തിരുവനന്തപുരം: കെ സുധാകരനെ കെ പി സി സി അദ്ധ്യക്ഷനായി പ്രഖ്യാപിച്ചതിന് പിന്നാലെ കേരളത്തിൽ അടിമുടി മാറ്റത്തിനൊരുങ്ങി കോൺഗ്രസ് ഹൈക്കമാൻഡ്. ആറ് മാസത്തിനകം പാർട്ടിയിൽ സമ്പൂർണ അഴിച്ചുപണി നടത്തണമെന്നാണ് സുധാകരന് എ ഐ സി സി നൽകിയിരിക്കുന്ന നിർദേശം. കെ പി സി സിയിലെ ജംബോ കമ്മിറ്റികളിലെല്ലാം അടിമുടി മാറ്റമുണ്ടാകും. പതിനാല് ഡി സി സികളുടെ തലപ്പത്തും മാറ്റം വരും. ജില്ലാ കമ്മിറ്റികളിലെ അംഗങ്ങളുടെ എണ്ണത്തിലും ഗണ്യമായ കുറവുണ്ടാകും.
ഭാരവാഹികൾക്കെല്ലാം ടാർഗറ്റ് നൽകണമെന്നും അത് കൃത്യമായ ഇടവേളകളിൽ വിലയിരുത്തണമെന്നുമാണ് സുധാകരനും ഹൈക്കമാൻഡും തമ്മിൽ ധാരണയായിരിക്കുന്നത്.
പ്രതിപക്ഷ നേതാവ്, കെ പി സി സി അദ്ധ്യക്ഷൻ എന്നീ പ്രഖ്യാപനങ്ങളുടെ പേരില്‍ ഇടഞ്ഞുനില്‍ക്കുന്ന നേതാക്കളെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് ഹൈക്കമാൻഡ് തന്നെ മുൻകൈയെടുക്കും. മുതിർന്ന നേതാക്കളെ വിശ്വാസത്തിലെടുത്ത് മാത്രമേ മുന്നോട്ട് പോകാവൂവെന്ന് സുധാകരനെ രാഹുൽ അറിയിച്ചിട്ടുണ്ട്. ഉമ്മന്‍ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും ഒപ്പം നിര്‍ത്താനായിരിക്കും സുധാകരന്‍റെ ആദ്യശ്രമം. നേതാക്കളുടെ എതിര്‍പ്പിനെ കുറിച്ച് കഴിഞ്ഞദിവസം ആവര്‍ത്തിച്ച് ചോദ്യങ്ങളുയര്‍ന്നിട്ടും സുധാകരന്‍ പ്രതികരിക്കാതിരുന്നത് അതുകൊണ്ടാണ്.
വെട്ടിത്തുറന്നുള്ള പ്രതികരണങ്ങളും പ്രവര്‍ത്തനശൈലിയും മയപ്പെടുത്താനാണ് സുധാകരന്‍റെ തീരുമാനം. ഇതുണ്ടാക്കുന്ന ആപത്തിനെപ്പറ്റി മുതിർന്ന നേതാക്കൾ അദ്ദേഹത്തിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പി ടി തോമസും ടി സിദ്ദിഖും വര്‍ക്കിംഗ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് വന്നതും കൊടിക്കുന്നിലിനെ നിലനിർത്തിയതും സാമുദായിക സമവാക്യങ്ങള്‍ കൂടി പരിഗണിച്ചാണ്.
വര്‍ക്കിംഗ് പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് മാറ്റിയ കെ വി തോമസ് യു ഡി എഫ് കണ്‍വീനറായേക്കുമെന്നാണ് സൂചന. കെ മുരളീധരന്‍റെ പേരും കൺവീനർ സ്ഥാനത്തേക്ക് ഒരുവിഭാഗം ഉയർത്തികാട്ടുന്നുണ്ട്. മുസ്ലീംലീഗ്, ജോസഫ് വിഭാഗം തുടങ്ങി മുന്നണിയിലെ ചെറുകക്ഷികൾക്ക് വരെ സുധാകരന്‍റെ വരവിൽ സന്തോഷമുണ്ട്. സുധാകരൻ തലപ്പത്ത് എത്തുന്നത് പാർട്ടിയ്‌ക്ക് മാത്രമല്ല മുന്നണിക്കാകെ ഗുണം ചെയ്യുമെന്നാണ് ഘടകക്ഷികളുടെ കണക്കുകൂട്ടൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |