SignIn
Kerala Kaumudi Online
Friday, 26 April 2024 3.16 PM IST

സ്വർണവും പരിശുദ്ധിയും

gold

വാങ്ങുന്ന സ്വർണത്തിന്റെ പരിശുദ്ധി ഉറപ്പാക്കാൻ ഉപഭോക്താവിനെ സഹായിക്കുന്ന അംഗീകൃത മുദ്ര‌യാണ് ഹാൾ മാർക്കിംഗ്. ജൂൺ 15 മുതൽ കേന്ദ്ര സർക്കാർ ഇത് നിർബന്ധമാക്കി. ഇനി മുതൽ രാജ്യത്തെവിടെ നിന്നും ലഭിക്കുക ഹാൾമാർക്ക് എന്ന ഗുണമേന്മാ മുദ്ര ആലേഖനം ചെയ്ത സ്വർണമായിരിക്കും. അതേസമയം ഉപഭോക്താക്കൾക്ക് ഹാൾമാർക്കിംഗ് വ്യവസ്ഥ ബാധകമാക്കിയിട്ടില്ല. അതിനാൽ ഉപഭോക്താവ് സ്വർണാഭരണങ്ങളോ നാണയങ്ങളോ വിൽക്കുന്നതിന് ഹാൾ മാർക്കിംഗ് ആവശ്യമില്ല. ഉപഭോക്താവിന്റെ ഭാഗത്തുനിന്ന് നോക്കുമ്പോൾ വളരെ സ്വാഗതാർഹമായ നിയമമാണിത്. വൻകിട സ്വർണാഭരണ സ്ഥാപനങ്ങളും പൊതുവെ ഇതിനെ സ്വാഗതം ചെയ്യുന്നുണ്ട്. അതേസമയം ഈ രംഗത്ത് പ്രവർത്തിക്കുന്ന ഇനിയും ലൈസൻസ് എടുത്തിട്ടില്ലാത്ത ചെറുകിട ജ്യുവലറിക്കാർ ആശങ്കയിലാണ്. കേരളത്തിൽ ആകെ പന്ത്രണ്ടായിരത്തോളം ജ്യുവലറികളാണ് ഉള്ളത്. ഇതിൽ ഹാൾമാർക്കിംഗ് ലൈസൻസ് ഉള്ളവ 3700 ഓളമേ വരൂ. രാജ്യത്താകെ ലൈസൻസ് എടുത്തിട്ടുള്ളത് 34647ജ്യുവലറികളാണ്. രാജ്യത്ത് ഇനിയും ഒരുലക്ഷത്തോളം ജ്യുവലറികൾ ലൈസൻസ് എടുക്കേണ്ടതായിട്ടുണ്ട്. അതിനുള്ള സാവകാശം നൽകണമെന്ന ആവശ്യം ചെറുകിട വ്യാപാരികൾ ഉന്നയിച്ചിട്ടുണ്ട്.

ഹാൾമാർക്കിംഗും മറ്റും പുതിയ കാലത്തിനനുസരിച്ചുള്ള നിയമങ്ങളാണ്. ഇതൊക്കെ ഇനി അനുസരിച്ചേ മതിയാവൂ. അതിനാൽ ചെറുകിടക്കാരും എത്രയും വേഗം അതിനുള്ള നടപടികൾ എടുക്കണം. അതിനുള്ള സൗകര്യങ്ങൾ ഇല്ലെങ്കിൽ താത്‌കാലികമായ സാവകാശം സർക്കാർ അവർക്ക് നൽകേണ്ടതുമാണ്. രാജ്യത്ത് നിലവിൽ 965 ഹാൾ മാർക്കിംഗ് സെന്ററുകളാണ് ഉള്ളത്. എന്നാൽ ഹാൾ മാർക്കിംഗ് സെന്ററുകൾ ഇല്ലാത്ത സംസ്ഥാനങ്ങളുമുണ്ട്. ഗവൺമെന്റിൽ നിന്നും ലൈസൻസ് നേടി ഒരു കോടിയോളം മുടക്കിയാലേ ഹാൾമാർക്കിംഗ് സെന്ററുകൾ നടത്താനാവൂ. സ്വകാര്യ വ്യക്തികളും ഏജൻസികളുമാണ് ഇത് നടത്തുന്നത്. അത് ഇല്ലാത്ത സ്ഥലങ്ങളിൽ അനുവദിക്കാനുള്ള നടപടികൾ കേന്ദ്ര സർക്കാർ ത്വരിതപ്പെടുത്തണം.

രണ്ട് ഗ്രാമിൽ താഴെയുള്ള ആഭരണങ്ങൾക്ക് ഹാൾമാർക്കിംഗ് നിർബന്ധമാക്കിയിട്ടില്ല. 2000 മുതൽ ഹാൾ മാർക്കിംഗ് രാജ്യത്ത് നിലവിലുണ്ടെങ്കിലും ഇപ്പോഴാണ് നിർബന്ധമാക്കിയിരിക്കുന്നത്.

പുതിയ കാലത്തെ ഈ മാറ്റങ്ങളോട് ചെറുകിടക്കാർ മുഖം തിരിഞ്ഞ് നിൽക്കരുത്. ഭാവിയിൽ ഈ രംഗത്ത് പിടിച്ച് നിൽക്കാൻ ഇതൊക്കെ ആവശ്യമാണ്.

ആധാർ കാർഡ് എടുക്കാതെ ആദ്യ കാലത്ത് നടന്നവരുണ്ട്. നമുക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ പലതും അതുമായി ബന്ധിപ്പിക്കപ്പെട്ടപ്പോൾ അതെടുത്തില്ലെങ്കിൽ നഷ്ടം എടുക്കാത്തവർക്കാണെന്നു വന്നു. ഓരോ വ്യക്തിയുടെയും വ്യത്യസ്ത ബാങ്ക് അക്കൗണ്ടുകളിൽ എത്ര രൂപ വീതം നീക്കിയിരുപ്പുണ്ടെന്ന് അറിയാൻ അധികൃതർക്ക് ഇപ്പോൾ ഓരോ ബാങ്കിലും പോകേണ്ട കാര്യമില്ല. ഒറ്റ ക്ളിക്കിൽ കാര്യമറിയാം. ആധുനിക കാലത്ത് ഇതിൽ നിന്നൊന്നും ആർക്കും പിന്തിരിഞ്ഞ് നിൽക്കാനാവില്ല. അതേസമയം രാജ്യത്തെ ഒരുലക്ഷത്തോളം ചെറുകിട ജ്യുവലറി സ്ഥാപനങ്ങൾ ഒരു സുപ്രഭാതത്തിൽ നിലച്ചുപോകാനും പാടില്ല. കാരണം ആയിരക്കണക്കിന് കുടുംബങ്ങൾ അവരെ ആശ്രയിച്ച് ജീവിക്കുന്നുണ്ട്. ഒന്നിൽ നിന്ന് മറ്റൊന്നിലേക്കുള്ള മാറ്റം പരിഷ്കൃതമാണെങ്കിൽ പോലും പലർക്കും അത് ദുഷ്‌കരമായി അനുഭവപ്പെടും. അതിനാൽ ചെറുകിടക്കാരുടെയും ആവലാതികൾ കേൾക്കാനും ന്യായമായത് പരിഹരിക്കാനും കേന്ദ്ര സർക്കാർ തയാറാകണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GOLD HALLMARK
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.