ചണ്ഡിഗർ: ഇന്ത്യൻ ഇതിഹാസ അത്‌ലറ്റ് മിൽഖാ സിംഗ് അന്തരിച്ചു. 91 വയസായിരുന്നു. കൊവിഡ് സംബന്ധമായ ആരോഗ്യ പ്രശ്നങ്ങൾ മൂലമാണ് വെള്ളിയാഴ്ച രാത്രി 11.30യോടെ മരണം സംഭവിച്ചത്. അദ്ദേഹത്തിന്റെ പത്നി നിർമൽ കൗർ അഞ്ച് ദിവസങ്ങൾക്ക് മുമ്പ് കൊവിഡ് രോഗം മൂലം തന്നെ മരണമടഞ്ഞിരുന്നു.
കഴിഞ്ഞ മാസമാണ് മിൽഖയ്ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. ഓക്സിജൻ നില താഴ്ന്നതിനാൽ ജൂൺ മൂന്നാം തീയതി അദ്ദേഹത്തെ ചണ്ഡിഗറിലെ പിജിഐഎംഇആർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇതിനും നാല് ദിവസം മുമ്പ് മൊഹാലിയിലെ ഒരു ആശുപത്രിയിൽ നിന്നും കുടുംബത്തിന്റെ ആവശ്യപ്രകാരം അദ്ദേഹം വീട്ടിൽ മടങ്ങിയെത്തിയിരുന്നു.
ശേഷം, മിൽഖയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഡോ. മോണാ സിംഗ്, അലീസ ഗ്രോവർ, സോണിയ സാൻവാക്ക, ജീവ് മിൽഖാ എന്നിവർ മക്കളാണ്. അറിയപ്പെടുന്ന ഗോൾഫ് പ്ലെയറാണ് ജീവ്.
400 മീറ്ററില്‍ ഏഷ്യന്‍ ഗെയിംസിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും സ്വര്‍ണം നേടിയ ഏക ഇന്ത്യന്‍ അത്‌ലറ്റാണ് മിൽഖാ. നാല് തവണ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടി. 1960ലെ റോം ഒളിംപിക്‌സില്‍ 400 മീറ്റര്‍ ഓട്ടത്തില്‍ നാലാം സ്ഥാനത്തെത്തി. വെറും 0.1 സെക്കന്‍ഡ് വ്യത്യാസത്തിലാണ് മെഡല്‍ നഷ്‌ടമായത്.1958ല്‍ രാജ്യം പദ്‌മശ്രീ നല്‍കി ആദരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |