SignIn
Kerala Kaumudi Online
Friday, 26 April 2024 8.16 AM IST

കുതിരാൻ തുറക്കും ഉറപ്പ് നൽകി സർക്കാർ

kuthiran-tunnel

കേരളത്തിന്റെ ജീവനാഡിയായ കുതിരാനിലെ കുരുക്കഴിയുന്നു. ഇരട്ട തുരങ്കത്തിൽ ഒന്ന് ആഗസ്റ്റിൽ ഗതാഗതത്തിനായി തുറന്നുകൊടുക്കുമെന്ന് പുതുതായി അധികാരമേറ്റ രണ്ടാം പിണറായി സർക്കാർ ഉറപ്പ് നൽകി. നിർമ്മാണം വേഗത്തിലാക്കി ബന്ധപ്പെട്ട വകുപ്പുകളിൽ നിന്ന് അനുമതി വാങ്ങാനും അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ ഈ ഇടപെടലിൽ പ്രതീക്ഷയർപ്പിക്കുകയാണ് യാത്രക്കാർ.

ഉത്തരേന്ത്യയിൽ നിന്നും തമിഴ്നാട്ടിൽ നിന്നുമെല്ലാം കേരളത്തിലേക്ക് അവശ്യസാധനങ്ങളുമായെത്തുന്ന ചരക്കു ലോറികളുടെ ഡ്രൈവർമാർ ആദ്യം ചോദിക്കുക കുതിരാനിൽ കുടുങ്ങുമോ എന്നാണ്. സാധാരണ ചോദ്യമെന്ന ലാഘവത്തോടെ അതിനെ തള്ളിക്കളയാനാകില്ല. കുതിരാനിൽ മണിക്കൂറുകൾ നീളുന്ന വാഹനങ്ങളുടെ നീണ്ട നിരയും, അപകട പരമ്പരകളും അതിന്റെ വ്യാപ്തി വ്യക്തമാക്കുന്നതാണ്. യഥാർത്ഥത്തിൽ 'കുതിരാൻ' ദേശീയപാത 544ൽ വാഹനങ്ങളെ കുരുക്കുന്ന ചെറിയ വഴി മാത്രമല്ല, കേരളത്തെ സ്തംഭിപ്പിക്കാൻ പോന്ന വലിയ കുരുക്കുതന്നെയാണ്. കഴിഞ്ഞ പ്രളയകാലത്തു കേരളത്തിലേക്കു ദുരിതാശ്വാസ സഹായം പ്രവഹിച്ചപ്പോൾ കുതിരാനിൽ മണ്ണിടിഞ്ഞ് വഴിയടഞ്ഞ സ്ഥിതിയായിരുന്നു. പണി നടക്കുന്ന ഒരു തുരങ്കം തുറന്നാണ് അന്ന് പ്രശ്നം പരിഹരിച്ചത്. അതിനാൽ കുതിരാനിലെ ഒരു തുരങ്കം മാത്രം തുറന്നാലും ആശ്വാസം വലുതാണ്.

നിലവിൽ കുതിരാനിൽ ചെറിയ പ്രശ്‌നങ്ങൾകൊണ്ടു പോലും ഏറെനേരം ഗതാഗതം മുടങ്ങുന്ന അവസ്ഥയാണുള്ളത്. കയറ്റം കയറുകയോ ഇറങ്ങുകയോ ചെയ്യുന്ന ചരക്കുലോറികൾ കേടുവന്നാൽ അവ മാറ്റിയിടുന്നതു വരെ വഴിമുടങ്ങും. ഗ്യാസ് ടാങ്കറുകളും മറ്റുമാണെങ്കിൽ തമിഴ്നാട്ടിൽ നിന്നോ കൊച്ചിയിൽ നിന്നോ വിദഗ്ധർ എത്തിയിട്ടു വേണം മാറ്റിയിടാൻ. ഒരു തുരങ്കം ആഗസ്റ്റ് ഒന്നിനു തുറക്കുന്നതോടെ ഈ പ്രശ്നങ്ങൾക്കെല്ലാം വലിയപരിഹാരമാകുമെന്നാണ് പ്രതീക്ഷ. പാലക്കാടു നിന്നു തൃശൂർ ഭാഗത്തേക്കുള്ള ചരക്കു ലോറികൾക്കു കയറ്റം കയറാതെ വരാം. 15 ടൺ ചരക്കു കയറ്റിയൊരു ലോറി കുതിരാൻ കയറി ഇറങ്ങണമെങ്കിൽ 15 മിനിറ്റുവരെയെടുക്കും. കൂടുതൽ ചക്രമുള്ള ട്രെയിലറുകളും വലിയ ടാങ്കറുകളും വലിയ യന്ത്രഭാഗങ്ങൾ കയറ്റിയ ട്രക്കുകളും കുതിരാൻ കടക്കാൻ ചുരുങ്ങിയത് അരമണിക്കൂർ സമയമെടുക്കും. ഇത്രയും സമയം ഈ വാഹനങ്ങൾക്ക് പുറകിലായി വേണം ചെറുതും വലുതുമായ വാഹനങ്ങൾ കടന്നുവരാൻ. റോഡിന് വീതി കുറവായതിനാൽ വാഹനങ്ങളെ മറികടന്നുപോകാനുള്ള സ്ഥലമില്ലെന്നതാണ് വലിയപ്രതിസന്ധി. പ്രത്യേകിച്ചും എതിർദിശയിൽ വാഹനം വരുമ്പോൾ. തുരങ്കം തുറന്നാൽ കയറ്റമില്ലാതെ നേരെ കുതിരാൻ കടന്നു തൃശൂർ ഭാഗത്തേക്കു പോകാം. കൂടുതൽ കുത്തനെയുള്ള കയറ്റം പാലക്കാട്ടുനിന്നു തൃശൂർ ഭാഗത്തേക്കാണ്. അതുകൊണ്ടുതന്നെ ഈ ഭാഗത്തെ ടണൽ ആദ്യം തുറക്കുന്നതു വലിയ സഹായകമാകും. കുതിരാനിൽ കുടുങ്ങിയാൽ മണ്ണുത്തിയിലേക്കോ വടക്കഞ്ചേരിയിലേക്കോ മടങ്ങി വേണം വാഹനങ്ങൾക്കു തിരിച്ചു പോകാൻ.


945 മീറ്റർ മലതുരന്ന് ഇരട്ടത്തുരങ്കം

പാലക്കാട് ജില്ലയിലെ വടക്കഞ്ചേരി മുതൽ തൃശൂർ ജില്ലയിലെ മണ്ണുത്തി വരെയുള്ള റോഡ് വികസനപദ്ധതിയിലെ പ്രധാന നിർമ്മാണമാണു കുതിരാനിലെ തുരങ്കം. കുതിരാനിലെ വീതികുറഞ്ഞ കയറ്റത്തിനു പകരം, 945 മീറ്റർ നീളത്തിൽ മലതുരന്ന് ഇരട്ടത്തുരങ്കം നിർമ്മിക്കുകയെന്നാണ് പദ്ധതി. ഓരോ 300 മീറ്ററിന് ഇടയിലും ഇരു തുരങ്കങ്ങളെയും ബന്ധിപ്പിക്കുന്ന സ്ഥലങ്ങളുമുണ്ട്. തുരങ്കത്തിന് അകത്ത് അപകടങ്ങളോ മറ്റ് സാങ്കേതിക പ്രശ്നങ്ങളോ ഉണ്ടായലും ഗതാഗതം തടസപ്പെടാതിരിക്കാനായാണ് ഈ ക്രമീകരണം. അഴുക്കുചാലും കൈവരികൾ പിടിപ്പിച്ച നടപ്പാതയും സജ്ജമാക്കിയിട്ടുണ്ട്. അഗ്നിരക്ഷാ സംവിധാനവും വായു സമ്മർദ്ദം നിയന്ത്രിക്കാനുള്ള സൗകര്യങ്ങളുമുണ്ട്. പാലക്കാട് ഭാഗത്തെ ഇരുമ്പുപാലം മുതൽ തൃശൂർ ഭാഗത്തെ വഴുക്കുംപാറ വരെയുള്ള ഒരു കിലോമീറ്ററിൽ താഴെയുള്ള ദുരമാണ് തുരങ്കത്തിന്റെ ദൈർഘ്യം.

95 ശതമാനവും പണിപൂർത്തിയായ തുരങ്കമാണ് ഉടനെ തുറന്നുകൊടുക്കുക. അഗ്നിസുരക്ഷാ വിഭാഗത്തിന്റെ ജോലികൾ ഏകദേശം പൂർത്തിയായിട്ടുണ്ട്. തുരങ്ക മുഖത്ത് മണ്ണിടിച്ചിലുണ്ടായാൽ പാറകഷ്ണങ്ങൾ താഴെ പതിക്കാതിരിക്കാനുള്ള സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പാക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്. ഇതുകൂടിപൂർത്തിയായാൽ ആഗസ്റ്റിൽ തുരങ്കത്തിലൂടെയുള്ള യാത്ര യാഥാർത്ഥ്യമാകും.

നാൾവഴി

 2005 മേയ് 16 - മണ്ണുത്തി - വടക്കഞ്ചേരി പാതയ്ക്കു വേണ്ടിയുള്ള ഭൂമി ഏറ്റെടുക്കലിന് ആദ്യ വിജ്ഞാപനം പുറത്തിറങ്ങി

 2005 ഒക്ടോബർ 21 - ഭൂമിയേറ്റെടുക്കലിന് പുതുക്കിയ വിജ്ഞാപനം

 2009 ഓഗസ്റ്റ് 24 - കുതിരാൻ തുരങ്കമുൾപ്പെടുന്ന മണ്ണുത്തി - വടക്കഞ്ചേരി പാതയ്ക്കായി തൃശൂർ എക്സ്‌പ്രസ് വേ എന്ന കമ്പനിയുമാനി കരാർ ഒപ്പിട്ടു

 കരാർ ടെൻഡർ ചെയ്യുമ്പോൾ ആകെ തുക 514 കോടി, ഇതിൽ തുരങ്കത്തിനു മാത്രം 165 കോടി

 തുരങ്ക നിർമ്മാണത്തിനായുള്ള കരാർ തൃശൂർ എക്‌സ്പ്രസ് വേ പ്രഗതി റെയിൽവേ എൻജിനീയറിംഗ് ആൻഡ് റെയിൽ പ്രോജക്ട് പ്രൈവറ്റ് ലിമിറ്റഡിന് ഉപകരാർ നൽകി

 2014 ഒക്ടോബർ 9 - കുതിരാൻ തുരങ്ക നിർമ്മാണ സ്ഥലത്തു ഭൂമിപൂജ നടത്തി

 2016 ജനുവരി 5 - കുതിരാൻ തുരങ്കനിർമ്മാണ സ്ഥലത്ത് കല്ലുപൊട്ടിക്കൽ ആരംഭിച്ചു

 2016 ആഗസ്റ്റ് - രണ്ടാമത്തെ തുരങ്കത്തിന്റെ നിർമ്മാണം ആരംഭിക്കുന്നു

 2017 ഫെബ്രുവരി 20 - ആദ്യ തുരങ്കം കൂട്ടിമുട്ടി

 2017 ഏപ്രിൽ 28 - രണ്ടാം തുരങ്കവും കൂട്ടിമുട്ടി

 2017 ഏപ്രിൽ കുതിരാനിലേക്കു പ്രവേശിക്കുന്ന മേൽപാലം നിർമ്മാണം പൂർത്തിയാക്കി. അന്നത്തെ മന്ത്രി ജി.സുധാകരൻ കുതിരാനിൽ സന്ദർശനം നടത്തി 2018 ജനുവരിയിൽ തുരങ്കം തുറന്നുകൊടുക്കുമെന്നറിയിച്ചു

 2018 ആഗസ്റ്റ് 19 - മഹാപ്രളയം, കുതിരാൻ തുരങ്ക നിർമ്മാണം പൂർണമായും നിലച്ചു

 2019 ജൂലൈ 20 - കേന്ദ്രമന്ത്രി വി.മുരളീധരൻ കുതിരാൻ സന്ദർശിച്ചു

 2019 നവംബർ 18 - വനഭൂമി ലഭിക്കുന്നതിനായി കേന്ദ്രത്തിനു സംസ്ഥാനം കത്തുനൽകി

 2020 ജനുവരി - കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി എൻ.എച്ച് പ്രോജക്ട് അംഗം ആർ.കെ.പാണ്ഡേയോടു തുരങ്കം തുറന്നു കൊടുക്കാനുള്ള നടപടിക്കു നിർദേശിച്ചു

 2021 ജൂൺ 8 - കുതിരാൻ തുരങ്ക നിർമ്മാണ പുരോഗതി വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ യോഗം ചേർന്ന് ആഗസ്റ്റ് ഒന്ന് ഗതാഗതത്തിനായി തുറന്നുകൊടുക്കുമെന്ന് അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KUTHIRAN TUNNEL
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.