ഏഷ്യൻ കപ്പ് യോഗ്യതാ മത്സരങ്ങളുടെ മൂന്നാം റൗണ്ടിലേക്ക് ഇന്ത്യ കടന്നു കൂടിയെങ്കിലും ദേശീയ പരിശീലകൻ ഇഗോർ സ്റ്റിമാച്ചിന്റെ ഇന്ത്യൻ നിരയോടൊപ്പമുള്ള ഭാവി അത്ര ശോഭനീയമല്ലെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ മേയ് 15ന് ദേശീയ പരിശീലക സ്ഥാനത്തുള്ള സ്റ്റിമാച്ചിന്റെ കാലാവധി കഴിഞ്ഞിരുന്നുവെങ്കിലും എ ഐ എഫ് എഫ് മൂന്ന് മാസത്തേക്കു കൂടി അത് നീട്ടികൊടുത്തിരുന്നു. തുടർന്നുള്ള ടീമിന്റെ പ്രകടനം വിലയിരുത്തിയശേഷം സ്റ്റിമാച്ചിന് കരാർ നീട്ടിനൽകണമോ വേണ്ടയോ എന്ന കാര്യത്തിൽ തീരുമാനം എടുക്കാം എന്ന നിലപാട് ആയിരുന്നു അന്ന് എ ഐ എഫ് എഫിന്.
എന്നാൽ ജൂണിലെ മൂന്ന് ഏഷ്യൻ കപ്പ് യോഗ്യതാ മത്സരങ്ങൾ ഒഴിവാക്കിയാൽ ഇന്ത്യൻ ഫുട്ബാൾ ടീമിന് മറ്റ് മത്സരങ്ങൾ ഒന്നും ഇല്ലാത്തതിനാൽ ഖത്തർ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ മത്സരങ്ങളിലെ പ്രകടനം അനുസരിച്ചായിരിക്കും കോച്ചിന്റെ ഭാവിയെ കുറിച്ച് എ ഐ എഫ് എഫ് തീരുമാനം എടുക്കുക എന്നത് ഏറെകുറെ വ്യക്തമാണ്. കോച്ചിന്റെയും ടീമിന്റെയും ഈ മത്സരങ്ങളിലെ പ്രകടനത്തിൽ സെലക്ഷൻ കമ്മിറ്റി അത്ര തൃപ്തരല്ല എന്നാണ് അറിയാൻ കഴിഞ്ഞത്.
ഒരു വിജയവും ഒരു തോൽവിയും ഒരു സമനിലയുമാണ് ഈ മൂന്ന് മത്സരങ്ങളിലെ ഇന്ത്യയുടെ സമ്പാദ്യം. ഏഷ്യൻ കപ്പിന്റെ അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടുവാൻ സാധിച്ചെങ്കിലും സ്റ്റിമാച്ചിന്റെ പരിശീലനത്തിൽപലർക്കും അതൃപ്തിയുണ്ടെന്ന സൂചനകൾ ഉണ്ട്.
2019 ൽ ഇന്ത്യൻ പരിശീലകന്റെ വേഷം അണിഞ്ഞിട്ടും സ്റ്റിമാച്ചിന് ഇതു വരെയായും സ്ഥിരമായ ഒരു സ്റ്റാർട്ടിംഗ് ഇലവൻ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്ന വിമർശനവും ഉയരുന്നുണ്ട്. 2019 ൽ കിംഗ്സ് കപ്പിലെ രണ്ടാമത്തെ മത്സരം മുതൽ സ്റ്റാട്ടിംഗ് ഇലവൻ നിരന്തരം മാറ്റിക്കൊണ്ടിരുന്ന സ്റ്റിമാച്ച് ഒരു മത്സരത്തിലും മുമ്പ് ഇറക്കിയ അതേ ഇലവനെ നിലനിർത്തിയിട്ടില്ല. ഈയൊരു കാരണം കൊണ്ടു തന്നെ ഇന്ത്യൻ ടീമിന് സ്റ്റിമാച്ചിന് കീഴിൽ സ്ഥിരതയാർന്ന പ്രകടനം പുറത്തെടുക്കുവാൻ സാധിച്ചിട്ടില്ലെന്നും വിമർശനം ഉണ്ട്. പരിക്കുകൾ ഇതിന് ഒരു മുഖ്യ കാരണമായിരുന്നുവെങ്കിലും അത് വെറുമൊരു ന്യായീകരണം മാത്രമായി കണക്കാക്കപ്പെടുവാൻ ആണ് സാദ്ധ്യത.
തന്റെ കരിയറിന്റെ അന്തിമഘട്ടത്തിലേക്ക് അടുക്കുന്ന സുനിൽ ഛേത്രിക്കു ഒരു പകരക്കാരനെ കണ്ടെത്താനോ സ്ഥിരതയാർന്ന ഒരു പ്രതിരോധനി രയെ വാർത്തെടുക്കാനോ ഈ രണ്ട് വർഷം കൊണ്ട് സ്റ്റിമാച്ചിനു സാധിച്ചിട്ടില്ല. സന്ദേശ് ജിങ്കാനെ മാറ്റിനിറുത്തിയാൽ ദേശീയ ടീമിന്റെ പ്രതിരോധ നിരയിൽ വിശ്വസിച്ച് എടുക്കാവുന്ന ഒരു സെന്റർ ബാക്ക് ഇന്ന് രാജ്യത്തില്ല എന്നത് ആശങ്കയുളവാക്കുന്ന കാര്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |