SignIn
Kerala Kaumudi Online
Saturday, 27 April 2024 10.36 AM IST

രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കുള്ളിൽ നടക്കണം നിവർത്തന പ്രക്ഷോഭം

jj

തുല്യതയ്ക്ക് വേണ്ടിയുള്ള പോരാട്ടങ്ങളിൽ രാജ്യത്തെ മറ്റ് പ്രദേശങ്ങളെക്കാൾ മുൻപേ നടന്ന നാടാണ് കേരളം. പിന്നാക്കവിഭാഗക്കാരെ മനുഷ്യരായിപ്പോലും പരിഗണിക്കാതിരുന്ന വ്യവസ്ഥിതിക്കെതിരെ നിരന്തരം പൊരുതിയ നാടാണിത്. അവർണനെന്ന് മുദ്രകുത്തി അടിച്ചമർത്തപ്പെട്ടിരുന്ന ഇവിടുത്തെ പിന്നാക്കജനത വിരൽ ചൂണ്ടിയും മുഷ്ടി ചുരുട്ടിയും ശബ്ദമുയർത്തിയും അവകാശങ്ങൾ ഒന്നൊന്നായി പിടിച്ചുവാങ്ങുകയായിരുന്നു. അവർണന് കിട്ടിയ ഓരോ അവകാശത്തിന് പിന്നിലും കത്തിജ്വലിച്ച അനേകം പ്രക്ഷോഭങ്ങളുണ്ട്. ഇത്തരത്തിൽ കേരളചരിത്രത്തിലെ ഏറ്റവും നിർണായക സമരമായിരുന്ന നിവർത്തന പ്രക്ഷോഭം. അതിന്റെ അമരക്കാരൻ സി. കേശവന്റെ 130-ാം ജന്മവാർഷികമാണ് ഇന്ന് .

സി. കേശവൻ തിരു-കൊച്ചി മുഖ്യമന്ത്രിയായിരുന്നു. കേരളത്തിൽ സുപ്രധാനമായ അധികാരസ്ഥാനം ലഭിച്ച ആദ്യത്തെ പിന്നാക്കവിഭാഗക്കാരൻ അദ്ദേഹമായിരിക്കാം. എസ്.എൻ.ഡി.പി യോഗത്തിന്റെ ജനറൽ സെക്രട്ടറിയായിരുന്നു. ജാതിവ്യവസ്ഥയുടെ ഭാഗമായി നിലനിന്നിരുന്ന ഒട്ടനേകം അനാചാരങ്ങൾക്കെതിരെ അദ്ദേഹം ശബ്ദമുയർത്തി. വഹിച്ച സ്ഥാനങ്ങൾക്കും നയിച്ച മറ്റ് സമരങ്ങൾക്കുമപ്പുറം നിർണായക പ്രസക്തി അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടന്ന നിവർത്തന പ്രക്ഷോഭത്തിന് ഇന്നുണ്ട്. അധികാര സ്ഥാനങ്ങളിൽ ജനസംഖ്യാനുപാതിക പ്രാതിനിദ്ധ്യം ആവശ്യപ്പെട്ട് ഈഴവ, മുസ്ലീം, ക്രിസ്ത്യൻ വിഭാഗങ്ങളുടെ സംയുക്ത ആഭിമുഖ്യത്തിലായിരുന്നു സമരം. സമരത്തിലൂടെ ക്രിസ്ത്യൻ, മുസ്ലീം വിഭാഗങ്ങൾക്ക് ഭേദപ്പെട്ട പങ്കാളിത്തം ലഭിച്ചു. പക്ഷേ അന്ന് തിരുവിതാംകൂറിലെ ജനസംഖ്യയിൽ ഏറ്റവും മുന്നിലായിരുന്ന ഈഴവ വിഭാഗത്തിന് കാര്യമായ നേട്ടം ഉണ്ടായില്ല. സമാനമായ അവസ്ഥ ഇപ്പോഴും നിലനില്‌ക്കുന്നു. പണ്ട് രാജാവും ഒപ്പമുള്ള സവർണ കിങ്കരന്മാരുമാണ് പിന്നാക്കക്കാരെ അധികാരസ്ഥാനങ്ങളിൽ നിന്നും മാറ്റിനിറുത്തിയിരുന്നത്. എന്നാലിപ്പോൾ രാഷ്ട്രീയ പ്രസ്ഥാനങ്ങളിലെ സവർണ, ന്യൂനപക്ഷ ലോബി ഈഴവർക്ക് മുന്നിൽ അധികാരത്തിന്റെ വാതിലുകൾ കൊട്ടിയടയ്ക്കുകയാണ്. അതുകൊണ്ട് തന്നെ അധികാരത്തിൽ ജനസംഖ്യാനുപാതിക പ്രാതിനിദ്ധ്യം യാഥാർത്ഥ്യമാകുന്നില്ല.

കേരളത്തിലെ പ്രധാനപ്പെട്ട ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിലും ഈഴവർക്ക് അർഹമായ പ്രാതിനിദ്ധ്യമില്ല. ഏറ്റവും വലിയ അവഗണന നിലനില്‌ക്കുന്നത് കോൺഗ്രസിലാണ്. ആർ. ശങ്കർ മുഖ്യസ്ഥാനം ഒഴിഞ്ഞിട്ട് 57 വർഷമാകുന്നു. അതിന് ശേഷം പലതവണ കോൺഗ്രസ് മന്ത്രിസഭകൾ വന്നു. പക്ഷെ ഒരിക്കൽപ്പോലും ഈഴവ വിഭാഗത്തിൽ നിന്നും ഒരാളെ മുഖ്യമന്ത്രിയാക്കിയില്ല. ശങ്കറിനെ അധികാരത്തിൽ നിന്നും ഇറക്കിയവർ ആ സ്ഥാനത്തേക്ക് മറ്റൊരു പിന്നാക്കക്കാരൻ കടന്നുവരാതിരിക്കാൻ നിരന്തരം പരിശ്രമിക്കുന്നു. ഇക്കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പിന്റെയും നിയമസഭ തിര‌ഞ്ഞെടുപ്പിന്റെയും സ്ഥാനാർത്ഥി നിർണയത്തിൽ ഈഴവരോടും മറ്റ് പിന്നാക്ക വിഭാഗങ്ങളോടുമുള്ള കോൺഗ്രസിന്റെ സമീപനം എന്താണെന്ന് നമ്മൾ കണ്ടതാണ്. അതിനുള്ള തിരിച്ചടി അവർക്ക് ലഭിച്ചു. കേരളചരിത്രത്തിൽ ആദ്യമായി, തുടർച്ചയായി പ്രതിപക്ഷത്ത് ഇരിക്കേണ്ട ഗതികേടിലേക്ക് അവരെ പിന്നാക്ക വിഭാഗങ്ങൾ സംഘടിതമായി തള്ളിയിട്ടു. എന്നിട്ടും അവർ പാഠം പഠിക്കുന്നില്ല. ഇവിടുത്തെ പിന്നാക്ക ജനവിഭാഗങ്ങളിൽ വലിയൊരു വിഭാഗം ഇടതുപക്ഷ പ്രസ്ഥാനങ്ങളിൽ വിശ്വസിക്കുന്നവരാണ്. പക്ഷെ ഇവിടെ ജനാധിപത്യ ഭരണം നിലവിൽ വന്ന് അഞ്ചരപ്പതിറ്റാണ്ട് കഴിഞ്ഞാണ് വി.എസ്. അച്യുതാനന്ദനിലൂടെ ഈഴവ വിഭാഗത്തിൽ നിന്നും ഒരാളെ ഇടതുപക്ഷം മുഖ്യമന്ത്രിയാക്കിയത്. ഇപ്പോൾ തുടർച്ചയായി രണ്ടാംതവണ പിണറായി വിജയൻ മുഖ്യമന്ത്രിയായത് പിന്നാക്ക ജനവിഭാഗങ്ങളുടെ ആത്മാർത്ഥമായ പിന്തുണ കൊണ്ടുകൂടിയാണെന്ന് ഇടതുപക്ഷം മറക്കരുത്.

നൂറ്റാണ്ടുകളായി അവർണർ അനുഭവിക്കുന്ന പിന്നാക്കാവസ്ഥ പരിഹരിക്കാൻ വേണ്ടിയാണ് തൊഴിലിനും വിദ്യാഭ്യാസത്തിനും സംവരണം ഏർപ്പെടുത്തിയത്. ജനാധിപത്യവേദികളിൽ പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്കും സംവരണം ഏർപ്പെടുത്തി. സംവരണത്തിന്റെ ആനുകൂല്യത്തിൽ വലിയൊരു വിഭാഗം പിന്നാക്കക്കാർ തൊഴിലും വിദ്യാഭ്യാസവും നേടി. സമാനമായ തരത്തിൽ പിന്നാക്കക്കാരുടെ പ്രാതിനിദ്ധ്യം ഭരണതലത്തിലും ഉണ്ടാകണം. അതിന് രാഷ്ട്രീയ പാർട്ടികളുടെ നേതൃസ്ഥാനങ്ങളിൽ കൂടുതൽ പിന്നാക്കവിഭാഗക്കാർ കടന്നുവരണം. അങ്ങനെ വരുമ്പോൾ രാഷ്ട്രീയ നേതാക്കൾ തീരുമാനിക്കുകയോ പങ്കുവച്ചെടുക്കുകയോ ചെയ്യുന്ന ഭരണസ്ഥാനങ്ങളിലും പിന്നാക്ക വിഭാഗക്കാർക്ക് അർഹമായ പ്രാതിനിദ്ധ്യം ലഭിക്കും. അതോടെ ഭരണതലത്തിൽ പിന്നാക്കക്കാർക്ക് അനുകൂലമായ നിലപാടുകളും തീരുമാനങ്ങളും ഉണ്ടാകും. ഇപ്പോൾ ഭരണതലത്തിൽ മുന്നാക്കാർക്കും ന്യൂനപക്ഷങ്ങൾക്കും അനുകൂലമായ തീരുമാനങ്ങൾ ഉണ്ടാകുന്നത് ഭരണതലത്തിൽ അവർക്ക് നിർണായകമായ സ്വാധീനം ഉള്ളതുകൊണ്ടാണ്. രാഷ്ട്രീയ പാർട്ടികളും നേതൃസ്ഥാനങ്ങളും ഇക്കൂട്ടർ കൈയടക്കി വച്ചിരിക്കുകയാണ്. അധികാരം നിലനിറുത്താനും പിടിച്ചെടുക്കാനും എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ന്യൂനപക്ഷങ്ങളെയും സവർണരെയും തങ്ങളിലേക്ക് അടുപ്പിക്കാൻ ശ്രമിക്കുന്നു. പാർട്ടികമ്മിറ്റികളിലും നേതൃത്വത്തിലും ഇക്കൂട്ടർക്ക് കൂടുതൽ പ്രാതിനിദ്ധ്യം നൽകുന്നു. അപ്പോൾ തഴയപ്പെടുന്നത് ഈഴവർ അടക്കമുള്ള പിന്നാക്ക വിഭാഗക്കാരാണ്. ഇതിനെതിരെ രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ ശബ്ദമുയരണം. അല്ലെങ്കിൽ കേരളത്തിൽ സംഭവിക്കുക ദുരന്തസമാനമായ തിരിച്ചുപോക്കായിരിക്കും. രാഷ്ട്രീയ പാർട്ടികളുടെ നേതൃസ്ഥാനങ്ങളിലേക്ക് ഉയർന്നുവരാൻ സാമ്പത്തിക പശ്ചാത്തലം നിർണായക ഘടകമാണ്. എല്ലാ പാർട്ടികളുടെയും അടിത്തട്ടിൽ വിയർപ്പൊഴുക്കി പ്രവർത്തിക്കുന്നവരിൽ വലിയൊരു വിഭാഗം ഈഴവർ അടക്കമുള്ള പിന്നാക്ക വിഭാഗക്കാരാണ്. പക്ഷെ ഇവർ നേതൃസ്ഥാനങ്ങളിലേക്ക് ഉയരുന്നില്ല. ഒന്നുകിൽ മേൽത്തട്ടിലുള്ളവർ ബോധപൂർവം തഴയുന്നു. അല്ലെങ്കിൽ നേതൃസ്ഥാനങ്ങൾ പിടിച്ചെടുക്കാനുള്ള സാമ്പത്തിക പശ്ചാത്തലമില്ല. ഈ ദയനീയാവസ്ഥയ്ക്ക് പരിഹാരം കാണാൻ എല്ലാ രാഷ്ട്രീയ പാർട്ടികളും തയ്യാറാകണം. നിവർത്തന പ്രക്ഷോഭത്തിനിടയിൽ ഒരിക്കൽ സി. കേശവൻ ഇങ്ങനെ പറഞ്ഞിട്ടുണ്ട്. ''നമ്മുടെ ജനസംഖ്യ അനുസരിച്ച് നമുക്ക് കിട്ടേണ്ട സ്ഥാനങ്ങൾ, കൂടുതൽ കൈവശമിരിക്കുന്നവരോട് പിടിച്ചുവാങ്ങുകയല്ലാതെ അവർ സൽബുദ്ധി തോന്നി കുറേ തരുമെന്ന് ആരും അരനിമിഷം വിശ്വസിക്കേണ്ട.'' രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഈഴവ പിന്നാക്ക വിഭാഗങ്ങൾക്ക് അർഹമായ പ്രാതിനിദ്ധ്യം നൽകാത്ത സാഹചര്യത്തിൽ പിടിച്ചെടുക്കൽ തന്നെയാണ് നമുക്ക് മുന്നിലുള്ള പോംവഴി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: C KESAVAN
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.