SignIn
Kerala Kaumudi Online
Friday, 26 April 2024 1.57 PM IST

കൊവിഡ് ദുരിതാശ്വാസം പോയതെങ്ങോട്ട്

fotball

പരമ്പര മൂന്നാം ഭാഗം

കഴിഞ്ഞ വർഷം കൊവിഡ് കലിതുള്ളി മൈതാനങ്ങൾ നിശ്ചലമായപ്പോൾ കളിക്കാർക്ക് ആശ്വാസമെത്തിക്കാൻ ആൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷൻ എല്ലാ സംസ്ഥാന അസോസിയേഷനുകൾക്കും സഹായധനം നൽകിയിരുന്നു. മറ്റ് സംസ്ഥാനങ്ങളിലൊക്കെ കളിക്കാർക്കും ക്ളബുകൾക്കും ഇതിന്റെ വിഹിതം കിട്ടിയപ്പോൾ കേരള ഫുട്ബാൾ അസോസിയേഷനിലേക്ക് വന്ന തുക കണ്ടെത്താൻ ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തേണ്ട സ്ഥിതിയാണ്. കൊവിഡ് കാലത്തുമാത്രമല്ല അതിനുമുമ്പും കെ.എഫ്.എയിലേക്ക് വരുന്ന തുക എത്രയെന്നും അത് എങ്ങനെ ചെലവിടുന്നുവെന്നും തലപ്പത്തിരിക്കുന്ന ചിലരൊഴികെ ആർക്കും അറിയില്ല. ഐ.എസ്.എല്ലിൽ കേരള ബ്ളാസ്റ്റേഴ്സിന്റെ ഹോം മാച്ചുകൾ കൊച്ചിയിൽ നടത്തുന്നത് വലിയ വരുമാനമാണ് കെ.എഫ്.എയ്ക്ക് നൽകിയിരുന്നത്. ഈ കാശൊന്നും വെളിച്ചം കണ്ടിട്ടില്ലെന്ന് മാത്രം.അതിനൊക്കെ പുറമെയാണ് സിനിമാക്കാരെ വിരട്ടി പണംപിടുങ്ങിയതുൾപ്പടെയുള്ള സംഭവങ്ങൾ. ചുങ്കപ്പിരിവു നടത്തുന്ന കങ്കാണിയുടെ റോളല്ല സംസ്ഥാന ഫുട്ബാൾ അസോസിയേഷന്റേതെന്ന് മറ്റ് സംസ്ഥാനങ്ങളിലെ കാര്യം അന്വേഷിക്കുമ്പോൾ മനസിലാകും. ടൂർണമെന്റുകൾ നടത്താനും വളർന്നുവരുന്ന കളിക്കാർക്ക് പരിശീലനവും മറ്റ് സൗകര്യങ്ങളും നൽകുവാനും ശ്രമിക്കുകയാണ് അസോസിയേഷനുകളുടെ ദൗത്യം.

ഗോവയും ബംഗാളും ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾ ടൂർണമെന്റുകളുടെയും ലീഗുകളുടെയും നടത്തിപ്പ് ഇവന്റ് മാനേജ്മെന്റ് കമ്പനികളെ ഏൽപ്പിച്ചിട്ടുണ്ട്. എന്നാൽ കെ.എഫ്.എ ചെയ്യുന്നതുപോലെ തുച്ഛമായ തുകയ്ക്ക് അധികാരങ്ങളെല്ലാം തീറെഴുതിക്കൊടുക്കുകയല്ല അവർ ചെയ്തത്. സ്പോൺസർഷിപ്പ് സമാഹരിക്കുന്നതിലും ഗെയിം മാർക്കറ്റ് ചെയ്യുന്നതിലും കമ്പനികളെ ഉപയോഗിക്കുന്നു. ഇങ്ങനെ സമാഹരിക്കുന്ന ധനം സംസ്ഥാനത്തെ ഫുട്ബാൾ വികസനത്തിനായി ചെലവിടുന്നു. കളിക്കാർക്ക് ഇൻഷുറൻസ് ഉൾപ്പടെയുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തുന്നു. കളി പഠിപ്പിക്കുന്ന അക്കാഡമികൾക്ക് ധനസഹായം നൽകുന്നു. അതുകൊണ്ടാണ് ഗോവയിലും ബംഗാളിലും ഫുട്ബാൾ വളരുകയും ഇവിടെ ഫുട്ബാൾ അസോസിയേഷൻ മേലാളന്മാർ വളരുകയും ചെയ്യുന്നത്. ഐ.എസ്.എല്ലിന് ശേഷം ഫുട്ബാൾ പരിശീലനത്തിന് എത്തുന്ന കുട്ടികളുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് കേരളത്തിൽ ഉണ്ടായിരിക്കുന്നത്. ഇതിന്റെ കച്ചവടസാദ്ധ്യതകൾ മുതലെടുക്കാൻ കൂണുപോലെ അക്കാഡമികളും മുളച്ചുപൊന്തുകയും മാഞ്ഞുപോവുകയും ചെയ്യുന്നു.

പ്രതിമാസം മിനിമം അഞ്ഞുറുമുതൽ മൂവായിരം വരെ ഫീസുവാങ്ങുന്ന അക്കാഡമികളുണ്ട്. എന്നാൽ ഇവിടങ്ങളിലെ പരിശീലനത്തിന്റെ നിലവാരത്തെക്കുറിച്ച് കെ.എഫ്.എയ്ക്ക് ഒരു ധാരണയുമില്ല. കേരളത്തിനും ഇന്ത്യയ്ക്കുമായി ഇന്ന് ബൂട്ടണിഞ്ഞവരാരും കാശുമുടക്കി കളി പഠിച്ചവരല്ല.അവരുടെ പ്രതിഭയെ കണ്ടെത്തി സ്പോർട്സ് കൗൺസിൽ പോലുള്ള സർക്കാർ സംവിധാനങ്ങളും വിവിധ ഡിപ്പാർട്ട്മെന്റുകളിലെ ടീമുകളും അസോസിയേഷൻ നടത്തിയ ക്യാമ്പുകളും ചേർന്നാണ് ഇതുവരെയുള്ള തലമുറകളെ വളർത്തിയെടുത്തത്. അവിടെയാണ് കാശുകൊടുത്ത് പഠിക്കാൻ പാങ്ങുള്ളവനിലേക്ക് മാത്രമായി ഫുട്ബാൾ ഒതുങ്ങാൻ പോകുന്നത്. കാശുള്ളവന് സെലക്ഷൻ ഉൾപ്പടെ ഒന്നും പ്രശ്നമല്ലാതെയാകാൻ പോകുന്നത്. ഫുട്ബാളിൽ കേരളം നടത്താനൊരുങ്ങുന്ന കമ്പനി ഭരണത്തിന്റെ തിക്തഫലങ്ങളുടെ സാമ്പിൾ മാത്രമാണിത്. പുതിയ പരിഷ്കാരം കേരളത്തെ എവിടെ കൊണ്ടെത്തിക്കും എന്നതിനെപ്പറ്റി കൂടുതലായി നാളെ...

കരാറിൽ ഭേദഗതി വരുത്തിയേക്കും

കെഎഫ്.എ സ്വകാര്യ കമ്പനിയുമായുള്ള ഇടപാട് ഫുട്ബാൾ രംഗത്ത് വലിയ വിവാദമായതോടെ നിർദ്ദിഷ്ട കരാറിൽ മാറ്റങ്ങൾ വരുത്താൻ ഇന്നലെ ചേർന്ന കെ.എഫ്.എ ഓഫീസ് ഭാരവാഹികളുടെ യോഗം തീരുമാനിച്ചു. ഭേദഗതി വരുത്തിയ കരാറിന്റെ പകർപ്പ് എല്ലാ ജില്ലാ അസോസിയേഷനുകൾക്കും അയച്ചുകൊടുക്കാനും അടുത്ത ശനിയാഴ്ച ഓൺലൈൻ യോഗം ചേർന്ന് അഭിപ്രായം ആരായാനുമാണ് നീക്കം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, FOOTBALL FROUD
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.