഈ പുസ്തകത്തിൽ നമുക്ക് ദർശിക്കാം. ജയയുടെ ബാല്യ കൗമാരങ്ങളിലെ കുറുമ്പും കുസൃതികളും കർക്കശക്കാരനായ പിതാവിന്റെ ആണധികാരത്തെ ചോദ്യം ചെയ്യലും തന്റെ പ്രണയക്കുറിപ്പുകളിൽ എഴുത്തുകാരി വായനക്കാരുമായി പങ്കിടുന്നു.

മോഹനോട് എസ് കെ നായർക്ക് പിതൃതുല്യ മായ വാത്സല്യമായിരുന്നു. കൂടാതെ തകഴി, ബഷീർ, മലയാറ്റൂർ, ഒ.വി. വിജയൻ, കാക്കനാടൻ, മാധവിക്കുട്ടി, വി.ബി.സി. നായർ, എം.പി. നാരായണപിള്ള തുടങ്ങിയവരോടുള്ള ആത്മബന്ധത്തെപ്പറ്റിയും പറയുന്നുണ്ട് . ബഷീറിന്റെയും വി.കെ.എൻ ന്റേയും കത്തുകൾ അമൂല്യ നിധികളായി സൂക്ഷിച്ചിരുന്നതായും ജയ എഴുതുന്നു. മലയാള വിമർശനത്തിന് ആധുനിക മുഖം നൽകിയ കെ.പി.അപ്പൻ നൽകിയ സ്‌നേഹവാത്സല്യങ്ങൾക്കും സഹായങ്ങൾക്കും ജയ നന്ദി പറയുന്നുണ്ട്.

നൃത്തം പെയ്യുന്ന വാക്കുകളിൽ കവിത രചിച്ച, ഞങ്ങളുടെ കൈവിരലുകൾക്കിടയിൽകൂടി വഴുതിപ്പോയ മോഹനസുന്ദരമായ ഒരു കവിതയായിരുന്നു തന്റെ പിതാവെന്ന മകൻ അനന്തുവിന്റെ വാക്കുകളും ജയ ഓർത്തെടുക്കുന്നു. അതേ, ആ ജീവിതത്തിനൊരു കാവ്യഭംഗി ഉണ്ടായിരുന്നു. പാതിയിൽ നിലച്ച ഒരു പ്രണയഗാനംപോലെ ആയിരുന്നു ആ ജീവിതം. അനായാസം വായിച്ചു തീർക്കാവുന്ന ഈ പുസ്തകം വ്യത്യസ്‌തമായൊരു വായനാനുഭവമാണ് നൽകുന്നത്. ഡി.സി ബുക്‌സാണ് പ്രസാധകർ, വില: ₹ 299

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BOOK REVIEW, WEEKEND
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.