ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ വ്യവസായ ഗ്രൂപ്പായ അദാനി ഗ്രൂപ്പിന് വന്‍തിരിച്ചടി. അദാനി ഗ്രൂപ്പില്‍ നിക്ഷേപമുള്ള മൂന്ന് വിദേശകമ്പനികളുടെ ഓഹരികള്‍ നാഷണല്‍ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററി ലിമിറ്റഡ് മരവിപ്പിച്ചു. 43,500 കോടിയുടെ ഓഹരികളാണ് മരവിപ്പിച്ചത്. കള്ളപ്പണ നിരോധന നിയമപ്രകാരമാണ് നടപടി. എന്നാൽ ഇതുസംബന്ധിച്ച സ്ഥിരീകരണമില്ല.
അദാനി ഗ്രൂപ്പിന് കീഴിലുള്ള കമ്പനികളില്‍ നിക്ഷേപമുള്ള വിദേശ കമ്പനികളായ ആല്‍ബുല ഇന്‍വെസ്റ്റ്‌മെന്‍റ് ഫണ്ട്, ക്രെസ്റ്റ ഫണ്ട്, എ പി എം എസ് ഇന്‍വെസ്റ്റ്‌മെന്‍റ് ഫണ്ട് എന്നിവയുടെ അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. മൂന്ന് കമ്പനികള്‍ക്കുമായി അദാനിയുടെ കമ്പനികളില്‍ 43,500 കോടി രൂപയുടെ ഓഹരിനിക്ഷേപമുണ്ട്.
അദാനി എന്‍റര്‍പ്രൈസിസ്, അദാനി ഗ്രീന്‍ എനര്‍ജി, അദാനി ട്രാന്‍സ്‌മിഷന്‍ എന്നിവയിലാണ് ഇവര്‍ നിക്ഷേപം നടത്തിയത്. നിക്ഷേപങ്ങള്‍ മരവിപ്പിച്ചതോടെ, ഓഹരികള്‍ വില്‍ക്കാനോ വാങ്ങാനോ ഈ കമ്പനികള്‍ക്ക് സാധിക്കില്ല. അദാനിയുടെ ഓഹരികളില്‍ കനത്ത ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയത്.
ഓഹരി മരവിപ്പിച്ച മൂന്ന് നിക്ഷേപ സ്ഥാപനങ്ങളും മൗറീഷ്യസിലെ പോർട്ട് ലൂയീസിൽ രജിസ്റ്റർ ചെയ്‌തിട്ടുള്ളതായാണ് റിപ്പോർട്ടുകൾ. അതേസമയം, കമ്പനികൾക്ക് വെബ്‌സൈറ്റുകളില്ല. അദാനി ഗ്രീൻ, അദാനി ട്രാൻസ്‌മിഷൻ, അദാനി ഗ്യാസ് എന്നിവയുടെ ഓഹരിവില അഞ്ചുശതമാനം ഇടിഞ്ഞു. അദാനി എന്‍റർപ്രൈസസ് 20 ശതമാനമാണ് തകർച്ചനേരിട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |