SignIn
Kerala Kaumudi Online
Thursday, 05 August 2021 4.22 AM IST

അപകടം ഒളിപ്പിച്ച് രാഷ്ട്രീയച്ചുഴികൾ

vivadavela

നദികളിലെ ചുഴികളുടെ സംഹാരശേഷിയെ അതിജീവിക്കാൻ എത്ര വലിയ നീന്തൽവിദഗ്ദ്ധനും സാധിച്ചെന്ന് വരില്ല. അപകടം പതിയിരിക്കുന്ന ചുഴികൾ കേരള രാഷ്ട്രീയത്തിൽ പല വിദഗ്ദ്ധരെയും വലിച്ചെടുത്ത് കൊണ്ടുപോകുന്ന കാലമാണിത്. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ മുതൽ, വിവാദ മരംമുറി ഉത്തരവിന്റെ പേരിൽ കമ്മ്യൂണിസ്റ്റ് നേതാക്കൾ വരെ പ്രതിസന്ധിയിലാണ്.

വയനാട് മുട്ടിലിൽ നടന്ന മരംമുറിക്ക് പിന്നാലെ, സംസ്ഥാനത്തെമ്പാടും കാടുകളെ വെളുപ്പിക്കും വിധം നടന്നുകൊണ്ടിരിക്കുന്ന അനധികൃത മരംമുറികളാണ് ഇപ്പോഴത്തെ ചൂടുള്ള വാർത്തകൾ. മരങ്ങൾ വെട്ടിമാറ്റിയാലെന്താണ്, പുതിയ തൈകൾ നട്ടുപിടിപ്പിച്ചാൽ പോരേ എന്ന ലാഘവബുദ്ധിയോടെയുള്ള ചോദ്യം ചോദിക്കാതെ ചോദിച്ചാണ് എല്ലാ വർഷവും പരിസ്ഥിതി ദിനത്തിൽ സംസ്ഥാനസർക്കാർ തൈകൾ നടാൻ ഉദ്ബോധിപ്പിച്ച് കൊണ്ടിരിക്കുന്നത്. ജൈവ ആവാസവ്യവസ്ഥയെ പിടിച്ചുനിറുത്താനും മണ്ണൊലിപ്പിനെ തടഞ്ഞുനിറുത്തി പ്രളയം പോലുള്ള ദുരന്തങ്ങളുടെ ആഘാതം കുറച്ചു കൊണ്ടുവരാനുമൊക്കെ കാടും മരങ്ങളും നൽകുന്ന സംഭാവനകളെ വിസ്മരിച്ച് കൊണ്ടാവരുത് പരിസ്ഥിതിദിനത്തിൽ മാത്രം പ്രകടമാകുന്ന പാരിസ്ഥിതികബോധം.

റവന്യു ഉത്തരവിന് പിന്നിൽ

കഴിഞ്ഞ വർഷം ഒക്ടോബറിലാണ് പട്ടയഭൂമിയിൽ നട്ടുവളർത്തിയ ചന്ദനം ഒഴികെയുള്ള മരങ്ങൾ മുറിച്ചുമാറ്റാൻ ഉടമസ്ഥർക്ക് അനുമതി നൽകിക്കൊണ്ട് റവന്യു പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവ് വരുന്നത്. മരംമുറി തടസപ്പെടുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശനനടപടിയുണ്ടാകുമെന്ന ഉത്തരവിലെ അവസാന വാക്യമാണ്, പരിസ്ഥിതിപ്രവർത്തകർ ചർച്ച ചെയ്യുന്നത്. ഈ ഉത്തരവിറങ്ങിയതിന് പിന്നാലെ, നിരവധി അപേക്ഷകളാണ് വനംവകുപ്പ് ഓഫീസുകളിൽ വന്നുകൊണ്ടിരുന്നത്. ഉത്തരവിനെ മറയാക്കി വയനാട് മുട്ടിലിലിൽ റിസർവ് ഭൂമിയിൽപ്പെട്ട മരങ്ങൾ മുറിച്ചുമാറ്റിയ കൂട്ടരാണ്, 14 കർഷകരുടെ പേരിൽ 13 അപേക്ഷകളുമായി വയനാട് മേപ്പാടി വനം റേഞ്ച് ഓഫീസിൽ എത്തിയത്. റവന്യുരേഖകളുടെ അഭാവം കാരണം റേഞ്ച് ഓഫീസർ അനുമതി നൽകാൻ മടിച്ചു. 2020 ഡിസംബറിൽ വിരമിക്കേണ്ടിയിരുന്ന ഉദ്യോഗസ്ഥനായിരുന്നു ആ റേഞ്ച് ഓഫീസർ. സമ്മർദ്ദങ്ങൾ മുറുകിയിട്ടും അദ്ദേഹം പിടിച്ചുനിന്നു. അദ്ദേഹത്തിന്റെ മുകളിലിരിക്കുന്ന ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറെ ബ്ലാക്ക് മെയിലിംഗിലൂടെയും സമ്മർദ്ദത്തിലാക്കാൻ ശ്രമമുണ്ടായി. അദ്ദേഹവും പിടിച്ചുനിന്നു.

ജനുവരിയിൽ സമീർ എന്ന പുതിയ റേഞ്ച് ഓഫീസർ മേപ്പാടിയിലേക്ക് സ്ഥലം മാറിയെത്തുന്നു. സത്യസന്ധനും സാഹസികനുമായ ഉദ്യോഗസ്ഥനെന്ന് അറിയപ്പെട്ടിരുന്ന ചെറുപ്പക്കാരൻ. ഇടുക്കി പാമ്പാടുംചോലയിൽ ആർക്കും എത്തിപ്പെടാൻ പ്രയാസമുള്ള കേന്ദ്രത്തിൽ പണിയെടുത്ത ശേഷം ഭേദപ്പെട്ട റേഞ്ചായ മേപ്പാടിയിലേക്കെത്തിപ്പെട്ട ആശ്വാസം സമീറിനുണ്ടായിരുന്നു. പക്ഷേ മേപ്പാടിയിൽ സമീറിനെ കാത്തിരുന്നത് കോടാലിക്കൈകളായിരുന്നു.

മുട്ടിലെ കേസ് സമീറിന്റെ കൈകളിലേക്കെത്തിയപ്പോൾ റവന്യുരേഖകളുടെ അഭാവം ശ്രദ്ധയിൽപ്പെട്ടു. വെട്ടിമാറ്റിയ മരങ്ങൾ അസൈൻഡ് ഭൂമിയിലാണെന്ന് കണ്ടെത്തിയ അദ്ദേഹം പ്രതികൾക്ക് അനുമതി നൽകാൻ മടിച്ചു. സമ്മർദ്ദങ്ങൾ മുറുകി. പ്രാദേശികമാദ്ധ്യമങ്ങളിൽ കുറേശ്ശെയായി വാർത്തകൾ പ്രത്യക്ഷപ്പെട്ടു. പരിസ്ഥിതിസ്നേഹികൾ വിഷയം ശ്രദ്ധിച്ചു തുടങ്ങി. 2020ലെ റവന്യു ഉത്തരവ് വ്യാപകമായി ദുരുപയോഗിക്കപ്പെടുന്നുവെന്ന ആശങ്കകൾ മുറുകി. ചിലർ ഹൈക്കോടതിയെ സമീപിച്ചു. കോടതിയിൽ നിന്ന് ആശങ്കകൾ വാക്കാൽ പരാമർശമായെത്തി.

ഇക്കഴിഞ്ഞ ഫെബ്രുവരി രണ്ടിന്, നിയമസഭാ തിരഞ്ഞെടുപ്പിന്റെ തിരക്കിലേക്ക് സംസ്ഥാനം മാറിത്തുടങ്ങിയ ഘട്ടത്തിൽ, സർക്കാർ വിവാദ ഉത്തരവ് പിൻവലിച്ചു. അത് മേപ്പാടി വനം റേഞ്ച് ഓഫീസിലേക്കും വനംവകുപ്പിന്റെ ഉത്തരമേഖലാ ഇൻസ്പെക്‌ഷൻ ആൻഡ് ഇവാല്യുവേഷൻ ഓഫീസിലേക്കുമെത്തുന്നതിന് മുമ്പ് പ്രതികളുടെ കൈയിലെത്തി. ഉത്തരവ് വനം അധികൃതരുടെ കൈകളിലേക്കെത്തും മുമ്പ് എങ്ങനെയും വെട്ടിമാറ്റിയ തടികൾ എറണാകുളത്തെ തടിമില്ലിലേക്ക് കടത്താനുള്ള നീക്കങ്ങൾ ചടുലമാക്കി.

റേഞ്ച് ഓഫീസറുടെ സർട്ടിഫിക്കറ്റില്ലാതെ തന്നെ തടി കടത്തുന്നതിനുള്ള ഫോറം- 4 പാസിന്റെ വ്യാജപകർപ്പുകളുണ്ടാക്കി ചെക് പോസ്റ്റുകളുടെ കണ്ണുവെട്ടിച്ച് തടി കടത്തി. മലബാർ ടിംബേഴ്സിലാണ് തടിയെത്തുന്നത്. അപ്പോഴേക്കും വനംവകുപ്പിന്റെ ഇൻസ്പെക്‌ഷൻ ആൻഡ് ഇവാല്യുവേഷൻ വിംഗ് കരുനീക്കങ്ങൾ ശക്തമാക്കിത്തുടങ്ങിയിരുന്നു. ഇത് തിരിച്ചറിഞ്ഞ മലബാർ ടിംബേഴ്സ്, അപകടം മണത്തു. തടി കടത്തിയ റോജി അഗസ്റ്റിൻ- ആന്റോ അഗസ്റ്റിൻ സംഘത്തോട് റേഞ്ച് ഓഫീസറുടെ സർട്ടിഫിക്കറ്റ് ചോദിച്ചു. അവരുടെ കൈയിലില്ലായിരുന്നു. വിവരം തടിമില്ലുടമ തന്നെയാണ് കോഴിക്കോട് വിജിലൻസ് വിഭാഗം ചീഫ് ഫോറസ്റ്റ് കൺസർവേറ്ററെ അറിയിച്ചത്. പിന്നാലെ റേഞ്ച് ഓഫീസർ സമീർ എറണാകുളത്തെത്തി തടി പിടിച്ചെടുത്തു. പിന്നീട് നടന്നത് നാടകീയ നീക്കങ്ങളായിരുന്നു. ഇൻസ്പെക്‌ഷൻ ആൻഡ് ഇവാല്യുവേഷൻ വിഭാഗം കൺസർവേറ്റർ ദേവപ്രസാദ് 12 ദിവസത്തെ അവധിയിൽ പ്രവേശിക്കാൻ തീരുമാനിച്ചത് ഫെബ്രുവരി 12നാണ്. 13ഉം 14ഉം രണ്ടാം ശനിയും ഞായറുമാണ്. സാമൂഹ്യവനവത്കരണ വിഭാഗം കൺസർവേറ്റർ എൻ.ടി. സാജൻ അപ്രതീക്ഷിതമായി ദേവപ്രസാദിന്റെ സ്ഥാനത്ത് താത്‌കാലിക ചുമതലയേൽക്കുന്നു. അവധി ദിവസങ്ങളിൽ അദ്ദേഹം ചെയ്തത് മണിക്കുന്ന് മല എന്ന, ആദിവാസി കർഷകർ തിങ്ങിപ്പാർക്കുന്ന സ്ഥലത്തെ ജന്മ പട്ടയഭൂമിയിലെ ചില മരങ്ങൾ മുറിച്ചുമാറ്റിയ ആദിവാസികൾക്കും കർഷകർക്കുമെതിരെ നടപടിയെടുക്കുകയായിരുന്നു 1200ഓളം പേരുണ്ട് അവിടെ താമസക്കാർ. വനംവകുപ്പിലെ സത്യസന്ധനെന്ന് പേരുകേട്ട ഡി.എഫ്.ഒ ധനേഷ് കുമാർ, കോഴിക്കോട്ടെ ഇൻസ്പെക്‌ഷൻ ആൻഡ് ഇവാല്യുവേഷൻ വിംഗിലുണ്ട്. മണിക്കുന്ന്മലയിലെ വ്യാജകേസിൽ സഹായിക്കാനായി കൺസർവേറ്റർ സാജൻ, ധനേഷ് കുമാറിനോടും എത്താൻ കല്പിച്ചു. സത്യാവസ്ഥ ബോദ്ധ്യമുള്ളതിനാലും മുട്ടിൽകേസ് പ്രതികൾക്കായുള്ള സാജന്റെ വഴിവിട്ട നീക്കമാണിതെന്ന സംശയം ബലപ്പെട്ടതിനാലും ധനേഷ് കുമാർ പിൻവാങ്ങി. മേലുദ്യോഗസ്ഥനായിട്ട് പോലും ധനേഷ് അത് പറയാനുള്ള ധൈര്യം കാണിച്ചു. സാജൻ പക്ഷേ, കോഴിക്കോട്ടെ ഒരു മാദ്ധ്യമപ്രമുഖന്റെ ഒത്താശയോടെ കള്ളക്കേസ് ഭംഗിയാക്കി. വൈത്തിരിയിൽ രണ്ട് ദിവസം താമസിച്ച് റിപ്പോർട്ടും തട്ടിക്കൂട്ടി. പരിസ്ഥിതിപ്രവർത്തകർ പ്രശ്നം തിരിച്ചറിഞ്ഞതോടെ, വനംവകുപ്പ് ആസ്ഥാനത്തേക്കും വനംമന്ത്രിയുടെ ഓഫീസിലേക്കും ചില മുന്നറിയിപ്പുകൾ നൽകി. കേരള വനനിയമമനുസരിച്ച് അടക്കം മുട്ടിൽ കേസ് മുറുക്കാനുള്ള നീക്കം ഒരു വശത്ത് നടക്കുന്നതിനിടെയാണ്, അതാകെ അട്ടിമറിക്കാനായി ഇല്ലാത്തൊരു കേസ് ഉണ്ടാക്കിയെടുക്കാനുള്ള നീക്കമുണ്ടായത്.

അന്നത്തെ വനംമന്ത്രിയുടെ ഓഫീസ് ഇടപെട്ട് ദേവപ്രസാദിനെ അവധി റദ്ദാക്കി പെട്ടെന്ന് തിരിച്ചെത്തിച്ചു. എങ്കിലും സാജൻ, മണിക്കുന്ന് മല കേസുമായി ബന്ധപ്പെട്ട തന്റെ റിപ്പോർട്ട് വനം ആസ്ഥാനത്തേക്ക് അയക്കുക തന്നെ ചെയ്തു. അതിപ്പോഴും അവിടെയുണ്ട്.

കേസുകളിലെ നാടകീയത ഒരുവശത്ത് ഇങ്ങനെ തകൃതിയാവുമ്പോഴും ചില ഉത്തരം കിട്ടാത്ത ചോദ്യങ്ങളാണ്, ഇടതുപക്ഷ സർക്കാരിനെ, പ്രത്യേകിച്ച് സി.പി.എം, സി.പി.ഐ നേതൃത്വങ്ങളെ വെട്ടിലാക്കുന്നത്.

1964ലെ കേരള ഭൂപതിവ് ചട്ടവും 1986ലെ കേരള വൃക്ഷസംരക്ഷണ നിയമവും നിലനിൽക്കെ, അതിലെ വ്യവസ്ഥകൾക്ക് വിരുദ്ധമായൊരു ഉത്തരവാണ് റവന്യുവകുപ്പ് പട്ടയഭൂമിയിലെ മരങ്ങൾ മുറിച്ചുമാറ്റാൻ അനുവദിച്ച് ഇറക്കിയത്. അങ്ങനെ ചെയ്യുമ്പോൾ കേരള സെക്രട്ടേറിയറ്റ് ഓഫീസ് മാന്വലിലെ ചട്ടം 112 അനുസരിച്ച് നിയമോപദേശം തേടേണ്ടതുണ്ട്. നിയമവകുപ്പിൽ നിന്ന് തേടാം. അല്ലെങ്കിൽ മറ്റേതെങ്കിലും വഴിക്ക്. രണ്ടുമുണ്ടായിട്ടില്ലെന്നാണ് കേൾവി. 2017ൽ ഭൂപതിവ് ചട്ടത്തിൽ ഭേദഗതി വരുത്തിയിരുന്നു. അതനുസരിച്ചും ഈട്ടി, ചന്ദനം, തേക്ക്, ഇരുൾ എന്നീ മരങ്ങൾ മുറിച്ചുമാറ്റാൻ അനുമതിയില്ലാത്തതാണ്.

ഈ വ്യവസ്ഥയാണ് മാറ്റിക്കൊണ്ട് ചന്ദനമൊഴിച്ചുള്ള മരങ്ങൾ മുറിച്ചുമാറ്റാമെന്ന ഉത്തരവിറക്കിയത്. ഇതാർക്ക് വേണ്ടിയെന്ന ചോദ്യമാണുയരുന്നത്. മുഖ്യമന്ത്രി പറയുന്നു, ഇടുക്കിയിൽ നിന്ന് നിരവധിയായ ആവശ്യങ്ങൾ ഉയർന്നുവന്നപ്പോൾ സർവകക്ഷിയോഗം വിളിച്ചുചേർത്ത് കർഷകരുടെ പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചതാണെന്ന്. അത് വാസ്തവമാണ്. അദ്ദേഹം പറയുന്ന മലയോര കർഷകരെ കൈയിലെടുക്കേണ്ടത്, ഇടതുമുന്നണിക്ക് ഭരണത്തുടർച്ചയേറാനുള്ള സോഷ്യൽ എൻജിനിയറിംഗിൽ ഒഴിവാക്കാനാവാത്തതായിരുന്നു.

റവന്യുമന്ത്രിയായിരുന്ന ഇ. ചന്ദ്രശേഖരനെ ഒരുറുമ്പ് പോലും കുറ്റം പറയില്ല. പഞ്ചപാവമാണ് ആ മനുഷ്യൻ. അധികാരത്തോട് പ്രമത്തതയില്ലാത്തയാൾ. തിരഞ്ഞെടുപ്പിൽ പോലും പാർട്ടി നിർബന്ധം കാരണമാണ് അദ്ദേഹം മത്സരിച്ചിട്ടുള്ളത്. അദ്ദേഹത്തിന് ഒരു വിധത്തിലുള്ള സ്ഥാപിത താത്‌പര്യവുമില്ലാത്തതാണ്. പക്ഷേ, അദ്ദേഹത്തിന്റെ പാർട്ടി നേതൃത്വത്തിൽ നിന്നുൾപ്പെടെയുണ്ടായ ബാഹ്യസമ്മർദ്ദങ്ങൾക്ക് വഴങ്ങിക്കൊടുക്കാതിരിക്കാൻ അദ്ദേഹത്തിനും സാധിക്കുമായിരുന്നില്ല. അഥവാ, സാധിച്ചില്ലെന്ന് തന്നെ പറയാം.

കെ. സുരേന്ദ്രന്റെ ഭാവി

കൊടകര കുഴൽപ്പണ കേസ് , പൊതുവെ നിറംകെട്ട് നിൽക്കുന്ന ബി.ജെ.പിയെ തീർത്തും നാണം കെടുത്തിയിട്ടുണ്ട്. അതിലേറ്റവും നാണം കെടേണ്ടി വന്നിരിക്കുന്നത് പാർട്ടിയുടെ സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രനാണ്. കൊടകര കേസിലെ ധർമ്മരാജൻ എന്ന സാക്ഷിയുടെ മൊഴിയനുസരിച്ച് എല്ലാം ബി.ജെ.പി സംസ്ഥാന നേതൃത്വം അറിഞ്ഞുള്ള പണം വരവാണ്.

സുരേന്ദ്രൻ ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ രണ്ടിടത്താണ് മത്സരിച്ചത്. മഞ്ചേശ്വരത്തും കോന്നിയിലും. രണ്ടിടത്തും മാറിമാറി സഞ്ചരിക്കാൻ ഹെലികോപ്റ്റർ ! കേരളത്തിൽ ബി.ജെ.പിക്ക് പൊതുവെ തന്നെ വലിയ മേൽക്കൈ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഇല്ലാതിരിക്കെ, രണ്ടിടത്തൊക്കെ ഒരാൾ തന്നെ മത്സരിക്കുന്നത് അല്പം കടന്ന കൈയായിപ്പോയില്ലേ എന്ന് ബി.ജെ.പി അണികളിൽ പലരും നെറ്റി ചുളിച്ചതായിരുന്നു. പക്ഷേ സുരേന്ദ്രൻ മത്സരിച്ചു.

ഇപ്പോൾ സുരേന്ദ്രൻ ആ മത്സരിച്ചത് പോലും ഹെലികോപ്റ്റർ വഴി പണം കടത്താനായിരുന്നുവെന്ന് കാട്ടിയുള്ള പരാതികൾ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും മറ്റും പോയിരിക്കുകയാണ്.

അതിലും വലിയ പ്രതിരോധത്തിലേക്ക് സുരേന്ദ്രനെ വലിച്ചിടുന്നത് ചില കോഴ ആരോപണങ്ങളാണ്. മഞ്ചേശ്വരത്ത് സുരേന്ദ്രനെതിരെ ബി.എസ്.പി സ്ഥാനാർത്ഥിയായി മത്സരിക്കാനിരുന്ന കെ. സുന്ദരയെ പിൻവലിപ്പിക്കാൻ കോഴ നൽകിയെന്ന് സുന്ദര തന്നെ വെളിപ്പെടുത്തിയത് കേസായിരിക്കുന്നു. ഈ കേസിൽ കുടുങ്ങുന്ന ആദ്യത്തെ സ്ഥാനാർത്ഥിയാവാം ഒരുപക്ഷേ കെ. സുരേന്ദ്രൻ . വയനാട്ടിൽ ആദിവാസി നേതാവായ സി.കെ. ജാനുവിനെ ബി.ജെ.പി പാളയത്തിലെത്തിക്കാൻ പത്തുലക്ഷം നൽകിയെന്നതിന്റെ തെളിവെന്ന പേരിൽ സുരേന്ദ്രന്റെ ഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖ വൈറലായിരിക്കുകയാണ്.

അകപ്പെട്ട പ്രതിസന്ധിയിൽ നിന്ന് കരകയറാനാവാതെ ഉഴലുകയാണ് സുരേന്ദ്രൻ. ഡൽഹിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായെ കാണാനായി ദിവസങ്ങളായി അദ്ദേഹത്തിന് കാത്തിരിക്കേണ്ടി വന്നിരിക്കുന്നു. അദ്ദേഹത്തെ മറികടന്ന് ഇവിടെ സംസ്ഥാനനേതൃയോഗം മറ്റ് ചിലർ വിളിച്ചുകൂട്ടുന്നു. കേരളത്തിലെ തിരഞ്ഞെടുപ്പ് തോൽവിയുടെ കാരണങ്ങളെപ്പറ്റി റിപ്പോർട്ട് നൽകാൻ നേതൃത്വത്തെ മറികടന്ന് ഇ. ശ്രീധരനും ജേക്കബ് തോമസും ആനന്ദബോസുമടങ്ങുന്ന ടീമിനെ വയ്ക്കുന്നു.

ഇടതുസർക്കാർ അകപ്പെട്ട റവന്യു ഉത്തരവിനെ ആയുധമാക്കിയെടുത്ത് പ്രതിസന്ധിയെ തത്‌കാലത്തേക്കെങ്കിലും മറികടക്കാൻ സുരേന്ദ്രനും കേന്ദ്ര മന്ത്രി വി.മുരളീധരനുമടങ്ങുന്ന നേതൃസംഘം ശ്രമം ആരംഭിച്ചെങ്കിലും, മുൻ ഡി.ജി.പി ജേക്കബ് തോമസ് വിയോജിപ്പുമായി രംഗത്തെത്തി. കർഷകർ നട്ടുവളർത്തിയ മരം മുറിക്കാൻ അവരെ അനുവദിക്കണമെന്ന ജേക്കബ് തോമസിന്റെ ഫേസ്ബുക് പോസ്റ്റ്, സുരേന്ദ്രനെയും നേതൃത്വത്തെയും വീണ്ടും വെട്ടിലാക്കുകയാണ്.

ഉമ്മൻചാണ്ടിയുടെ മടക്കം

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പുതുപ്പള്ളിയിൽ വീടുവച്ച് താമസം മാറ്റാനൊരുങ്ങുന്നുവെന്നാണ് പുതിയ വാർത്ത. അദ്ദേഹം തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസിൽ നിന്ന് താമസം മാറുന്നു.

കോൺഗ്രസിനകത്തെ പുതിയ രാഷ്ട്രീയരാസമാറ്റത്തെ ഇതിനോട് ചേർത്തുവായിക്കുന്നുണ്ട് പലരും. കോൺഗ്രസിൽ എ, ഐ ഗ്രൂപ്പ് രാഷ്ട്രീയം ഏതാണ്ട് അപ്രസക്തമാകുകയാണ്. അല്ലെങ്കിൽ അവയെ അപ്രസക്തമാക്കുകയാണ് ഹൈക്കമാൻഡ്. ഗ്രൂപ്പ് സമ്മർദ്ദങ്ങൾക്ക് വഴങ്ങി തീരുമാനമെടുക്കുന്ന പതിവിനെ, പുതിയ നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തെ മറയാക്കി, ഹൈക്കമാൻഡ് പൊളിച്ചടുക്കി.

സംസ്ഥാന കോൺഗ്രസ് രാഷ്ട്രീയത്തിൽ പുതിയ അധികാരകേന്ദ്രങ്ങൾ രൂപപ്പെടുമ്പോൾ, ഉമ്മൻചാണ്ടിയുടെ വീട് നിർമ്മാണത്തിന്റെ രാഷ്ട്രീയത്തിന് പ്രസക്തിയേറുന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: FEATURE
KERALA KAUMUDI EPAPER
TRENDING IN OPINION
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.