SignIn
Kerala Kaumudi Online
Friday, 26 April 2024 9.54 PM IST

ഈ കുട്ടികളെ പരിധിക്ക് പുറത്ത് നിറുത്തുന്നതെന്തിന് ?

online
വേളൂർ വനമേഖലയിലെ പാറപ്പുറത്ത് വിദ്യാർത്ഥികൾ ഓൺലൈൻ പഠനത്തിൽ (ഫയൽ ചിത്രം). ഒരു വർഷം കഴിഞ്ഞിട്ടും സ്ഥിതിയിൽ മാറ്റമില്ല.

കഴിഞ്ഞ വർഷം അദ്ധ്യയനം ആരംഭിച്ചപ്പോൾ,​ ഓൺലൈൻ പഠനത്തിനായി മൊബൈൽ ഫോണിന് റേഞ്ച് കിട്ടാൻ ദിവസവും കിലോമീറ്ററുകൾ നടന്ന് കാട്ടുമൃഗങ്ങളുള്ള വനമേഖലയിലെ പാറമുകളിലെത്തുന്ന ഇടുക്കി കഞ്ഞിക്കുഴി പഞ്ചായത്തിലെ കൈതപ്പാറയിലുള്ള മുപ്പതോളം കുട്ടികളെക്കുറിച്ച് ഇതേ കോളത്തിൽ എഴുതിയിരുന്നു. ഓൺലൈൻ പഠനം രണ്ടാം വർഷത്തിലേക്ക് കടക്കുമ്പോഴും ആ കുട്ടികൾ ഇപ്പോഴും ഓഫ്‌ലൈനിൽ തന്നെയാണെന്നതാണ് ദുഃഖകരമായ വസ്തുത. തൊടുപുഴ നഗരത്തിൽ നിന്ന് കഷ്ടിച്ച് 25 കിലോമീറ്റർ അകലെയുള്ള ഗ്രാമത്തിലെ അവസ്ഥയാണിത്. 'ഫസ്റ്റ് ബെൽ' രണ്ടാം വർഷത്തിലേക്ക് കടക്കുമ്പോൾ ജില്ലയിലെ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് വീട്ടിൽ സുഖമായിരുന്നുള്ള ഓൺലൈൻ പഠനം ഇന്നും സ്വപ്നം മാത്രമാണ്. അതിർത്തിയിലെ തമിഴ് ഭൂരിപക്ഷ മേഖലകളിലും ആദിവാസി ഊരുകളിലും എസ്റ്റേറ്റ് ലയങ്ങളിലും ഇനിയും ഓൺലൈൻ വിദ്യാഭ്യാസമെത്തിയിട്ടില്ല. തമിഴ് മീഡിയം സ്‌കൂളുകളിലെ വിദ്യാർത്ഥികൾ അധികൃതരുടെ പട്ടികയിൽ നിന്ന് പോലും പുറത്താണ്. പലരുടെയും പക്കൽ ലാപ്‌ടോപ്പോ സ്മാർട്ട് ഫോണോ എന്തിന് ടെലിവിഷൻ പോലുമില്ല. ഒരു വർഷത്തിലേറെയായി സ്‌കൂളുകളിൽ പോകാത്തതിനാൽ പല കുട്ടികളും രക്ഷിതാക്കൾക്കൊപ്പം മറ്റു ജോലികളിൽ വ്യാപൃതരാണ്. ഇവരെ പഠന പ്രവർത്തനങ്ങളിലേക്ക് മടക്കി കൊണ്ടുവരുന്നതും ഏറെ ശ്രമകരമാണ്.

ഓഫ്‌ലൈനിൽ 2015 കുട്ടികൾ

കഴിഞ്ഞ വർഷം ജൂൺ ഒന്നിന് ഓൺലൈൻ ക്ലാസുകൾ തുടങ്ങിയ ശേഷം ആദ്യം നടത്തിയ കണക്കെടുപ്പിൽ ജില്ലയിൽ അയ്യായിരത്തിലധികം കുട്ടികൾക്ക് ഓൺലൈൻ പഠനസൗകര്യം ഒരുക്കേണ്ടതുണ്ടെന്നായിരുന്നു ഔദ്യോഗിക കണക്ക്. എന്നാൽ ഇത്തവണയെടുത്ത കണക്കെടുപ്പിലും 2015 കുട്ടികൾക്ക് ഡിജിറ്റൽ സൗകര്യമില്ലെന്നാണ് കണ്ടെത്തിയത്. ഈ വർഷം പുതിയതായി അഡ്മിഷനെടുത്ത കുട്ടികളും ഇതിൽപ്പെടും. ഇതിൽ മൊബൈൽ ഫോണില്ലാത്തവരും ടി.വിയില്ലാത്തവരും കേബിളില്ലാത്തവരും ഇന്റർനെറ്റ് സൗകര്യമില്ലാത്തവരും ഉൾപ്പെടും. അതേസമയം മുൻ വർഷത്തെ അപേക്ഷിച്ച് ഓൺലൈൻ പഠനസൗകര്യം വർദ്ധിച്ചിട്ടുണ്ടെന്നാണ് ഇടുക്കി ഡി.ഡി.ഇ ശശീന്ദ്രവ്യാസ് പറയുന്നത്. എന്നാൽ ഓഫ്‌ലൈനിലുള്ള വിദ്യാർത്ഥികൾ ഇതിലേറെയുണ്ടെന്നാണ് അനൗദ്യോഗിക വിവരം.

ഓഫ്‌ ലൈനിലാക്കുന്നതാര് ?

മൊബൈൽ ഫോണും ടിവിയും ഇല്ലാത്ത കുട്ടികൾക്ക് സന്നദ്ധസംഘടനകൾ വഴി അത് വാങ്ങി നൽകാം. എന്നാൽ ഇതെല്ലാം ഉണ്ടെങ്കിലും കൃത്യമായി ഇന്റർനെറ്റ് സൗകര്യമില്ലെങ്കിൽ എന്ത് ചെയ്യും? ഇതാണ് ജില്ല നേരിടുന്ന പ്രധാന വെല്ലുവിളി. കഴിഞ്ഞ വർഷം ഈ പ്രശ്നം പരിഹരിക്കാൻ ജില്ലാ ഭരണകൂടം മൊബൈൽ കമ്പനി പ്രതിനിധികളുടെ യോഗം വിളിച്ചു ചേർത്തിരുന്നു. എം.പിയും എം.എൽ.എമാരെല്ലാം പങ്കെടുത്ത യോഗത്തിൽ എത്രയും വേഗം റേഞ്ചിന്റെ പ്രശ്നം പരിഹരിക്കുമെന്ന് കമ്പനികൾ ഉറപ്പ് നൽകി. എന്നാൽ ഒന്നും സംഭവിച്ചില്ല. ഇത്തവണയും മന്ത്രി റോഷി അഗസ്റ്റിന്റെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നു. മന്ത്രി യോഗ വേളയിൽത്തന്നെ ബി.എസ്.എൻ.എൽ ചീഫ് ജനറൽ മാനേജരുമായി സംസാരിച്ചു. ജില്ലയിൽ 11 ഇടങ്ങളിൽ ബി.എസ്.എൻ.എലിന്റെ ടവറുകൾ പങ്കുവയ്ക്കുന്നതിനു റിലയൻസ് ജിയോ അപേക്ഷ നൽകിയിട്ടുണ്ട്. ഈ അപേക്ഷകളിൽ ഉടൻ തീരുമാനമെടുക്കുമെന്ന് ചീഫ് ജനറൽ മാനേജർ അറിയിച്ചു. എന്നാൽ കഴിഞ്ഞ വർഷം നൽകിയ ഉറപ്പുകളുടെ സ്ഥിതി എന്തായെന്ന് ആരും തിരക്കിയില്ല. എന്നാൽ ബി.എസ്.എൻ.എല്ലിന്റെ പരാധീനതകളാണ് ജില്ലയിൽ ടെലികോം രംഗത്തെ പ്രതിസന്ധികൾക്ക് പ്രധാന കാരണമെന്ന് ഡീൻ കുര്യാക്കോസ് എം.പി ഇതേ യോഗത്തിൽ വ്യക്തമാക്കിയിരുന്നു. അത് ഒരു പരിധി വരെ സത്യമാണെന്ന് കുറഞ്ഞപക്ഷം ബി.എസ്.എൻ.എല്ലിന്റെ ഉപഭോക്താക്കളെങ്കിലും സമ്മതിക്കും.

വൈദ്യുതിക്കൊപ്പം ഫോണും നിലയ്ക്കും

ഇടുക്കിയിലെ മിക്കയിടങ്ങളിലും വൈദ്യുതി പോയാലുടൻ ബി.എസ്.എൻ.എൽ ലാൻഡ് ഫോണും മൊബൈൽ ഫോണും നിലയ്ക്കും, ഒപ്പം ഇന്റർനെറ്റും. സാധാരണ ഗതിയിൽ വൈദ്യുതി പോയാൽ എക്സ്ചേഞ്ചിലെ ബാറ്ററി ബാക്കപ്പ് ഉള്ളതിനാൽ എക്‌സ്‌ചേഞ്ചിന്റെയും ടവറിന്റെയും പ്രവർത്തനത്തിന് തടസം നേരിടാറില്ല. എന്നാൽ ജില്ലയിലെ മിക്ക എക്‌സ്‌ചേഞ്ചുകളിലെയും ബാറ്ററിയോ ജനറേറ്ററോ തകരാറാണ്. അതിനാൽ വൈദ്യുതി പോയാലുടൻ മേഖലയിലെ സകല ബി.എസ്.എൻ.എൽ ഫോണുകളുടെയും സേവനം നിലയ്ക്കും. തൊടുപുഴയ്ക്ക് സമീപത്തെ അരിക്കുഴ എക്‌സ്‌ചേഞ്ചിലെ ബാറ്ററി ബാക്കപ്പ് ആറ് മാസമായി തകരാറിലാണ്. ബാറ്ററി മാറ്റിവച്ചാൽ പ്രശ്‌നം പരിഹരിക്കപ്പെടും. എന്നാൽ പലതവണ പരാതി പറഞ്ഞ് മടുത്തെങ്കിലും ഇതുവരെ പ്രശ്നം പരിഹരിക്കാൻ ബി.എസ്.എൻ.എൽ തയ്യാറായിട്ടില്ല. പ്രദേശത്ത് നേരത്തെ ബി.എസ്.എൻ.എൽ ലാൻഡ് ഫോണും ഇന്റർനെറ്റും ഉപയോഗിക്കുന്ന ആയിരത്തിലേറെ ഉപഭോക്താക്കളുണ്ടായിരുന്നു. അത്രയും തന്നെ മൊബൈൽ ഫോൺ ഉപഭോക്താക്കളും ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ആകെ ഉപഭോക്താക്കളുടെ എണ്ണം അഞ്ഞൂറിൽ താഴെയാണ്. ഇക്കാലത്തിനിടെ നിരവധി പേരാണ് ബി.എസ്.എൻ.എല്ലിനെ കൈവിട്ട് സ്വകാര്യ കമ്പനിയിലേക്ക് മാറിയത്. സ്വകാര്യ മൊബൈൽ കമ്പനികളെ സഹായിക്കാനാണോ ഈ പ്രവർത്തനമെന്ന് ആരെങ്കിലും സംശയിച്ചാൽ കുറ്റം പറയാനാകില്ല. കഴിഞ്ഞ വർഷം ഉദ്യോഗസ്ഥർ കൂട്ടത്തോടെ സ്വയം വിരമിച്ചതോടെയാണ് എക്‌സ്‌ചേഞ്ചുകൾ നാഥനില്ലാ കളരിയായി മാറിയത്. മുമ്പ് കനത്ത സുരക്ഷയിൽ പ്രവർത്തിച്ചിരുന്ന എക്‌സ്‌ചേഞ്ചുകളുടെ ഇപ്പോഴത്തെ അവസ്ഥ ഏറെ പരിതാപകരമാണ്. ഗേറ്റ് പോലും തകർന്ന ഇവിടെ ഇപ്പോൾ ഒരു വാച്ച്മാൻ പോലുമില്ല. ഇതിനുള്ളിലെ ലക്ഷങ്ങളുടെ വസ്തുവകകളിന്മേൽ ബി.എസ്.എൻ.എല്ലിന് ഒരു ഉത്തരവാദിത്തവും ഇല്ലാത്ത സ്ഥിതിയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: IDUKKI DIARY
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.