ന്യൂഡൽഹി: വാക്‌സിനേഷന്റെ കാര്യത്തിൽ കേന്ദ്ര സർക്കാരിനെ കുറ്റപ്പെടുത്തുന്ന പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ വാക്‌സിൻ പാഴാക്കുന്നത് കൂടുതലെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ. മാത്രമല്ല ഇവിടങ്ങളിൽ പ്രതിരോധ വാക്‌സിനേഷന് വേഗം കുറവാണെന്നും കേന്ദ്ര ധനമന്ത്രി കുറ്റപ്പെടുത്തി. അതുകൊണ്ട് തന്നെ ഈ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഒരു കേന്ദ്രീകൃത വാക്‌സിൻ സംഭരണം കേന്ദ്ര സർക്കാർ പരിഗണിക്കുകയാണെന്ന് നിർമ്മലാ സീതാരാമൻ അറിയിച്ചു.
ഈ സംസ്ഥാനങ്ങൾ കൊവിഡ് വാക്‌സിനായി നടത്തിയ ആഗോള ബിഡ്ഡുകൾ വേണ്ടത്ര ഫലം കണ്ടില്ല. ഒഡീഷാ ആരോഗ്യമന്ത്രി നാബാ കിഷോർ ദാസ് കേന്ദ്രീകൃത സംഭരണ രീതിയിൽ വാക്‌സിൻ ശേഖരിക്കണമെന്ന് കുറച്ച്നാൾ മുൻപ് കേന്ദ്രസർക്കാരിന് കത്ത് നൽകിയിരുന്നു. ഈ ആവശ്യം തന്നെ കേരളവും ജാർഖണ്ഡും മറ്റ് സംസ്ഥാനങ്ങളും ആവർത്തിച്ചു. ഇക്കാര്യത്തിലാണ് കേന്ദ്ര സർക്കാർ തീരുമാനമെടുക്കാൻ പോകുന്നത്.
കേന്ദ്ര സർക്കാർ മരുന്ന് കമ്പനികളുമായി ചർച്ച ചെയ്‌ത് വാക്‌സിനുകൾ സംഭരിക്കണമെന്ന് സുപ്രീംകോടതിയും മുൻപ് ആവശ്യപ്പെട്ടിരുന്നു. ജൂൺ ആറ് വരെ 246 മില്യൺ ഡോസ് വാക്‌സിനുകളാണ് സംസ്ഥാനങ്ങൾക്ക് നൽകിയതെന്നും ഇവയിൽ 16.3 മില്യൺ ഡോസ് ബാക്കിയുണ്ടെന്നുമാണ് കേന്ദ്ര സർക്കാർ വാദം.
കൊവിഡ് വാക്‌സിനേഷന് ഈ ബഡ്‌ജറ്റിൽ കേന്ദ്ര സർക്കാർ 35,000 കോടി രൂപ മാറ്റിവച്ചെന്നും ആവശ്യമെങ്കിൽ ഇനിയും തുക അനുവദിക്കുമെന്നും ധനമന്ത്രി അറിയിച്ചു. മൂന്നാംഘട്ട വാക്‌സിനേഷൻ രാജ്യത്ത് ആരംഭിച്ചത് മേയ് ഒന്നിനാണ്. പുതിയ വാക്‌സിൻ പ്ളാനനുസരിച്ച് 18 മുതൽ 45 വയസിനിടയിലുളളവർക്കാണ് ഈ ഘട്ടത്തിൽ വാക്‌സിനേഷൻ ആരംഭിച്ചത്.
മൂന്നാംഘട്ടത്തിൽ വാക്‌സിൻ ഉൽപാദനം 50 ശതമാനം കേന്ദ്രവും 25 ശതമാനം സംസ്ഥാനങ്ങളും 25 ശതമാനം സ്വകാര്യ മേഖലയ്‌ക്കുമാണ് അനുവദിച്ചത്. ആഗോള മൊത്ത വിതരണക്കാരിൽ നിന്ന് നേരിട്ട് വാക്‌സിൻ വാങ്ങാൻ സംസ്ഥാന സർക്കാരുകൾക്ക് അവകാശവും നൽകി. മതിയായ വിതരണത്തിന്റെ കുറവ് മൂലം 18-44 പ്രായ ഗ്രൂപ്പിൽ വാക്‌സിൻ വിതരണം മന്ദഗതിയിലാണ് മുന്നേറുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |