സിനിമാ ചർച്ചകൾ നടക്കുന്ന ഫേസ്ബുക്ക് സിനിമാ ഗ്രുപ്പുകളിൽ പലരും തങ്ങളുടെ അഭിപ്രായങ്ങൾ പറയുമ്പോൾ പലപ്പോഴും ആ ആശയവിനിമയം കൃത്യമായി നടക്കാറില്ല. തങ്ങൾക്ക് പറയാനുള്ളതത്രയും പറയാൻ കഴിഞ്ഞില്ലെന്നും ഭാഷയുടെ പരിമിതികൾ കൊണ്ട് അത്രയേ പറയാൻ സാധിച്ചുള്ളുവെന്നുമൊക്കെ പലരും പറഞ്ഞു കേട്ടിട്ടുണ്ട്. എന്നാൽ അതിനെല്ലാം പരിഹാരമായിട്ടാണ് ക്ലബ് ഹൗസിന്റെ വരവ്. നമുക്ക് തുറന്ന് സംസാരിക്കാനും സംവദിക്കാനുമായിട്ടുള്ള ഒരു ശബ്ദ മുറി. അതാണ് ക്ലബ് ഹൗസ്.ഇവിടെ സിനിമയും രാഷ് ട്രീയവും കുട്ടിക്കളികളും നാട്ടുവർത്തമാനവുമൊക്കെ ചർച്ച ചെയ്യപ്പെടുന്നു.
രണ്ടാംഘട്ട ലോക് ഡൗണിൽ പെട്ടിരിക്കുമ്പോഴാണ് മലയാളികളുടെ ഇടയിൽ ക്ലബ് ഹൗസ് ഹിറ്റാവുന്നത്. പണ്ടത്തെ നാട്ടുമ്പുറ ചായക്കട വർത്തമാനങ്ങൾ വെർച്വലായി തിരിച്ചുവന്നെന്നു ഇതിൽ അംഗമായവർ പറയുന്നു. ട്വിറ്ററിലും ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും പെട്ടെന്ന് കയറിപ്പറ്റുന്നതു പോലെ അത്ര എളുപ്പമല്ല ക്ലബ് ഹൗസിൽ കയറിപ്പറ്റാനും മറ്റുള്ളവരുടെ പ്രീതി പിടിച്ചുപറ്റാനും. ക്ലബ് ഹൗസിൽ അംഗമായ ഒരാൾക്ക് തന്റെ സുഹൃത്തുക്കളെ ഓഡിയോ റൂമുകളിലേക്ക് ക്ഷണിക്കാം. അയ്യായിരം അംഗങ്ങളെവരെ ഒരു റൂമിൽ ഉൾപ്പെടുത്താം. ചർച്ചകൾ ചെയ്യാം പാട്ടുകൾ പാടാം കഥകൾ പറയാം. എന്നാൽ ഓഡിയോ റൂമുകളിലെ ചർച്ചകളൊന്നും രേഖകളിൽ ഉണ്ടാവില്ല.
റൂമുകൾ ഉണ്ടാകുന്ന ക്ലബ് ഹൗസ് അംഗമായിരിക്കും ആ റൂമിന്റെ മോഡറേറ്റർ. റൂമിൽ എത്തുന്ന ആർക്കുവേണമെങ്കിലും ചർച്ച ചെയ്യാൻ അധികാരമുണ്ട്. അതുപോലെ ക്ലോസ്ഡ് റൂമുകളിൽ സ്വകാര്യ സംഭാഷണങ്ങൾ നടത്താം. എന്നാൽ ഇതിൽ ഒരു ഉപഭോക്താവിനും കാമറ ഓൺ ചെയ്യാനോ വീഡിയോ പ്ലേ ചെയ്യാനോ ടെക്സ്റ്റ് സന്ദേശങ്ങൾ അയക്കാനോ സാധിക്കില്ല. പ്ലേ സ്റ്റോറിലും ഐ.ഒ.എസിലും 'ക്ലബ്ഹൗസ് ആപ്പുകൾ ലഭ്യമാണ്.മൊബൈൽ ഫോൺ നമ്പർ ഉപയോഗിച്ചാണ് രജിസ്റ്റർ ചെയ്യേണ്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |