തണ്ണിത്തോട്: പുതിയ അദ്ധ്യയനവർഷത്തിൽ പഠനം ഓൺലൈനിലായതോടെ മണ്ണീറയിൽ കുട്ടികൾ ബുദ്ധിമുട്ടുന്നു. ബി.എസ്. എൻ. എല്ലിന് ഇവിടെ കവറേജ് കുറവായതാണ് കാരണം . കാറ്റിലും മഴയിലും വൈദ്യുതി മുടങ്ങുന്നതോടെ ടവറിന്റെ പ്രവർത്തനം നിലയ്ക്കും . ബി.എസ്, എൻ.എല്ലിനെ ആശ്രയിക്കുന്നവർക്ക് ഇതു മൂലം ക്ളാസുകളിൽ പങ്കെടുക്കാൻ കഴിയില്ല. തലമാനത്തെ ടവറിന്റെ ജനറേറ്റർ ഏറെക്കാലമായി തകരാറിലാണ് ഇതു മൂലമാണ് വൈദ്യുതി മുടങ്ങിയാൽ പ്രദേശം പരിധിക്ക് പുറത്താവുന്നത്. മഴയെ തുടർന്ന് മരച്ചില്ലകൾ വീണും മറ്റും വൈദ്യുതി പോയാൽ പുനഃസ്ഥാപിക്കാനും താമസം നേരിടുന്നുണ്ട്. സംസ്ഥാനത്തിനകത്തും പുറത്തും പഠിക്കുന്ന വിദ്യാർത്ഥികൾ കോളേജുകൾ അടച്ചതിനാൽ ഇപ്പോൾ നാട്ടിലാണ്. ഇവരുടെ ഓൺലൈൻ ക്ലാസുകളും ഇതുമൂലം മുടങ്ങുകയാണ്. തണ്ണിത്തോട് പഞ്ചായത്തിലെ ഒരു വാർഡ് ഉൾപ്പെട്ട വനാന്തര ഗ്രാമമായ മണ്ണീറയിൽ നാനൂറോളം കുടുംബങ്ങളാണ് താമസിക്കുന്നത്. ഫോൺ കവറേജ് ലഭിക്കാത്ത വിവരം ആന്റോ ആന്റണി എം. പി യെ അറിയിച്ചതായും പുതിയ ജനറേറ്റർ സ്ഥാപിക്കാൻ നടപടി സ്വീകരിക്കുമെന്നും കോന്നി ബ്ളോക്ക് പഞ്ചായത്ത് അംഗം പ്രവീൺ പ്ലാവിളയിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |