കൊല്ലം: നിർമ്മാണം പൂർത്തിയാക്കാതെ കൊല്ലം ബൈപ്പാസിൽ ടോൾ പിരിക്കാനുള്ള ദേശീയപാത അതോറിട്ടിയുടെ ശ്രമം സംഘർഷത്തിൽ കലാശിച്ചു. ടോൾ പിരിവ് തടയാൻ ഡി.വൈ.എഫ്.ഐ, കോൺഗ്രസ് പ്രവർത്തകർ ശ്രമിച്ചതാണ് സംഘർഷത്തിനിടയാക്കിയത്. രാവിലെ ഏഴ് മണിയോടെ കാവനാട് - മേവറം ബൈപ്പാസിലെ ടോൾ പിരിവ് തടഞ്ഞതാണ് പ്രതിഷേധത്തിനിടയാക്കിയത്. ടോൾ പിരിക്കുന്നതിനുള്ള ചുമതല ഉത്തർപ്രദേശിൽ നിന്നുള്ള ഒരു കമ്പനിയെയാണ് ഏൽപ്പിച്ചിരിക്കുന്നത്.
ടോൾ പിരിവിനായി രാവിലെ അധികൃതർ പൂജയും മറ്റും നടത്തിയിരുന്നു. പിന്നാലെ ബൈപ്പാസ് വഴി വന്ന വാഹനങ്ങൾ ബൂത്തിൽ തടഞ്ഞ് കൂപ്പൺ നൽകി ടോൾ പിരിക്കാൻ ശ്രമിച്ചതോടെയാണ് ഡി.വൈ.എഫ്.ഐ പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്. ജീവനക്കാരെ തടഞ്ഞുവച്ച് പ്രവർത്തകർ മുദ്രാവാക്യം വിളിച്ചു. വിവരമറിഞ്ഞ് കാവനാട് പൊലീസെത്തി പ്രവർത്തകരുമായും ടോൾ പിരിക്കാനെത്തിയ ജീവനക്കാരുമായും ചർച്ച നടത്തി. ഇതിനിടെ കോൺഗ്രസ് പ്രവർത്തകരും പിരിവ് നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധവുമായി സ്ഥലത്തെത്തിയതോടെ ടോൾ ഗേറ്റും പരിസരവും സംഘർഷഭരിതമായി. വിവരമറിഞ്ഞ് കൂടുതൽ പൊലീസ് സ്ഥലത്തെത്തി. പൊലീസ് സമരക്കാരുമായി ചർച്ച നടത്തിയെങ്കിലും പിരിവ് അവസാനിപ്പിക്കണമെന്നും ജീവനക്കാർ മടങ്ങിപ്പോകണമെന്നും ഡി.വൈ.എഫ്.ഐ, കോൺഗ്രസ് പ്രവർത്തകർ ശക്തമായി ആവശ്യപ്പെട്ടു. ഇതോടെ സംഘർഷാവസ്ഥയേറി. പ്രതിഷേധത്തെ തുടർന്ന് ബൈപ്പാസിൽ ഒരുമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. സിറ്റി പൊലീസ് കമ്മിഷണറും ജില്ലാ കളക്ടറും ജനപ്രതിനിധികളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുമായി നാളെ ചർച്ച നടത്തിയശേഷം പിരിവ് തുടങ്ങിയാൽ മതിയെന്ന് പൊലീസ് നിർദേശിച്ചതോടെ ടോൾ ബൂത്ത് പൂട്ടി ജീവനക്കാർ മടങ്ങി. ഇതോടെയാണ് സംഘർഷാവസ്ഥയ്ക്ക് അയവ് വന്നത്. നിർമ്മാണം പൂർത്തിയാക്കാതെയും സർവീസ് റോഡുകൾ പണിയാതെയും ടോൾ പിരിക്കാനുള്ള നീക്കമാണ് നാട്ടുകാരുടെയും രാഷ്ട്രീയ കക്ഷികളുടെയും പ്രതിഷേധത്തിനിടയാക്കുന്നത്. നാലുവരിപ്പാതയും സർവീസ് റോഡുകളും പൂർത്തിയായ ശേഷം ടോൾ പിരിച്ചാൽ മതിയെന്ന നിലപാടിലാണ് നാട്ടുകാർ. അല്ലാത്തപക്ഷം പ്രതിഷേധവുമായി മുന്നോട്ട് പോകാനാണ് തീരുമാനം.
25 മുതൽ 150 രൂപ വരെ
13 കിലോമീറ്റർ നീളമുള്ള കൊല്ലം ബൈപ്പാസിൽ ടോൾ പിരിക്കാൻ കഴിഞ്ഞ ജനുവരിയിലാണ് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം തീരുമാനിച്ചത്. എന്നാൽ പ്രാദേശിക എതിർപ്പ് ശക്തമായതിനെ തുടർന്ന് ആദ്യംപിന്മാറി. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി നിർമ്മാണം നടത്തിയ പദ്ധതിക്ക് 352 കോടിരൂപയാണ് ചെലവായത്. ഇതിൽ നിന്ന് 176 കോടി ടോളിലൂടെ പിരിച്ചെടുക്കാനാണ് കേന്ദ്ര സർക്കാരിന്റെ നീക്കം. 25 മുതൽ 150 രൂപ വരെയാണ് വിവിധ വാഹനങ്ങൾക്ക് ഈടാക്കുന്ന നിരക്ക്. എന്നാൽ, ടോൾ പിരിക്കുന്നത് സംബന്ധിച്ച് പ്രത്യേക ഉത്തരവ് ഒന്നും ലഭിച്ചിട്ടില്ലെന്ന് കൊല്ലം ജില്ലാകളക്ടർ വ്യക്തമാക്കി. ടോൾ പിരിവ് അനുവദിച്ച് കേന്ദ്ര ഉപരിതല മന്ത്രാലയം അയച്ച കത്ത് സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കിട്ടിയിട്ടുണ്ടെന്നും അതിന്റെ അടിസ്ഥാനത്തിലാണ് ടോൾ പിരിക്കുന്നതിനുള്ള സംവിധാനങ്ങൾ ബൈപ്പാസിൽ കരാറുകാർ തയ്യാറാക്കിയതെന്നുമാണ് ചുതമലയുള്ള കമ്പനി പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |