തിരുവനന്തപുരം:സംസ്ഥാനത്തിന് 5.38 ലക്ഷം ഡോസ് വാക്സിൻ കൂടി ലഭിച്ചതായി മന്ത്രി വീണാ ജോർജ് അറിയിച്ചു. വിലകൊടുത്തു വാങ്ങിയ 1,88,820 ഡോസും കേന്ദ്രം അനുവദിച്ച 3.5 ലക്ഷം ഡോസുമാണ് എത്തിയത്. രണ്ടും കൊവിഷീൽഡാണ്. സംസ്ഥാനത്തിന്റെ വാക്സിൻ എറണാകുളത്ത് നിന്ന് വിവിധ ജില്ലകളിലേക്ക് വിതരണം ചെയ്തു തുടങ്ങി. കേന്ദ്രം നൽകിയ വാക്സിൻ രാത്രിയോടെ തിരുവനന്തപുരത്താണ് എത്തിയത്. ഇതോടെ മൊത്തം 1,10,52,440 ഡോസ് വാക്സിനാണ് ലഭ്യമായത്. 9,35,530 ഡോസ് കൊവിഷീൽഡും 1,37,580 ഡോസ് കൊവാക്സിനും ഉൾപ്പെടെ 10,73,110 ഡോസ് വാക്സിനാണ് സംസ്ഥാനം വാങ്ങിയത്. 90,34,680 ഡോസ് കൊവിഷീൽഡും 9,44,650 ഡോസ് കൊവാക്സിനും ഉൾപ്പെടെ ആകെ 99,79,330 ഡോസ് വാക്സിൻ കേന്ദ്രം നൽകിയതാണ്.
13,832 രോഗികൾ,171 മരണങ്ങൾ
തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിന്റെ രണ്ടാംതരംഗത്തിന്റെ ശക്തി ക്രമാനുഗതമായി കുറയുന്നു. ഇന്നലെ 13,832 പേരാണ് രോഗബാധിതരായത്. 171 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണം 10,975 ആയി. 24 മണിക്കൂറിനിടെ 1,08,734 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.72
ശതമാനമാണ്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 12,986 പേർ സമ്പർക്കരോഗികളാണ്
700 പേരുടെ ഉറവിടം വ്യക്തമല്ല. 82 പേരാണ് സംസ്ഥാനത്തിന് പുറത്തുനിന്നു വന്നത്. 64 ആരോഗ്യ പ്രവർത്തകരും രോഗബാധിതമായി. അതേസമയം ചികിത്സയിലായിരുന്ന 18,172 പേർ രോഗമുക്തി നേടി.
2000 കടന്ന് തലസ്ഥാനം
രോഗവ്യാപനം തിരുവനന്തപുരത്ത് രൂക്ഷമായി തുടരുകയാണ്. ഇന്നലെ ജില്ലയിൽ 2234 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കൊല്ലം 1592, എറണാകുളം 1539, മലപ്പുറം 1444, പാലക്കാട് 1365, തൃശൂർ 1319, കോഴിക്കോട് 927, ആലപ്പുഴ 916, കോട്ടയം 560, കാസർകോട് 475, കണ്ണൂർ 442, പത്തനംതിട്ട 441, ഇടുക്കി 312, വയനാട് 266 എന്നിങ്ങനെയാണ് വിവിധ ജില്ലകളിലെ സ്ഥിതി. ആകെ രോഗികൾ 27,16,655.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |