SignIn
Kerala Kaumudi Online
Friday, 26 April 2024 2.18 PM IST

ചിറകറ്റുവീണ കോമറോവ്

vladimir-komarov

' ബഹിരാകാശത്ത് നിന്ന് വീണ മനുഷ്യൻ " ... സോവിയറ്റ് ബഹിരാകാശ സഞ്ചാരിയായിരുന്ന വ്ലാഡിമിർ കോമറോവ് എന്നും ഓർമ്മിക്കപ്പെടുന്നത് ഇങ്ങനെയാണ്. 1967ൽ റഷ്യൻ വിപ്ലവത്തിന്റെ അമ്പതാം വാർഷികത്തിൽ റഷ്യൻ ജനത മുഴുകിയിരിക്കെ ചരിത്രപരമായ ഒരു ദൗത്യത്തിന്റെ ഭാഗമാകാനുള്ള തയ്യാറെടുപ്പിലായിരുന്നു കോമറോവ്. എന്നാൽ, ആ ദൗത്യം കലാശിച്ചത് ഒരു ദുരന്തത്തിലാണ്. ബഹിരാകാശ യാത്രയ്ക്കിടെ കൊല്ലപ്പെടുന്ന ആദ്യ മനുഷ്യനായി 40കാരനായ കോമറോവ് മാറി.

 വ്ലാഡിമിർ കോമറോവ്

1942ൽ വെറും 15 വയസുള്ളപ്പോഴാണ് കോമറോവ് സോവിയറ്റ് എയർഫോഴ്സിൽ അംഗമാകുന്നത്. 1949ൽ എയർ ഫോഴ്സ് പൈലറ്റായി മാറി. ' ഒരിക്കലെങ്കിലും പറന്നുയർന്നവർ, അല്ലെങ്കിൽ ഒരിക്കലെങ്കിലും വിമാനം പറത്തിയിട്ടുള്ളവർ ഒരിക്കലും വിമാനത്തോടോ ആകാശത്തോടെ വിടപറയാൻ ആഗ്രഹിക്കില്ല ".... ആകാശവും വിമാനവും ആവേശമായി കൊണ്ടുനടന്ന കോമറോവിന്റെ വാക്കുകളാണിത്. ഉയരങ്ങളിലേക്ക് കുതിക്കാൻ ആഗ്രഹിച്ച കോമറോവ് 1959ൽ സുകോവ്‌സ്‌കി എയർ ഫോഴ്സ് എൻജിനിയറിംഗ് അക്കാഡമിയിൽ നിന്ന് ബിരുദം പൂർത്തിയാക്കി. രണ്ടാം ലോകമഹായുദ്ധത്തിന്റെ നിഴലുകൾ അകന്ന് മറ്റൊരു പോരാട്ടം തുടങ്ങിയ കാലഘട്ടമായിരുന്നു അത്. അമേരിക്കയും സോവിയറ്റ് യൂണിയനും തമ്മിൽ നടത്തിയ ശീതയുദ്ധവും ബഹിരാകാശ രംഗത്തെ കടുത്ത മത്സരവുമായിരുന്നു അത്.

1961ൽ യൂറി ഗഗാറിനെ ബഹിരാകാശത്തെത്തുന്ന ആദ്യ മനുഷ്യൻ എന്ന നേട്ടത്തിലെത്തിച്ച സോവിയറ്റ് 1964ൽ വോസ്ഖോഡ് 1 പേടകത്തിൽ കോമറോവിനെയും ഭൂമിയ്ക്ക് പുറത്തെത്തിച്ചു. ഒന്നിൽ കൂടുതൽ പേർ ഭാഗമായ ആദ്യത്തെ ബഹിരാകാശ ദൗത്യമായിരുന്നു അത്. കോമറോവിനൊപ്പം മറ്റ് രണ്ട് പേരും ഉണ്ടായിരുന്നു.

അങ്ങനെയിരിക്കെയാണ് 1967ൽ റഷ്യൻ വിപ്ലവത്തിന്റെ 50ാം വാർഷികം സംജാതമാകുന്നത്. ഇതിന്റെ ഭാഗമായി ഏറെ പ്രത്യേകതകളുള്ള ഒരു നേട്ടം കൈവരിക്കണമെന്ന് സോവിയറ്റ് യൂണിയൻ തീരുമാനിച്ചു. പ്രഗത്ഭനും പരിചയ സമ്പന്നനുമായ കോമറോവിനെയാണ് ആ ദൗത്യത്തിനായി അധികൃതർ തിരഞ്ഞെടുത്തത്.

 ചരിത്ര ദൗത്യം

രണ്ട് സ്പേസ് ക്യാ‌പ്‌സ്യൂളുകൾ. ഇതിൽ ആദ്യം വിക്ഷേപിക്കുന്നതാണ് സോയൂസ് 1. ഇതിലെ യാത്രികനായ കോമറോവ് ബഹിരാകാശത്തെത്തിയ ശേഷം രണ്ടാമത്തേതായ സോയൂസ് 2 വിക്ഷേപിക്കും. ബഹിരാകാശത്ത് വച്ച് ഈ രണ്ട് പേടകങ്ങളിലെയും യാത്രക്കാർ പരസ്പരം പേടകങ്ങൾ മാറി ഭൂമിയിലേക്ക് തിരിച്ചു വരണം. ഇതുവരെ അമേരിക്ക പോലും പരീക്ഷിക്കാത്ത ഈ ദൗത്യം വിജയകരമായാൽ തങ്ങൾ സ്വന്തമാക്കാൻ പോകുന്ന ചരിത്രനേട്ടം വളരെ വലുതായിരിക്കുമെന്ന് സോവിയറ്റ് യൂണിയന് അറിയാമായിരുന്നു. സോയൂസ് 1ലെ യാത്രികനായ കോമറോവിന് അവസാന നിമിഷം യാത്ര ചെയ്യാൻ എന്തെങ്കിലും തരത്തിലെ ബുദ്ധിമുട്ടുണ്ടായാൽ ആ സ്ഥാനത്തേക്ക് പകരക്കാരനായി ( Backup cosmonaut ) നിയോഗിക്കാൻ തയ്യാറാക്കി നിറുത്തിയിരുന്നത് യൂറി ഗഗാറിനെയായിരുന്നു. കോമറോവിന്റെ ഉറ്റ സുഹൃത്ത് കൂടിയായിരുന്നു ഗഗാറിൻ.

 ഒടുവിൽ...

1967 ഏപ്രിൽ 23ന് ഇന്നത്തെ കസഖിസ്ഥാനിൽ സ്ഥിതി ചെയ്യുന്ന റഷ്യയുടെ ബയ്ക്കനൂർ കോസ്മോ‌ഡ്രോമിൽ നിന്ന് സോയൂസ് 1ൽ കോമറോവ് ബഹിരാകാശത്തേക്ക് യാത്ര തിരിച്ചു. ബഹിരാകാശത്തേക്ക് രണ്ട് തവണ യാത്ര നടത്തുന്ന ആദ്യ വ്യക്തിയെന്ന നേട്ടവുമായിട്ടായിരുന്നു കോമറോവിന്റെ യാത്ര. 24 മണിക്കൂറിനിടെ 16 തവണ കോമറോവ് പേടകത്തിൽ ഭൂമിയെ ഭ്രമണം ചെയ്തു. എന്നാൽ, മിഷന്റെ ലക്ഷ്യം പൂർത്തീകരിക്കാൻ കോമറോവിന് കഴിഞ്ഞില്ല. കാരണം, ഭ്രമണം ചെയ്യുന്നതിനുള്ള ഊർജം നൽകുന്ന രണ്ട് സോളാർ പാനലുകളിലൊന്ന് തുറന്നിരുന്നില്ല. ഇത് പേടകത്തെ പ്രതികൂലമായി ബാധിച്ചു.

പിന്നാലെ ബയ്ക്കനൂരിൽ ശക്തമായ മഴയും കാറ്റുമുണ്ടായതോട് കൂടി രണ്ടാമത്തെ മോഡ്യൂളിന്റെ വിക്ഷേപണം ഉപേക്ഷിച്ച അധികൃതർ കോമറോവിനോട് ഭൂമിയിലേക്ക് മടങ്ങാൻ നിർദ്ദേശിച്ചു.

പേടകത്തിലെ പല സിസ്റ്റങ്ങളും പ്രവർത്തിക്കാതെ വന്നതോടെ അവയുടെ നിയന്ത്രണം കോമറോവിന് ഏറ്റെടുക്കേണ്ടി വന്നിരുന്നു.

റിട്രോ റോക്കറ്റുകൾ പ്രവർത്തിപ്പിച്ച് ഭൂമിയിലേക്ക് കോമറോവ് മടങ്ങാൻ തുടങ്ങി. രണ്ട് തവണ കൂടി ഭൂമിയെ വലംവച്ച ശേഷമാണ് റിട്രോ റോക്കറ്റുകൾ പ്രവർത്തിപ്പിക്കാൻ കോമറോവിന് സാധിച്ചത്. പക്ഷേ, തിരിച്ചുവരവിലും കോമറോവിന് തിരിച്ചടിയായത് സാങ്കേതിക തകരാറുകളായിരുന്നു. ഭൂമിയിൽ നിന്ന് 23,000 അടി മുകളിൽവച്ച് നിവർത്തേണ്ടിയിരുന്ന പാരഷൂട്ട് തുറക്കാനുള്ള കോമറോവിന്റെ ശ്രമം വിഫലമായി. പേടകത്തിന്റെ വേഗത നിയന്ത്രിക്കുന്നത് ഈ പാരഷൂട്ടായിരുന്നു.

ഒടുവിൽ, സകല നിയന്ത്രണങ്ങളും വിട്ട് പേടകം ഭൂമിയിലേക്ക് കൂപ്പുകുത്തി. 1967 ഏപ്രിൽ 24ന് പ്രാദേശിക സമയം 3.22ന് റഷ്യയിലെ ഓറെൻബർഗ് നഗരത്തിന് സമീപം ഒരു കൃഷിസ്ഥലത്തിൽ പേടകം തകർന്നുവീണു. തിരിച്ചറിയാനാകാത്ത വണ്ണം സോയൂസ് പേടകവും ഒപ്പം കോമറോവും കത്തിയമർന്നിരുന്നു. സോവിയറ്റ് - അമേരിക്ക ബഹിരാകാശ പോരാട്ടത്തിലെ രക്തസാക്ഷിയായി കോമറോവ് മാറി. കോമറോവിന്റെ മരണശേഷം, സോയൂസ് പേടകത്തിനുണ്ടായിരുന്ന ഗുരുതര പിഴവുകൾ സോവിയറ്റ് അധികൃതർ മനഃപൂർവം മറച്ചുവച്ചു എന്നതുൾപ്പെടെ നിരവധി ആരോപണങ്ങൾ ഉയർന്നിരുന്നു.

കോമറോവിന്റെ മരണ ശേഷവും സോവിയറ്റ് യൂണിയനും അമേരിക്കയും ബഹിരാകാശ മത്സരം തുടരുകയും നിരവധി നേട്ടങ്ങൾ തങ്ങളുടെ പേരിൽ എഴുതിച്ചേർക്കുകയും ചെയ്തു. വ്ലാഡിമിർ കോമറോവ് എന്ന അവിസ്മരണീയനായ സഞ്ചാരി എന്നും ബഹിരാകാശ ചരിത്രത്തിൽ നാഴികകല്ലായ സംഭാവന നൽകിയവരുടെ കൂട്ടത്തിൽ മുൻനിരയിൽ തന്നെ നിലകൊള്ളും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VLADIMIR KOMAROV, COSMONAUT, SOYUZ 1, SOVIET UNION
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.