ന്യൂഡൽഹി: മ്യൂക്കോർമൈകോസിസ് രോഗികളുടെ എണ്ണം രാജ്യത്ത് ക്രമാതീതമായി വർദ്ധിക്കുന്നതിനിടെ ഡൽഹിയിൽ അപൂർവതരം വൈറ്റ് ഫംഗസ് (കാൻഡിഡ) ബാധ റിപ്പോർട്ട് ചെയ്തു. കുടലിൽ മാരകമായ തകരാറുണ്ടാക്കുന്ന പ്രത്യേക തരം ഫംഗസ് രോഗമാണിത്. രാജ്യത്താദ്യമായി ഡൽഹി എസ്.ജി.ആർ.എച്ച് ആശുപത്രിയിലാണ്
ഈ രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കഠിനമായ വയറുവേദന, ഛർദ്ദി, മലബന്ധം തുടങ്ങിയ അസുഖങ്ങളോടെ മേയ്13ന് ആശുപത്രിയിലെത്തിയ 49കാരിയായ കൊവിഡ് രോഗിയിലാണ് വൈറ്റ് ഫംഗസ് ബാധ കണ്ടെത്തിയത്. സ്തനാർബുദത്തെ തുടർന്ന് കഴിഞ്ഞ വർഷം ഡിസംബറിൽ ശസ്ത്രക്രിയയിലൂടെ ഇവരുടെ സ്തനം നീക്കം ചെയ്തിരുന്നു. നാലാഴ്ച മുമ്പ് വരെ കീമോതെറാപ്പിയും നടത്തിയിരുന്നു. അടിവയറ്റിൽ സി.ടി സ്കാൻ നടത്തിയപ്പോൾ കുടലിൽ സുഷിരമുള്ളതായി സൂചനകൾ ലഭിച്ചു.
ഡോക്ടർമാർ ഉടനെ അടിവയറ്റിനുള്ളിൽ ട്യൂബ് സ്ഥാപിച്ച് ഒരു ലിറ്ററോളം പിത്തരസം കലർന്ന പഴുപ്പ് പുറത്ത് കളഞ്ഞു. ഡോ.സമിറാൻ നൻഡിയുടെ നേതൃത്വത്തിൽ ഇവർക്ക് ശസ്ത്രക്രിയ നടത്തിയതായും ആശുപത്രി അധികൃതർ വ്യക്തമാക്കി. നാലു മണിക്കൂറോളം നീണ്ട ശസ്ത്രക്രിയയിലൂടെ സുഷിരങ്ങൾ അടച്ചതായി ഡോ.നൻഡി പറഞ്ഞു.
കുടലിന്റെ ഒരു ഭാഗം എടുത്ത് നടത്തിയ പരിശോധനയിലാണ് കുടൽ ഭിത്തിയിൽ ഗുരുതരമായ വ്രണം ഉണ്ടായതായും വെളുത്ത ഫംഗസ് മൂലമുണ്ടാകുന്ന നെക്രോസിസ് ഉണ്ടെന്ന് കണ്ടെത്തിയെന്നും ഡോക്ടർമാർ പറഞ്ഞു. അതേസമയം അനസ്തോമോട്ടിക്ക് ഭാഗത്ത് ചെറിയ ചോർച്ചയുണ്ടായതിനെ തുടർന്ന് ആദ്യ ശസ്ത്രക്രിയ നടത്തി അഞ്ച് ദിവസത്തിന് ശേഷം സ്ത്രീയെ വീണ്ടും ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. സ്ത്രീ നിലവിൽ സുഖംപ്രാപിച്ച് വരികയാണെന്നും ഡോക്ടർമാർ അറിയിച്ചു.
ലക്ഷണങ്ങൾ
ശ്വാസതടസം, പനി, ജലദോഷം, രുചിയും മണവും നഷ്ടപ്പെടുക.
പുതിയ രോഗമല്ല
വൈറ്റ് ഫംഗസ് ബാധ പുതിയ രോഗമല്ല. സാധാരണയായി ശരീരത്തിൽ കണ്ടുവരുന്ന ഫംഗസാണിത്. എന്നാൽ പ്രതിരോധശേഷി കുറഞ്ഞ ശരീരാവസ്ഥയെ ഇത് മുതലെടുക്കും. ശ്വാസകോശത്തെയാണ് രോഗം ഗുരുതരമായി ബാധിക്കുന്നത്. ശേഷം ത്വക്ക്, ആമാശയം, വൃക്ക, തലച്ചോർ, സ്വകാര്യ ഭാഗങ്ങൾ, വായ, നഖം എന്നീ ശരീരഭാഗങ്ങളെയും ബാധിക്കുന്നു.
- ഡോ. എസ്.എൻ. സിംഗ്, പാട്ന മെഡിക്കൽ കോളജിലെ മൈക്രോബയോളജി വിഭാഗം മേധാവി
പ്രതിരോധിക്കാം
വൈറ്റ് ഫംഗസ് ബാധയെ ചെറുക്കാൻ രോഗ പ്രതിരോധ ശേഷിയും ശുചിത്വവും അത്യാവശ്യം. വൃത്തിഹീനമായ ജലസ്രോതസുകൾ പോലും അപകടമുണ്ടാക്കും. ആവി പിടിക്കാൻ ഉപയോഗിക്കുന്ന വെള്ളം പോലും പഴയതല്ലാതിരിക്കാൻ ശ്രദ്ധിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |