SignIn
Kerala Kaumudi Online
Friday, 26 April 2024 1.57 PM IST

കരിയിലയില്ലാത്ത ദൈവത്തിന്റെ പൂന്തോട്ടം

mehalaya

ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമം. ഒരു കരിയിലത്തുണ്ട് പോലുമില്ലാത്ത ഗ്രാമങ്ങൾ, പച്ചപ്പും പ്രകൃതിഭംഗിയും നിറഞ്ഞ മനോഹരമായ കാലാവസ്ഥ. മേഘാലയയിലെ മൗലിനോംഗാ ഗ്രാമത്തിനെപ്പറ്റിയാണ് പറഞ്ഞുവന്നത്. വൃത്തിയുടെ കാര്യത്തിൽ മാത്രമല്ല, പ്രകൃതിയോടിണങ്ങിയ ജീവിതശൈലി കൊണ്ടും ഇവിടുത്തുകാർ മുന്നിലാണ്. മേഘാലയയിലെ ഈസ്റ്റ് ഖാസി ജില്ലയിലാണ് പ്രകൃതി മനോഹരമായ ഈ ഗ്രാമം. 'ദൈവത്തിന്റെ സ്വന്തം പൂന്തോട്ട'മെന്നാണ് ഈ ഗ്രാമം അറിയപ്പെടുന്നത്. മനുഷ്യരും, പ്രകൃതിയും പരസ്പരം ആശ്രയിച്ച് ജീവിക്കുന്നൊരിടമാണിത്. വൃത്തിയുടെ കാര്യത്തിൽ ഇവിടുത്തുകാർ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല.

ഗ്രാമത്തിലുടനീളം മാലിന്യം ശേഖരിക്കാൻ മുളയിൽ നിർമ്മിച്ച ചവറ്റു കുട്ടകൾ കാണാം. വീടിനൊപ്പം തെരുവോരങ്ങൾ വൃത്തിയാക്കാനും ഇവിടുത്തെ സ്ത്രീകൾ സമയം കണ്ടെത്തും. തിങ്ങി നിറഞ്ഞ മരങ്ങളിൽ നിന്ന് പൊഴിഞ്ഞു വീഴുന്ന ഒരു കരിയില പോലും വഴിയോരങ്ങളിൽ ചിതറി കിടക്കാറില്ല. തെരുവോരങ്ങളിലെ മരങ്ങൾ സംരക്ഷിക്കാനും ഇവിടെ ജീവനക്കാരെ നിയമിച്ചിട്ടുണ്ട്. ഇവിടെ പ്ലാസ്റ്റിക് ബാഗുകളും, പുകവലിയും പണ്ടേ പടിക്കുപുറത്താണ്. ഗ്രാമത്തിലെ നിയമങ്ങൾ തെറ്റിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുന്നതിനാൽ ഓരോ ഗ്രാമവാസികളും വീടും നാടും ശുചിയായി സൂക്ഷിക്കാൻ എല്ലായ്പ്പോഴും ശ്രദ്ധിക്കാറുണ്ട്. നിയമം തെറ്റിക്കുന്നവർക്കെതിരെ കനത്ത പിഴ ചുമത്തും.

എൺപതോളം കുടുംബങ്ങൾ മാത്രം താമസിക്കുന്ന ഈ ഗ്രാമത്തിൽ ഇടുങ്ങിയ കല്ല് പാകിയ പാതകളാണ് കൂടുതലും. മഴവെള്ളം ശേഖരിക്കുന്നതിനായി മിക്ക വീടുകൾക്ക് മുന്നിലും കല്ലിൽ നിർമ്മിച്ച വലിയപരന്ന പത്രങ്ങൾ വച്ചിട്ടുണ്ട്. മുളയും തടിയും കൊണ്ടാണ് ഇവിടത്തെ വീടുകൾ നിർമ്മിച്ചിരിക്കുന്നത്. വീടുകൾക്ക് ഇരുവശത്തും നിറയെ മരങ്ങളും, ചെടികളും കാണാം. ഈ നാടിന്റെ സംസ്‌കാരത്തിന്റെ ഭാഗമായാണ് ഇവിടുത്തുകാർ മരങ്ങൾ നട്ട് പിടിപ്പിക്കുന്നത്. ഓരോ വീട്ടുകാരും വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം എന്നത് ഇവിടുത്തെ അലിഖിത നിയമമാണ്. നൂറുശതമാനം സാക്ഷരത കൈവരിച്ചവരാണ് മൗലിനോംഗാക്കാർ. ഇവിടെ സ്‌കൂളിന് മുന്നിലുള്ള തെരുവുകൾ വൃത്തിയാക്കുന്നത് കുട്ടികളാണ്. സ്ത്രീശാക്തീകരണത്തിന് പ്രാധാന്യം നൽകുന്ന ഗ്രാമത്തിൽ ജനിക്കുന്ന കുഞ്ഞുങ്ങളുടെ പേരുകൾക്കൊപ്പം അമ്മമാരുടെ പേരുകളാണ് ചേർക്കുന്നത്.

പൂർണ്ണമായും ഇക്കോ-ഫ്രണ്ട്ലി ഉൽപ്പന്നങ്ങൾ മാത്രമെ ഇവിടത്തുകാർ ഉപയോഗിക്കാറുള്ളു. പ്രകൃതിയെ ദൈവമായി കണ്ട് ആരാധിക്കുന്നവരാണ് നാട്ടുകർ. നൂറ്റാണ്ടുകളായി മേഘാലയയിലെ കി ലോ അഡോംഗ് കാടുകളിൽ ജനങ്ങൾക്ക് ഇലകൾ പറിക്കാനോ, ശാഖകൾ മുറിക്കാനോ അനുവാദമില്ല. മറിച്ച് സംഭവിച്ചാൽ കുറ്റക്കാരൻ പ്രായശ്ചിത്തമായി ആ ഗ്രാമം മുഴുവൻ വൃത്തിയാക്കണം. ബേ ഇലകൾ, കുരുമുളക്, തേൻ, ബീറ്റ്റൂട്ട്, ഓറഞ്ച്, പൈനാപ്പിൾ എന്നിവയാണ് ഇവരുടെ പ്രധാന വരുമാന മാർഗം.

ലിവിംഗ് റൂട്ട് ബ്രിഡ്ജുകൾ

ഈ ഗ്രാമത്തിന്റെ മറ്റൊരു സവിശേഷതയാണ് ലിവിംഗ് റൂട്ട് ബ്രിഡ്ജുകളും. മരത്തിന്റെ വേരു കൊണ്ട് നിർമ്മിച്ച സ്വാഭാവിക പാലങ്ങളാണിത്. ഖാസി, ജയന്തിയ ഗോത്രങ്ങളാണ് ഈ പാലങ്ങൾ നിർമ്മിക്കുന്നത്. റബ്ബർ മരങ്ങളുടെ വേരുകളിൽ നിന്നാണ് ലിവിംഗ് റൂട്ട് ബ്രിഡ്ജുകൾ നിർമ്മിക്കുന്നത്. ഇത് ഫിക്കസ് ഇലാസ്റ്റിക് ട്രീ എന്നും അറിയപ്പെടുന്നു. ഇങ്ങനെ 100അടിയിലധികം നീളമുള്ള പാലങ്ങൾ വരെ ഇവിടെ കാണാൻ കഴിയും. വർഷങ്ങളെടുത്ത് നിർമ്മിതമായ ഈ പാലത്തിൽ ഒരേസമയം 70 പേർക്ക് വരെ നിൽക്കാൻ സാധിക്കും. പൂർണ്ണമായും മുളകൊണ്ട് നിർമ്മിച്ച 85 അടി ഉയരത്തിലുള്ള ഒരു സ്കൈ വ്യൂ ടവറും മൗലിനോംഗിലുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MEHALAYA
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.