SignIn
Kerala Kaumudi Online
Saturday, 11 May 2024 8.25 AM IST

നന്മയുടെ ഈ കപ്പൽ മുക്കരുത്

lakshadweep

കടലിലെ മീനും കരയിലെ തെങ്ങും കൊണ്ടു മാത്രം ഉപജീവനം കഴിക്കുന്നവരാണ് ലക്ഷദ്വീപുകാർ. കടലിൽ നങ്കൂരമിട്ട കപ്പൽ പോലെയാണ് ദ്വീപ്. കരയും ദ്വീപുമായുള്ള പ്രധാന കണ്ണി യാത്രക്കപ്പലുകളാണ്. ഈ കപ്പലുകളും ഏറെക്കുറെ ദ്വീപിന്റെ ശരിപ്പകർപ്പുതന്നെ. കള്ളൻ കപ്പലിൽത്തന്നെ എന്നൊക്കെ പറയാൻ ഇവിടെ അവസരം കുറവാണ്. ദ്വീപിലും യാത്രക്കപ്പലിലും മോഷണം, പിടിച്ചുപറി, ബലാത്സംഗം എന്നിവ പതിവില്ല. കപ്പലിലെ ക്യാബിനുകൾക്കും ദ്വീപിലെ ഗസ്റ്റ് ഹൗസിനും വീടുകൾക്കുമൊന്നും പൂട്ടില്ല. ദ്വീപിൽ തുറന്ന ജീവിതമാണ്. മതിലുകൾ, വേലികൾ, ഗേറ്റുകൾ എന്നിവയും അപൂർവമത്രെ. ആദ്യമായി കവറത്തിയിൽ ചെന്നപ്പോൾ ഗസ്റ്റ് ഹൗസ് മുറിയുടെ താക്കോൽ ചോദിച്ച് ചമ്മിയത് ഓർക്കുന്നു.

ഈ ഭൂമുഖത്ത് അവശേഷിക്കുന്ന ഒരുപിടി നന്മകളുടെ പച്ചപ്പുമേന്തി ലക്ഷദ്വീപുകൾ ഊർദ്ധ്വൻ വലിക്കുകയാണ്. മോഷണവും പോക്കറ്റടിയും പെൺവാണിഭവും മദ്യക്കച്ചവടവും ദ്വീപിൽ ഇനിയും തഴച്ചുവളർന്നിട്ടില്ല. തോക്കും ലാത്തിയും വെറും അലങ്കാരം മാത്രമായി സമാധാനത്തിന് കാവൽ നിൽക്കുന്ന പൊലീസ്. വിരലിലെണ്ണാവുന്ന മോട്ടോർ വാഹനങ്ങളെ കാത്ത് വികസനത്തിന്റെ മാപ്പുസാക്ഷിയായി ട്രാഫിക് സിഗ്നലുകൾ കാണാം. നടുറോഡിലുള്ള തെങ്ങിനെ രക്ഷിക്കാൻ സ്വയം വളഞ്ഞുകൊടുത്ത പ്രധാന നിരത്ത്. അതിവേഗ പാതകൾ നാടിനെ നെടുകെ ചിന്താനൊരുങ്ങുന്നവർക്ക് ഈ തെങ്ങ് ലളിതമായൊരു പാഠവും കൂമ്പെടുക്കുന്ന താക്കീതുമാണ്.

പെണ്ണിന് പൊന്നുവിലയാണ് ദ്വീപിൽ. മൂന്നോ നാലോ ലക്ഷം രൂപയും അതിനുതക്ക പൊന്നും കരുതാതെ വെറും കൈയോടെ ഒരു ചെറുക്കനും പെണ്ണുകിട്ടാത്ത നാട്. ഭർത്താവുദ്യോഗം കൊണ്ട് ഞെളിയാമെന്ന് കരുതേണ്ട. പുരനിറഞ്ഞു നിൽക്കുന്ന ചെക്കന്മാരെ കെട്ടിച്ചയച്ചാൽ പിന്നെ അവരെ സ്വന്തം വീട്ടിലേക്ക് പ്രതീക്ഷിക്കേണ്ട. വീടിനും സ്വത്തുക്കൾക്കും മുഖ്യാവകാശി പെൺമക്കൾ തന്നെ. പെണ്ണായി പിറക്കാനും അന്തസായി ജീവിക്കാനും ഒരിടം. കപ്പലിലും ഹെലികോപ്ടറിലും നിരത്തിലും ബീച്ചിലുമൊക്കെ മേൽക്കൈ പെണ്ണിനു തന്നെ. അർദ്ധരാത്രിയിലും നിരത്തിലൂടെ നിർബാധം തനിച്ചുപോകുന്ന സ്ത്രീകളെ കാണാം ഇവിടെ.

ദ്വീപിൽ അതിസാഹസികമായി ഓട്ടൻതുള്ളൽ അവതരിപ്പിച്ച് ഒളിവിൽ പോകേണ്ടിവന്ന കവറത്തിക്കാരൻ എം.പി. ബദറുദ്ദീനെപ്പോലെ അപൂർവ ജനുസിൽപ്പെട്ടവരും ഇവിടെയുണ്ട്. ജ്യോതിഷത്തിൽ വിശ്വസിക്കുന്ന, 'ചൂരസന്ദേശം" പോലുള്ള ലഘുകാവ്യങ്ങൾ രചിച്ചിട്ടുള്ള ആൾ. ഉൾക്കടലിലെ കാറ്റിലും കോളിലും പെട്ട് അപ്രത്യക്ഷമായ ഓടിവള്ളങ്ങളിൽ കാണാമറയത്തേക്ക് ഒലിച്ചുപോയി ആണുങ്ങൾ അപൂർവമായിത്തീർന്ന ഒരു താവഴിയിലെ അവസാന കണ്ണി.

ലക്ഷദ്വീപിന്റെ ദേശീയോത്സവമായ ദ്വീപ് ഫെസ്റ്റിൽ മുഖ്യാതിഥികളായി ദ്വീപ് സന്ദർശിച്ചത് ഓർമ്മവരുന്നു. തമിഴിലെ ബഷീർ എന്ന് പെരുമപ്പെട്ട കഥാകാരൻ തോപ്പിൽ മുഹമ്മദ് മീരാനും നളിനി ബേക്കലും ഒപ്പമുണ്ടായിരുന്നു. കടൽത്തീരത്ത് കളിപറഞ്ഞ് മണൽ പ്രതിമകളുണ്ടാക്കി കളിക്കുന്ന കുട്ടികൾ. 9, 10, 11 ക്ളാസുകളിൽ പഠിക്കുന്ന ഏഴെട്ട് പെൺകുട്ടികളും ഏഴാംക്ളാസുകാരനായ മുഹമ്മദും. മുഹമ്മദ് കൂസലന്യേ ഞങ്ങളോട് ചോദിച്ചു.

'സാറന്മാർ ഏതു പാർട്ടിയാ?"

ഉത്തരം പറയാതെ മറുചോദ്യവുമായി ഞങ്ങളവരെ നേരിട്ടു.

'ഞങ്ങൾ കോൺഗ്രസാ..." മുഹമ്മദ് പറഞ്ഞു.

രണ്ടു പെൺകുട്ടികൾ ഇടയ്ക്കുകയറി പറഞ്ഞു: 'ഞങ്ങൾ ജനതാദളാ...."

ദ്വീപിൽ ഒരു കുഞ്ഞു പിറന്നുവീഴുന്നത് ഒന്നുകിൽ കോൺഗ്രസിലേക്കോ അല്ലെങ്കിൽ ജനതാദളിലേക്കോ ആയിരിക്കും. 99 ശതമാനം ദ്വീപുകാരും മുസ്ളിങ്ങളാണെങ്കിലും മുസ്ലിം ലീഗുൾപ്പെടെ മറ്റൊരു പാർട്ടിക്കും അവിടെ പച്ചപിടിക്കാനായിട്ടില്ല.

മുപ്പതിനായിരം ജനസംഖ്യയുള്ള ദ്വീപിൽനിന്നും വിജയ് മല്യ കുടിവെള്ളം നിർമ്മിക്കാനുള്ള അവകാശം 30 കോടിക്കാണ് വാങ്ങിയത്. ബങ്കാരമെന്ന മനോഹര ദ്വീപ് കാസിനോ ഗ്രൂപ്പ് വിലക്കെടുത്തുകഴിഞ്ഞു. ടാറ്റയും റിലയൻസും ദ്വീപിൽ ആധിപത്യമുറപ്പിക്കുകയാണ്. ദ്വീപിന്റെ തനിമയുടെയും സ്വാതന്ത്ര്യത്തിന്റെയും നാളുകൾ എണ്ണപ്പെട്ടുകഴിഞ്ഞു. ലോകടൂറിസത്തിന്റെ സൂപ്പർ മാർക്കറ്റിൽ വില്പനയ്‌ക്ക് വച്ചിരിക്കുന്ന അക്വേറിയങ്ങളാണ് ഈ പവിഴ ദ്വീപുകൾ. ഈ മരതക ദ്വീപുകളും അവയെ ആലിംഗനം ചെയ്തുകിടക്കുന്ന കോറൽ ലഗൂണും ദ്വീപുകാരുടെ സ്വതസിദ്ധമായ നന്മകളും അതിജീവനത്തിനായി പോരാടുകയാണ്.

ദ്വീപിന്റെ പാരമ്പര്യവും നന്മകളും ഇനിയും അവശേഷിക്കുന്നതിൽ അതിന് ഭൂമുഖത്ത് ഒരവകാശിയുണ്ട്. മൂർക്കോത്ത് രാമുണ്ണിയെന്ന ലക്ഷദ്വീപിന്റെ ആദ്യകാല അഡ്മിനിസ്ട്രേറ്റർ. തലശേരിക്കാരനായ ആ വലിയ മനുഷ്യൻ ഇന്നും ദ്വീപുകാർക്ക് പ്രാതഃസ്മരണീയനാണ്. ദ്വീപിന്റെ മണ്ണ് മറ്റാർക്കും കൈമാറ്റം ചെയ്യാനാവില്ല എന്ന ഉത്തരവ് ദീർഘവീക്ഷണത്തോടെ നടപ്പാക്കിയ രാമുണ്ണി അഡ്മിനിസ്ട്രേറ്ററെ ദ്വീപുകാർ നമസ്കരിക്കുന്നുവെന്ന് കവറത്തിയുടെ ആദ്യ ദ്വീപ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ യു.സി.കെ തങ്ങൾ.

നിയന്ത്രിത ടൂറിസവും നിയമപരിരക്ഷകളും വിട്ടുവീഴ്ചകളില്ലാത്ത പാരമ്പര്യ ജീവിത ശൈലികളും കൊണ്ട് നന്മയുടെ ഈ പച്ചത്തുരുത്തിനെ ഇത്രടം കാത്തുപോന്നു. ഇന്ന് ലക്ഷദ്വീപ് സമൂഹം മറ്റൊരു അഡ്മിനിസ്ട്രേറ്ററുടെ ആസുരമായ തുഗ്ളക്ക് ഭരണപരിഷ്കാരങ്ങളുടെ മുന്നിൽ വിറപൂണ്ട് നില്ക്കുകയാണ്.

ദ്വീപ് നിവാസികളോടൊപ്പം, ആ നന്മയുടെ തുരുത്തിനെ സ്നേഹിക്കുന്നവരൊക്കെ ചേർന്ന് പ്രത്യാശിക്കട്ടെ, നന്മയുടെ ഈ കപ്പൽ മുക്കരുതേയെന്ന് !

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LAKSHADEEP
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.