തൃശൂർ : ഇന്ന് മുതിർന്ന പൗരന്മാർക്കെതിരെയുള്ള അധിക്ഷേപ നിരോധന ദിനം. അതിക്രമങ്ങൾക്കെതിരെ ബോധവത്കരണവും നടപടികളും ഉണ്ടാകുമ്പോഴും വൃദ്ധർക്കെതിരെയുള്ള അധിക്ഷേപങ്ങളിൽ പരാതികൾ കൂടുന്നു. കൊവിഡ് കാലത്തും ലോക്ഡൗൺ കാലത്തും ജില്ലയിൽ മാത്രം കഴിഞ്ഞ വർഷം മാത്രം 250 ലേറെ പരാതികളാണുണ്ടായത്.
അതിക്രമങ്ങൾക്കെതിരെ പരാതി നൽകാൻ തൃശൂർ, ഇരിങ്ങാലക്കുട എന്നീ രണ്ട് കേന്ദ്രങ്ങളിലാണ് മെയിന്റനൻസ് ട്രൈബ്യൂണൽ പ്രവർത്തിക്കുന്നത്. മെയിന്റനൻസ് ട്രൈബ്യൂണലിന്റെ ചുമതല ആർ.ഡി.ഒമാർക്കാണ്. പരാതികളുടെ അടിസ്ഥാനത്തിൽ നിരവധി പേർക്കാണ് ഭക്ഷണം, വസ്ത്രം, പാർപ്പിടം, ജീവിത ചെലവുകൾ എന്നിവ ലഭ്യമാക്കിയിരിക്കുന്നത്. തൃശൂർ ആർ.ഡി.ഒ എൻ.കെ കൃപയുടെ നേതൃത്വത്തിൽ കഴിഞ്ഞ അഞ്ച് മാസങ്ങൾക്കുള്ളിൽ 25 പേരുടെ പരാതികളാണ് തീർപ്പാക്കിയത്.
മക്കൾ സംരക്ഷിക്കുന്നില്ല, സ്വത്തും പണവും സ്വന്തമാക്കിയ ശേഷം കൃത്യമായി സംരക്ഷിക്കുന്നില്ല തുടങ്ങിയ പരാതികളാണ് ട്രൈബ്യൂണിൽ ലഭിക്കുന്നത്. ട്രൈബ്യൂണലിന്റെ ചുതലയുള്ള ആർ.ഡി.ഒമാർ വാദം കേട്ട ശേഷമാണ് നടപടികൾ നിശ്ചയിക്കുന്നത്. ലോക്ഡൗൺ കാലമായതിനാൽ ആർ.ഡി.ഒ മുമ്പാകെ ഹാജരാകാൻ സാധിക്കാത്ത സ്ഥിതി വിശേഷം ഉള്ളതിനാൽ തദ്ദേശ സ്ഥാപനങ്ങൾ വഴിയും പൊലീസ് വഴിയും പരിഹാരത്തിന് ശ്രമിക്കുന്നുണ്ട്.
മുതിർന്ന പൗരന്മാരെയും മാതാപിതാക്കളെയും മക്കൾ സംരക്ഷിക്കുന്നില്ലായെന്ന നിരവധി പരാതികൾ തൃശൂർ മെയിന്റൻസ് ട്രിബൂണലിൽ ലഭിക്കുന്നു. ഇത്തരം കേസുകൾ ക്രമാതീതമായി പെരുകുന്ന സാഹചര്യത്തിൽ ഇവരെ സംരക്ഷിക്കുന്ന ട്രിബ്യൂണൽ നിയമങ്ങൾ, സർക്കാർ വയോജന ക്ഷേമ പ്രവർത്തനങ്ങൾ പദ്ധതികൾ പൊതു ജനങ്ങളിലേക്ക് എത്തിച്ചേരേണ്ടത്തിന്റെ പ്രാധാന്യമാണ് ഇന്ന് അന്താരാഷ്ട്ര മുതിർന്ന പൗരന്മാരോടുള്ള അതിക്രമങ്ങൾക്ക് എതിരെയുള്ള ബോധവത്കരണ ദിനം കൊണ്ടു ഉദ്ദേശിക്കുന്നത്. വയോജനങ്ങൾക്കെതിരെയുള്ള ഇത്തരം അതിക്രമങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും.
എൻ.കെ കൃപ
തൃശൂർ ആർ.ഡി.ഒ
വയോജനങ്ങൾക്കായുള്ള പ്രവർത്തനങ്ങൾ
രാമവർമ്മപുരത്ത് പുരുഷന്മാർക്കും സ്ത്രീകൾക്കും വേണ്ടി 100 പേരെ താമസിപ്പിക്കാവുന്ന വൃദ്ധസദനം പ്രവർത്തിക്കുന്നു
വയോമിത്രം : 65 വയസിന് മുകളിൽ ഉള്ള നഗരപ്രദേശത്ത് ഉള്ളവർക്ക് സൗജന്യ മൊബൈൽ ക്ലീനിക്ക്
മന്ദഹാസം : അറുപത് വയസു കഴിഞ്ഞ ബി.പി.എൽ വിഭാഗത്തിലുള്ളവർക്ക് കൃത്രിമ ദന്തനിര സൗജന്യമായി വച്ചു നൽകുന്നു
സായംപ്രഭ : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിൽ പകൽ വീടുകളിൽ കൗൺസലിംഗ്
വയോമധുരം : വയോജനങ്ങളുടെ ആരോഗ്യപരിപാലത്തിനായി അറുപത് വയസുകഴിഞ്ഞ പ്രമേഹ രോഗികൾക്ക് സൗജന്യമായി ഗ്ലൂക്കോ മീറ്റർ നൽകുന്നു
വയോ അമൃതം : സാമൂഹിക ക്ഷേമ വകുപ്പിന്റെ കീഴിലുള്ള സർക്കാർ വൃദ്ധസദനങ്ങളിൽ കഴിയുന്നവർക്ക് പ്രമേഹം, ആസ്തമ, ത്വക്ക് രോഗങ്ങൾ, ചെവി എന്നിവയെ ബാധിക്കുന്ന അസുഖങ്ങൾക്ക് ആയുർവേദ ചികിത്സ ലഭ്യമാക്കുന്നു.
സൈക്കോ സോഷ്യൽ കേയർ: വൃദ്ധസദനങ്ങളിൽ കഴിയുന്നവരുടെ മാനസിക ആരോഗ്യ സുരക്ഷ കൗൺസിംഗ്, യോഗ, മ്യൂസിക് തെറാപ്പി
പരാതിപെടാം ഈ നമ്പറുകളിൽ
മെയിന്റൻസ് ട്രൈബ്യൂണൽ
0487 2360100 തൃശൂർ
0480 2820888.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |