തിരുവനന്തപുരം: മുട്ടിൽ മരംമുറി കേസിലെ പ്രതി റോജി അഗസ്റ്റിൻ മുൻ വനം മന്ത്രി കെ രാജുവിന്‍റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയെ ഫോണിൽ വിളിച്ചതിന് സ്ഥിരീകരണം. റോജി അഗസ്റ്റിൻ വിളിച്ചിരുന്നു എന്ന് മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ശ്രീകുമാര്‍ സമ്മതിച്ചു. മിസ്‌ഡ് കോൾ കണ്ട് തിരിച്ച് വിളിക്കുകയായിരുന്നു എന്നാണ് ശ്രീകുമാറിന്‍റെ വിശദീകരണം.
ഡി എഫ് ഒയെ മാറ്റണമെന്ന ആവശ്യമാണ് റോജി അഗസ്റ്റിൻ മുൻ വനം മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയോട് ആവശ്യപ്പെട്ടത്. എന്നാൽ പ്രതിക്ക് ഒരു സഹായവും ചെയ്‌തിട്ടില്ലെന്നാണ് ശ്രീകുമാർ പറയുന്നത്. ഓഫീസ് നമ്പറിലാണ് വിളിച്ചത്. അതുകൊണ്ട് വിളിച്ചതിന്‍റെ രേഖകളോ തെളിവുകളോ ഒന്നും ഇപ്പോൾ എടുക്കാനാകില്ലെന്നും ശ്രീകുമാർ പറഞ്ഞു.
മിസ്‌ഡ് കോൾ കണ്ടാൽ തിരിച്ച് വിളിക്കാറുണ്ട്. അങ്ങനെയാണ് റോജിയേയും വിളിച്ചത്. ഒരാൾ പ്രതിയായേക്കും എന്ന് കരുതി വിളിക്കാതിരിക്കില്ലല്ലോ എന്നും ശ്രീകുമാര്‍ ചോദിക്കുന്നു. റോജി നിരവധിതവണ വിളിച്ചിട്ടുണ്ട്. റോജി ആവശ്യപ്പെട്ട ഒരു സഹായവും ചെയ്‌തു കൊടുത്തിട്ടില്ല. മന്ത്രിയുടെ ഓഫീസിൽ റോജി ഒരുതവണ വന്നിരുന്നു. മന്ത്രിയെ അദ്ദേഹം നേരിട്ട് കണ്ടിട്ടുണ്ടോയെന്ന് അറിയില്ല. താൻ ഉപയോഗിച്ചിരുന്നത് സർക്കാർ സിം ആയിരുന്നുവെന്നും അത് തിരിച്ച് നൽകിയെന്നും ശ്രീകുമാർ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |