SignIn
Kerala Kaumudi Online
Saturday, 27 April 2024 1.46 AM IST

കാട്ടുമൃഗങ്ങളുടെ ആക്രമണം, മൂന്നു വർഷത്തിനിടെ മൂന്ന് മരണം

eleph

കൊക്കാത്തോട്: വന്യജീവി ആക്രമണത്തിൽ മനുഷ്യജീവൻ പൊലിയുന്നത് മൂന്ന് വർഷത്തിനിടെ ഇത് മൂന്നാംതവണ. മൂന്ന് വർഷം മുൻപ് കൊക്കാത്തോട് അപ്പൂപ്പൻതോട് വനമേഖലയിൽ വനംവകുപ്പ് വാച്ചറായിരുന്ന രവിയെ കടുവ കൊന്നുതിന്നുകയായിരുന്നു. രവിയും പൊന്നാമ്പു ശേഖരിക്കാനാണ് വനത്തിൽ കയറിയത്. അന്നും മൃതദേഹത്തിനടുത്തെത്താൻ കടുവയുടെ സാന്നിദ്ധ്യം വനപാലകരെയും പൊലീസിനെയും ഭയപ്പെടുത്തി. രവിയുടെ തല പറിച്ച് മാറ്റിയ നിലയിൽ ഒരു കൈയും കാലും മാത്രമാണവശേഷിച്ചിരുന്നത്. ബാക്കിയുള്ള ശരീരഭാഗങ്ങളെല്ലാം കടുവ ഭക്ഷിച്ചനിലയിലായിരുന്നു. വനംവകുപ്പ് ഫോറൻസിക് വിഭാഗം നടത്തിയ പരിശോധനയിലാണ് കടുവയുടെ ആക്രമണമാണെന്ന് സ്ഥിരീകരിച്ചത്.

2020 മേയ് 8 നായിരുന്നു തണ്ണിത്തോട് മേടപ്പറയിൽ പ്ലാന്റേഷൻ കോർപ്പറേഷന്റെ റബർത്തോട്ടത്തിൽ ടാപ്പിംഗ് തൊഴിലാളിയായ ബിനീഷ് മാത്യുവിനെ കടുവ കൊലപ്പെടുത്തിയത്. മൃതദേഹം വനപാലകർ പരിശോധിക്കുന്നതിനിടെ വീണ്ടും കടുവയെത്തി. അടുത്തദിവസങ്ങളിൽ മേടപ്പാറയിലെ വീട്ടുമുറ്റത്തും കൂത്താടിമണ്ണിലെ വീടിന്റെ സമീപത്തും കടുവയുടെ സാന്നിദ്ധ്യമുണ്ടായത് ഭയപ്പാടിന് കാരണമായി. അതിനുശേഷമാണിപ്പോൾ ആദിവാസികളോടൊപ്പം വനവിഭവങ്ങൾ ശേഖരിക്കാൻ പോയ കൊക്കാത്തോട് നെല്ലിക്കപ്പാറ വടക്കേച്ചരുവിൽ ഷാജിയെ കാട്ടാന കൊലപ്പെടുത്തിയത്.

നഷ്ടമായത് ഒരു കുടുംബത്തിന്റെ അത്താണിയെ

കൊക്കാത്തോട് : കാട്ടനയുടെ ആക്രമണത്തിൽ മരിച്ച കൊക്കാത്തോട് നെല്ലിക്കപ്പാറ വടക്കേച്ചെരുവിൽ വി.ജി.ഷാജിയുടെ (49) മരണത്തോടെ ഒരു കുടുംബത്തിന്റെ അത്താണിയാണ് നഷ്ടമായത്. വനാന്തര ഗ്രാമമായ കൊക്കാത്തോട്ടിലും പരിസര പ്രദേശങ്ങളിലും കൂലിപ്പണിചെയ്താണ് ഷാജി കുടുംബം പുലർത്തിയിരുന്നത്. ഭാര്യ ശ്രീലേഖയ്ക്കും മക്കളായ അഭിജിത്, അഭിലാഷ് എന്നിവർക്കുമൊപ്പം നെല്ലിക്കപ്പാറയിലെ വീട്ടിലായിരുന്നു താമസം. ഞായറാഴ്ച ഉച്ചക്കഴിഞ്ഞു നടുവത്തുമൂഴി റേഞ്ചിലെ കുറിച്ചി വനമേഖലയിലായിരുന്നു സംഭവം. ലോക്ക് ഡൗണിനെ തുടർന്ന് പണി കുറഞ്ഞതിനാൽ കോട്ടാമ്പാറയിലെ ആദിവാസികൾക്കൊപ്പം വനവിഭവങ്ങളായ പൊന്നാബു, വഴണ പൂവ് എന്നിവ ശേഖരിക്കാനായി കാട് കയറുകയായിരുന്നു.

കുറിച്ചിയിലെ ഉൾവനത്തിലേക്ക് സുഹൃത്തുക്കളായ രവിയും സുനിലും റെജിയും ഷാജിയുമാണ് പോയത്. നിറയെ ഈറ്റക്കാടുകളുള്ള പ്രദേശത്ത് നിരവധി പൊന്നാമ്പു മരങ്ങളും വഴണ മരങ്ങളുമുണ്ട്. സംഘത്തിലുണ്ടായിരുന്ന രവിക്കായിരുന്നു ഇവ ശേഖരിക്കാൻ വനംവകുപ്പിൽ നിന്ന് കരാർ നൽകിയിരുന്നത്. കാട്ടാനയുടെ മുന്നിലാക പെട്ട സംഘത്തിലെ ഷാജിയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന മറ്റു മൂന്ന് പേരും ഓടി രക്ഷപ്പെട്ടു. കൊട്ടാമ്പാറ ആദിവാസി കോളനിയിൽ നിന്ന് പത്തു കിലോമീറ്റർ അകലെ നടുവത്തുംമൂഴി റേഞ്ചിലെ കുറിച്ചി വനത്തിലയിരുന്നു സംഭവം. മണിക്കൂറുകൾക്ക് ശേഷമാണ് ഒപ്പമുണ്ടായിരുന്നവർ നാട്ടിലെത്തി വിവരം അറിയിക്കുന്നത്. രാത്രി വൈകിയതും മഴയും കാരണം വനപാലക സംഘത്തിന് ഞാറാഴ്ച രാത്രി സംഭവ സ്ഥലത്തെത്താൻ കഴിഞ്ഞില്ല. മൃതദേഹം കിടക്കുന്ന സ്ഥലത്തിന് സമീപം കാട്ടാനയുടെ സാന്നിദ്ധ്യമുണ്ടാവാം എന്ന നിഗമനവും ഭയപ്പാടുണ്ടാക്കി.

ഇന്നലെ രാവിലെയാണ് പൊലീസും വനപാലകരുമടങ്ങിയ സായുധ സംഘംവനത്തിൽ പ്രവേശിച്ചത്. കോട്ടാമ്പാറ വരെ വാഹനത്തിൽ സഞ്ചരിച്ച സംഘം അവിടെ നിന്ന് പത്തു കിലോമീറ്ററിലേറെ വനത്തിലൂടെ നടന്നാണ് സംഭവസ്ഥലത്തെത്തിയത്. ഇറ്റപടർപ്പുകൾ വെട്ടിമാറ്റിയാണ് പലയിടങ്ങളിലും വഴിയുണ്ടാക്കിയത്. വൈകിട്ട് നാല് മണിയോടെയാണ് മൃതദേഹം കണ്ടെത്താനായത്.

കാട്ടാന കൊലപ്പെടുത്തിയ ആളുടെ മൃതദേഹം കണ്ടെത്തി

കൊക്കാത്തോട് : ആദിവാസികൾക്കൊപ്പം വനവിഭവങ്ങൾ ശേഖരിക്കുമ്പോൾ കാട്ടാനയുടെ ആക്രമണത്തിൽ മരണപ്പെട്ട കൊക്കാത്തോട് നെല്ലിക്കാപ്പാറ വടക്കേ ചരുവിൽ ഷാജി (49)യുടെ മൃതദേഹം കണ്ടെത്തി നാട്ടിലെത്തിച്ചു. വടശേരിക്കര റേഞ്ചിന്റെ പരിധിയിൽ ചെളിക്കലാറിന് സമീപത്തായാണ് മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച്ച വനവിഭവങ്ങൾ ശേഖരിക്കുവാൻ വനത്തിലേക്ക് പോയ നാലംഗ സംഘത്തെ കാട്ടാന ആക്രമിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് കൂടെയുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു നാട്ടിലെത്തി വിവരം അറിയിക്കുകയായിരുന്നു.
പൊലീസും വനപാലകരും ചേർന്ന് ഇന്നലെ മണിക്കൂറുകളോളം നീണ്ട ശ്രമത്തിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. തെരച്ചിലിനിടെ രണ്ട് പൊലീസ് ഉദ്യോഗസ്ഥർ കുഴഞ്ഞ് വീണു. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.