SignIn
Kerala Kaumudi Online
Saturday, 27 April 2024 9.59 AM IST

'​'ശവം ആണെങ്കിലും പെണ്ണ് കണ്ടാൽ കൊള്ളാവുന്നോള് ആയാ അതിനും ഉണ്ടൊരു രസം."" കഥ: പരിധിക്ക് പുറത്താണ്

ee

കടപ്പുറത്തു തിരയടിഞ്ഞപ്പോ കൂട്ടത്തിൽ ഒരു പെണ്ണുമുണ്ടെന്നു പറഞ്ഞത് ചന്ദ്രനാണ്. പൊലീസും ആൾക്കൂട്ടവും കൂടെ പത്രക്കാരും ഉണ്ടെന്ന് കേട്ടപ്പോൾ അവന്റെ കൂടങ്ങ് പോയി.

'​'ശവം ആണെങ്കിലും പെണ്ണ് കണ്ടാൽ കൊള്ളാവുന്നോള് ആയാ അതിനും ഉണ്ടൊരു രസം.""

ഭാസ്‌കരൻ പൊലീസ് തന്റെ നാലാമത്തെ കാമുകിയോട് വികാരവായ്പ്പോടെ പറഞ്ഞത് കക്കാൻ കേറിയപ്പമാണ് കേട്ടത്. അന്ന് കട്ട പൊലീസിന്റെ ടോർച്ച് ചന്ദ്രന് വിറ്റപ്പോൾ കിട്ടിയ രൂപക്ക് അവളുടെ കൂടെ തന്നെ കിടന്നപ്പോൾ ഓർത്തതും അത് തന്നെ.

അപ്പറഞ്ഞത് ശരിയാണോന്നൂടെ നോക്കാലോ...

'​'കൊവിഡ് ആയപ്പോ തൊട്ട് വന്നടിയുന്ന മൂന്നാമത്തെ ശവം ആണിത്. എല്ലാം ഇങ്ങോട്ട് തന്നെ കെട്ടിയെടുക്കുന്നൂണ്ട്. കടലിൽ ചാടാതെ ഇവർക്ക് വല്ല റെയിൽവേ ട്രാക്കിലും ആയിക്കൂടെ...""

ചന്ദ്രൻ ലേശം ചൂടിലാണ്.

'​'എന്റെ ചന്ദ്രാ, ട്രെയിൻ ഇപ്പോ പലതും ഇല്ലല്ലോ. അതിൽ കടല വിറ്റോണ്ട് നടന്ന ഞാനല്ലെ ഇപ്പൊ ഒന്നൂ

ല്ലാതിങ്ങനെ നടക്കുന്നത്. റേഷൻ കാർഡില്ലാത്ത കൊണ്ട് തെണ്ടാം.""

അങ്ങനെ പറഞ്ഞു പോയി പെട്ടെന്ന്.

രാവിലെ ബസ് കഴുകി കഴിഞ്ഞാണ് ട്രെയിനിലെ കച്ചോടം. തിന്നാനും കുടിക്കാനും ഉള്ളത് കഴിഞ്ഞ് നൂറുപ്പിക ദിവസോം കുറിക്കാരന് കൊടുത്തു അങ്ങനെ വലിയ മോശമല്ലാതെ പോയതാണ്.

കൊവിഡ് വന്നത് പെട്ടെന്നല്ലേ. പണി രണ്ടും പോയി. അന്നേരം പക്ഷേ തോന്നാത്ത സങ്കടം രമണിയെ കാണാതെ നിന്നത് കൊണ്ടാവണം ഇരട്ടിച്ചത്. പെണ്ണുങ്ങളുടെ കമ്പാർട്മെന്റിൽ ആ സ്റ്റേഷനിൽ നിന്ന് ഏറ്റവും അവസാനം കേറുന്നത് അവളാണ്. മുടിയിലൂടെ വെള്ളം ഒലിപ്പിച്ചു എന്നേം കടന്ന് ഒരീസം അവള് പോയപ്പോ കുളിച്ചിട്ട് തോർത്തീല്ലേ പെണ്ണേ... എന്ന് ചോദിക്കാതിരിക്കാൻ തോന്നിയില്ല.

ഒരൊറ്റ കരച്ചിലിൽ അവൾ കടലപ്പാത്രം തള്ളിയിട്ട് പിന്നിലേക്ക്‌ ഓടി. ഏതോ ഒരു തള്ള, എന്താക്കിയതാടാ കൊച്ചിനെ എന്ന് പ്രാകിയപ്പം ഒന്നും പറയണ്ടായിരുന്നു ന്ന് തോന്നിപ്പോയി. പിറ്റേന്ന് കാണും വരേയ്‌ക്കും ഉള്ളിൽ കെട്ടി നിന്ന ആന്തൽ അടങ്ങിയിരുന്നില്ല. അടക്കി കെട്ടി വച്ച മുടിയിൽ അന്ന് അവൾ ചുവന്ന റിബ്ബൺ കെട്ടിയിരുന്നു.

"അപായമാണല്ലോ പെണ്ണേ..."

എന്ന് പറഞ്ഞപ്പോൾ കൊന്ത്രൻ പല്ല് കാണിച്ചവൾ ചിരിച്ചു. അന്നേരമാണ് പച്ച സിഗ്നൽ തെളിഞ്ഞ് വണ്ടി ഒന്ന് കൂകിയത്.

നഗരത്തിലെ ഏതോ ആശുപത്രിയിൽ ക്ലീനിംഗ് ജോലി ആണ് അവൾക്ക്. പതിവ് പ്രാരാബ്‌ധങ്ങൾ കടല കൊറിച്ചു പറഞ്ഞു തീർക്കുന്നതിനിടയിയിൽ വേദനിപ്പിക്കും പോലെ അവൾ കൈയിലൊന്നു നുള്ളി.

അവസാനത്തെ യാത്ര. പിറ്റേന്ന് ലോക്ക് ഡൗണിൽ നിർത്തി വെച്ച ട്രെയിനിൽ ചങ്കും പൊട്ടി നോക്കി നിൽക്കുമ്പോൾ ഏത് ആശുപത്രിയിൽ ആണ് അവളെ കണ്ടെത്താൻ കഴിയുക എന്ന് ചോദിച്ചില്ലല്ലോ എന്നോർത്തു. അതിൽ പിന്നെയാണ് ചില്ലറ മോഷണം തുടങ്ങിയതും. ആളുകളുടെ വിടവിലൂടെ ആദ്യം കണ്ടത് ചെരിഞ്ഞു കിടക്കുന്ന ഒരു പെണ്ണിനെയാണ്. നീലചുരിദാറിന്റെ സൈഡ്ലെ കീറലിൽ കൂടെ വെളുത്ത വയറിലെ അരഞ്ഞാണത്തിൽ കടൽ ഇറ്റ് വീഴുന്നു.

''ഛെ, ആദ്യമേ കണ്ടിരുന്നെങ്കിൽ, അടിച്ചു മാറ്റമായിരുന്നു. ഒരു രണ്ടു രണ്ടര പവൻ കാണുമായിരിക്കും. കഴുത്തിലും കൈയിലും ഇനി നോക്കിട്ട് കാര്യമൊന്നും ഇല്ലാ...""

പോലീസ് ശവം മറിച്ചിട്ടു. ഒരു ദയയും ഇല്ലാ അവറ്റകൾക്ക്. കിളുന്ത് പോലത്തെ ഒരു പെണ്ണല്ലേ ഒന്നുല്ലെങ്കിൽ.

ചത്തു പോയാൽ പിന്നെ എന്ത്. തോണ്ടി കുഴിയിൽ ഇടും വരേയ്‌ക്കും ഇങ്ങനെ ആൾക്കാരെ കാണിക്കാൻ മലർന്ന് കിടക്കാമെന്നല്ലാതെ.

ഭാസ്‌കരൻ പോലീസ് പറഞ്ഞത് പോലൊന്നും തോന്നിയില്ല. അങ്ങേതിലെ അനിയത്തി പെണ്ണിനെ ഓർമ വന്നപ്പോ ചങ്ക് ഒന്ന് തിരുമ്മി പോയി. അവളെയും ആരാണ്ട് അമ്മയില്ലാത്തപ്പം വന്ന് കൊന്നിട്ട് പോയതാണല്ലോ.. അന്നും കോലാഹലം കുറെ ഉണ്ടായതല്ലാതെ ഒന്നും നടന്നില്ല.

"ആർക്കെങ്കിലും പരിചയമുണ്ടോ?""

പൊലീസുകാരൻ ഉറക്കെ ചോദിക്കുന്നു. ആളുകൾ മുഖം കാണാൻ തിക്കി തിരക്കുന്നുണ്ട്. പൊട്ടു തൊട്ട ഒരു നെറ്റി കണ്ടു. മുറിഞ്ഞിരിക്കുന്നു. ചോര കട്ടിയായിട്ടുണ്ട്. മരിച്ചിട്ട് കുറെ നേരമായി കാണണം. കുറച്ചു കഴിഞ്ഞപ്പോ കാറിൽ ഒരാൾ വന്നു. കരഞ്ഞു നിലവിളിച്ചു മോളെന്ന് വിളിക്കുന്നത് കണ്ടപ്പോളാണ് തന്തയാണെന്ന് മനസിലായത്. ടൗണിലെ ഷോപ്പിൽ അയാളെ മുമ്പ് കണ്ടിട്ടുണ്ട്. ഒരു ദയയും ഇല്ലാതെ ബംഗാളികളെ കൊണ്ട് പണി എടുപ്പിക്കുന്നൊരാൾ.

എന്നാലും കരച്ചിൽ കണ്ടപ്പോ സങ്കടം തോന്നി. ആംബുലൻസിൽ ശവം കൊണ്ട് പോയതിന് പിന്നാലെ അയാൾ കാറിൽ കേറി പോകുന്നത് വരെയും നിന്ന ആൾക്കൂട്ടം പിന്നെ ഒറ്റക്കും തെറ്റക്കും ചിതറി. പത്രക്കാരുടെ റിപ്പോർട്ടിംഗിൽ ചന്ദ്രന്റെ പിന്നിൽ തന്നെ നിൽക്കുമ്പോൾ ടി.വിയിൽ അത് വരുന്ന ഡേറ്റ് ചോദിക്കാൻ മറന്നില്ല.. കൂടെ നിന്നത് കാരണം ഞാനും ഉണ്ടാവുമല്ലോ അതിൽ. അത് കണ്ട് രമണിക്ക്‌ എന്നെ കണ്ടു പിടിക്കാൻ കഴിഞ്ഞാലോന്ന് തോന്നി. ആൾക്കാര് പോയപ്പോൾ പൂഴിയിൽ മലർന്ന് കിടന്നു. തിരയിൽ പരിചയമില്ലാത്ത ഒരു മണം. അവളാവണം. മരിച്ചു പോയവൾ. ഒരു മിന്നായം പോലെ മനസിൽ അവളുടെ മുഖം തെളിഞ്ഞു പിന്നേം. മുകളിൽ ചന്ദ്രൻ തിളങ്ങി നിന്ന ഇന്നലത്തെ രാത്രിയിൽ തന്നെ ആയിരുന്നില്ലേ അത്.

കക്കാൻ കേറേണ്ട വീട്ടിൽ പട്ടിയുള്ളത് ഉറങ്ങാൻ കാത്ത് മരത്തിന്റെ മുകളിലെ ചില്ലയിൽ പാതി ഉറക്കത്തിൽ ഇരിക്കുമ്പോൾ കാലൊന്ന് വഴുതി. മുഴുവൻ കണ്ണങ് തുറന്നു. അന്നേരമാണ് ശരിക്കും കണ്ടത്. മോളേന്ന് വിളിച്ചു കരഞ്ഞും കൊണ്ട് വന്ന ആ തന്തേടെ മുഖം. ഓടി വന്ന്, ഒരു പെണ്ണിന്റെ നെറുകും തലക്ക് കനത്തിൽ ഒരടി. പെണ്ണ് കരയാൻ പോലും ആകും മുമ്പ് വീണ്. അന്നേരം അവൾ ഇട്ട ഉടുപ്പിന് മരിച്ചു പോയവളുടെതിന്റെ കുപ്പായത്തിന്റെ നിറമായിരുന്നു. തിരകൾ കാലു നനച്ചപ്പോളാണ് ബോധം വന്നത്. മുത്തപ്പാ. കണ്ടത് കൊലപാതകം ആണ് . പോലീസിനോട് പറഞ്ഞാൽ എങ്ങനെ കണ്ടു, എന്ത് ചെയ്തു എന്ന് ചോദിച്ചു ചോദിച്ചു അവസാനം തലേല് കെട്ടി വെക്കുമോന്നാണ്.

അന്നേരം മൊബൈൽ ''കിളിയെ..കിളിയെ"" എന്ന് ഒച്ച വെച്ചു. നേരം വെളുത്ത പോലെ കടലിന്റെ അറ്റത്തു സൂര്യൻ വിരിഞ്ഞു നിക്കുന്നു.

അറിയാത്ത നമ്പറിൽ നിന്നാണ്.

''രമണ്യ ന്ന് ഏട്ടാ.""

''നീ എവിടേനും രമണീ..."" ന്ന് കൂവി വിളിച്ചു പോയി.

മൂത്രമൊഴിക്കാൻ കല്ലിന്റെ ഇടയിൽ കേറി നിന്ന്, ലേശം ആശ്വാസം കിട്ടിയപ്പോ പിന്നേം അവളുടെ ഒച്ച.

''നിങ്ങളെ നമ്പർ എഴുത്യ പേപ്പർ ആസ്‌പത്രിലെ പെനോയിൽ ബോട്ടിലുമ്മൽ എഴുതി വ ച്ചത് ഇന്നലെ ആണ് കിട്ടിയത് . ലോക്ക് ഡൌൺ കഴിഞ്ഞ് പോയപ്പം.""

അവൾ ഒന്ന് ചിണുങ്ങിയ പോലെ.

''അതേ.. ടീവി ല് കണ്ടു. മെലിഞ്ഞു പോയിനോ ഏട്ടാ നിങ്ങള്?""

മരിച്ചു പോയ പെണ്ണിന്റെ ഓർമ പിന്നെയും വന്നത് അപ്പോളാണ്.

"രമണ്യേ. ഒരു കാര്യണ്ട്. ചത്തു പോയതല്ല. ഓളെ കൊന്നതാ.""

കരണം പുകഞ്ഞു ഒരു അടി കൊണ്ടത് മാത്രേ ഓർമയുള്ളൂ. അബോധത്തിൽ എങ്ങോട്ടോ നീങ്ങി പോകും പോലെ.

"രമണ്യേ " ന്ന് പതുക്കെ വിളിച്ചു നോക്കി.

കടപ്പുറത്തിന്റെ മണമില്ലാത്ത ഒരിടമാണ് എന്ന് മാത്രം മനസ്സിലായി കണ്ണു തുറന്നപ്പോൾ. തല കീഴായി ആരോ നിൽക്കുന്നുണ്ട്. കൊന്ന ആ തന്തയുടെ ഛായ. തലയിലെ മൂളക്കം നിന്നപ്പോൾ ആണ് മനസിലായത്. തല കീഴായി കെട്ടിതൂക്കിയതാണ്. തന്ത ആരെയൊക്കെയോ തെറി വിളിക്കുന്ന ഒച്ച. ആരെയോ അല്ല. എന്നെ തന്നെ ആണ്.

''നായിന്റെ മോനെ. കാണാൻ പാടില്ലാത്തത് കാണരുത്. തിരിഞ്ഞോ നിനക്ക്. മറ്റവള് ചത്തത് അയിനക്കൊണ്ട് തന്നെയാ. ഓൾക്ക് കാണണ്ടാത്തെ കണ്ട്.""

അട്ടഹാസത്തിൽ പിന്നെ കാതു കേൾക്കാൻ പോലും കഴിയാത്ത തെറി.

''നിന്നെ പോലെ ഉള്ളവർ പലതും കാണരുത്. കണ്ടാൽ പോലും ഒന്നും പറയരുത്.. മനസ്സിലായോ ചെറ്റേ.""

ചെരിപ്പിട്ട കാല് മുഖത്ത് വീഴുമ്പോൾ നിലവിളിക്കാൻ പോലും പറ്റിയില്ല. മറന്നു പോയിരുന്നു. എല്ലാം. കണ്ടതും കേട്ടതും അറിഞ്ഞതുമായ കാര്യങ്ങൾ.

ട്രെയിൻ ഓടി തുടങ്ങിയതും രമണി ചുവന്ന റിബ്ബൺ കെട്ടി ഓടി വന്ന് എന്നത്തേയും പോലെ അവസാനമായി കയറുന്നതും അവൾക്കു കീഴെ ചതഞ്ഞു പോയ കണ്ണുകൾ തുറന്ന് വച്ച്, കാണുകയായിരുന്നു അപ്പോൾ.

"രമണ്യേ " ന്ന് വിളിക്കാൻ നാക്ക് പൊങ്ങാത്ത പോലെ. അതപ്പൊഴേ പിഴുത്തെറിഞ്ഞിരുന്നല്ലോ…

രമണിയുടെ മൊബൈൽ "സബ്സ്ക്രൈബർ പരിധിക്ക് പുറത്താണ് " എന്ന് ആവർത്തിച്ച് കൊണ്ടിരുന്നു.

(കഥാകൃത്തിന്റെ ഫോൺ നമ്പർ: 9048668172)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KATHA, WEEKLY, LITERATURE, KATHA
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.